മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്ക് ജി ഐ എസ് ഡാറ്റാബേസ് വിദ്യ

Posted on: May 18, 2017 12:45 am | Last updated: May 17, 2017 at 11:16 pm

ചാവക്കാട്: മീന്‍ പിടിക്കാന്‍ കടലില്‍ ഇറങ്ങുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ വഴിത്തിരിവായേക്കാവുന്ന വിദ്യ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി എം എഫ് ആര്‍ ഐ) വികസിപ്പിച്ചു. ഇന്ത്യയിലെ എല്ലാ തീരദേശ സംസ്ഥാനങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന മീന്‍പിടിത്ത കേന്ദ്രങ്ങളുടെയും മീന്‍ പിടിക്കാന്‍ അനുവദിക്കപ്പെട്ട ദൂരപരിധികളുടെയും ഭൂമിശാസ്ത്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഭൂവിവരവിനിമയ സാങ്കേതികവിദ്യ (ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ജി ഐ എസ്) ഉപയോഗിച്ചുള്ള ഡാറ്റാബേസാണ് സി എം എഫ് ആര്‍ ഐ വികസിപ്പിച്ചത്.

കടലില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് ഈ വിവരസമാഹാരം സി എം എഫ് ആര്‍ ഐ നാവികസേനക്ക് കൈമാറിയിട്ടുണ്ട്. ഇന്ത്യയിലെ 1278 മീന്‍പിടിത്ത കേന്ദ്രങ്ങളും അവയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന സമുദ്രപരിധിയുടെ വിവരങ്ങളും മത്സ്യബന്ധന യാനങ്ങള്‍ സഞ്ചരിക്കുന്ന പാതകളും സി എം എഫ് ആര്‍ ഐ തയ്യാറാക്കിയ ജി ഐ എസ് ഡാറ്റാബേസില്‍ ലഭ്യമാണ്. ഏതൊക്കെ സമയങ്ങളില്‍ രാജ്യത്തിന്റെ ഏതൊക്കെ കടല്‍തീരങ്ങളില്‍ മത്സ്യബന്ധനം നടക്കുന്നുണ്ടെന്നും വിവിധ തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ എത്ര ദൂരം കടലില്‍ മുന്നോട്ടുപോകുന്നുണ്ടെന്നും ഇതിലൂടെ മനസ്സിലാക്കാം. ഇത് ഉപയോഗിച്ച് ഇന്ത്യന്‍ തീരങ്ങളില്‍ ഏതൊക്കെ കടല്‍പ്രദേശങ്ങളിലാണ് മീന്‍പിടിത്തം നടക്കുന്നതെന്നു നിരീക്ഷിക്കാനും മത്സ്യത്തൊഴിലാളികളുടെ സഞ്ചാരപഥങ്ങള്‍ മറ്റു കപ്പലുകള്‍ക്കും നാവികര്‍ക്കും കൈമാറാനും സാധിക്കും. മീന്‍ പിടിക്കാന്‍ ബോട്ടുകള്‍ പോകുന്ന മേഖലകള്‍, മീന്‍പിടിത്തം കഴിഞ്ഞെത്തുന്ന ലാന്‍ഡിംഗ് സെന്ററുകള്‍ എന്നിവ കൃത്യമായി ഡാറ്റാബേസിലുണ്ട്. ഇതനുസരിച്ച് കടലില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനും മത്സ്യത്തൊഴിലാളികളുടെ ജീവന് കാവലേര്‍പ്പെടുത്താനും നാവികസേന, തീരദേശ സംരക്ഷണസേന തുടങ്ങിയവര്‍ക്ക് സാധിക്കും. തീരദേശങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗത്തിനു തടസ്സമില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മേഖലകള്‍ തിരഞ്ഞെടുക്കുന്നതിനും സി എം എഫ് ആര്‍ ഐ തയ്യാറാക്കിയ ജി ഐ എസ് ഡാറ്റാബേസ് പ്രയോജനകരമാവും. സി എം എഫ് ആര്‍ ഐയിലെ 22 ശാസ്ത്രജ്ഞരും 85 മറ്റ് ജീവനക്കാരും ഉള്‍പ്പെടുന്ന ഗവേഷക സംഘമാണ് ഈ ഡാറ്റാബേസ് തയ്യാറാക്കിയത്. സി എം എഫ് ആര്‍ ഐയുടെ മംഗലാപുരം ഗവേഷണകേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എ പി ദിനേശ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു വിവരസമാഹരണം നടത്തിയത്. കടല്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതോടൊപ്പം സമുദ്രമത്‌സ്യ സമ്പത്ത് അടയാളപ്പെടുത്തുന്നതിനുള്ള സഹായിയായും ജി ഐ എസ് വിവരസമാഹാരം ഉപയോഗിക്കാനാവും.