Connect with us

Ongoing News

നിര്‍ണായക മത്സരത്തില്‍ തകര്‍പ്പന്‍ ജയം; റയല്‍ ലാലിഗ കിരീടത്തിനരികെ

Published

|

Last Updated

മാഡ്രിഡ്: ബാഴ്‌സലോണയെ പിന്നിലാക്കി റയല്‍ മാഡ്രിഡ് സ്പാനിഷ് ലാലിഗ കിരീടത്തിനരികെ. നിര്‍ണായക മത്സരത്തില്‍ സെല്‍റ്റ വിഗോയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് കീഴടക്കിയാണ് റയലിന്റെ കുതിപ്പ്.

ഇതോടെ 37 മത്സരങ്ങള്‍ പൂര്‍ത്തിയായ ലീഗില്‍ ബാഴ്‌സയെ മറികടന്ന് റയല്‍ 90 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സക്ക് 87 പോയിന്റാണുള്ളത്. 75 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്താണ്. ഞായറാഴ്ച നടക്കുന്ന ലീഗിലെ അവസാന മത്സരത്തില്‍ റയല്‍ മാഡ്രിഡ് മലാഗയെ നേരിടും. ഈ മത്സരത്തില്‍ സമനില നേടിയാല്‍ പോലും കിരീടം സ്വന്തമാക്കാന്‍ സിദാനും സംഘത്തിനും കഴിയും. നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സ അടുത്ത മത്സരത്തില്‍ ഐബറിനെ നേരിടും.

സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ മികവിലാണ് റയല്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. 10, 48 മിനുട്ടുകളിലാണ് താരം ലക്ഷ്യം കണ്ടത്. 70ാം മിനുട്ടില്‍ ബെന്‍സിമ, 88ാം മിനുട്ടില്‍ ടോണി ക്രൂസ് എന്നിവരും റയലിനായി വലകുലുക്കി. 69ാം മിനുട്ടില്‍ ഗ്വിഡേറ്റിയാണ് സെല്‍റ്റയുടെ ആശ്വാസ ഗോള്‍ നേടിയത്. ഇരട്ട ഗോള്‍ നേട്ടത്തോടെ 368 ഗോളുമായി യൂറോപ്പിലെ അഞ്ച് പ്രമുഖ ടൂര്‍ണമെന്റുകളില്‍ ഏറ്റവും അധികം ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും റൊണാള്‍ഡോ സ്വന്തമാക്കി. ഇംഗ്ലീഷ് ഫുട്‌ബോളര്‍ ജിമ്മി ഗ്രീവ്‌സിന്റെ 50 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് റൊണാള്‍ഡോ തിരുത്തിയത്.

Latest