Connect with us

Eranakulam

സി ബി എസ് ഇ ഫലം വൈകല്‍: പ്ലസ് വണ്‍ ജൂണ്‍ അഞ്ച് വരെ അപേക്ഷിക്കാം

Published

|

Last Updated

കൊച്ചി: സി ബി എസ് ഇ വിദ്യാര്‍ഥികള്‍ക്ക് പത്താം തരം ഫലം വൈകുന്നത് മൂലം ഹയര്‍സെക്കന്‍ഡറി പ്രവേശനവുമായി ബന്ധപ്പെട്ട് ആശങ്ക നിലനില്‍ക്കവെ പ്ലസ് വണ്‍ പ്രവേശന സമയം ദീര്‍ഘിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഫലം വൈകിവരുന്ന സി ബി എസ് ഇക്കാര്‍ക്ക് കൂടി പ്ലസ്ടു പ്രവേശനത്തിന്അപേക്ഷിക്കാന്‍ ജൂണ്‍ അഞ്ച് വരെ സമയം അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്.

കോഴിക്കോട് ജില്ലയിലെ രണ്ട് സി ബി എസ് ഇ സ്‌കൂളുകളിലെ അധ്യാപക രക്ഷാകര്‍തൃ സമിതികളാണ് ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് സ്‌കൂളിലും സി ബി എസ് ഇ പത്താംക്ലാസ് വരെയേ ഉള്ളൂ. ഈ പഞ്ചായത്തില്‍ വേറെ സി ബി എസ് ഇ 11, 12 ക്ലാസുകള്‍ നിലവിലില്ല. രണ്ട് സ്‌കൂളിലുമായി അമ്പതോളം വിദ്യാര്‍ഥികള്‍ പത്താംക്ലാസ് പരീക്ഷയെഴുതിയിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. ഇവര്‍ക്ക് തുടര്‍പഠനത്തിന് അവസരം നിഷേധിക്കരുതെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന ആവശ്യം.
നിലവില്‍ സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം അവസാനിക്കുന്നത് മെയ് 22 ആണ്. എന്നാല്‍, സി ബി എസ് ഇ പത്താം ക്ലാസ് ഫലം ഇതുവരെ വരാത്ത സാഹചര്യത്തില്‍ സി ബി എസ് ഇയോട് ഉടന്‍ ഫലം പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശിക്കുകയോ അപേക്ഷാ തീയതി നീട്ടി നല്‍കുകയോ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം