മുന്‍ഗണന വിദ്യാര്‍ഥി താത്പര്യങ്ങള്‍ക്ക്; കുപ്രചാരണങ്ങളെ ഭയപ്പെടുന്നില്ല- മര്‍കസ് മാനേജ്‌മെന്റ്‌

Posted on: May 17, 2017 10:55 pm | Last updated: May 17, 2017 at 10:55 pm

കാരന്തൂര്‍: വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ക്ക് തന്നെയാണ് മര്‍കസിന്റെ എക്കാലത്തെയും മുന്‍ഗണന എന്ന് മര്‍കസ് മാനേജ്‌മെന്റ്. എന്നാല്‍ എം ഐ ഇ ടി എന്ന സ്ഥാപനത്തില്‍ അംഗീകാരമില്ലാത്ത ഡിപ്ലോമ കോഴ്‌സുകള്‍ നടത്തിയെന്നാരോപിച്ച് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ മര്‍കസ് ഭാരവാഹികളില്‍ ചിലര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത നടപടിയെ നിയമപരമായി നേരിടുമെന്നും മര്‍കസ് മാനേജ്‌മെന്റ് അറിയിച്ചു. സമരം സംബന്ധിച്ച് നിലപാട് മര്‍കസ് നേരത്തെ വ്യക്തമാക്കിയതാണ്. പോളിടെക്‌നിക്കിലോ, എന്‍ജിനീയറിംഗ് കോളജിലോ ഔപചാരിക വിദ്യാഭ്യാസം നേടാന്‍ കഴിയാത്തവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിന് വേണ്ടി അക്കാദമി ഓഫ് സിവില്‍ എന്‍ജിനീയേഴ്‌സിന്റെ ഒരു ഫ്രാഞ്ചൈസി 2012ല്‍ മര്‍കസില്‍ ആരംഭിച്ചതായിരുന്നു എം ഐ ഇ ടി. ഇവിടെ നടത്തിയ സിവില്‍ എന്‍ജിനീയറിംഗ്, ആര്‍കിടെക്ചര്‍, ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ് കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ടെക്‌നിക്കല്‍ മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും പ്രോസ്‌പെക്ടസില്‍ വിശദമായി പരാമര്‍ശിച്ചിരുന്നു.

കൂടാതെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം സിവില്‍ സൊസൈറ്റി നടത്തുന്ന ഇത്തരം കോഴ്‌സുകള്‍ ഗവണ്‍മെന്റ് ഡിപ്ലോമക്ക് തുല്യമാണെന്ന് അറിയിച്ചിട്ടുണ്ട്. കേരള ഹയര്‍ എജ്യുക്കേഷന്‍ വിഭാഗം ഈ കോഴ്‌സുകള്‍ പി എസ് സിയുടെ വിവിധ തസ്തികകളിലേക്ക് പരിഗണിക്കാമെന്നും ഉത്തരവിറക്കിയിരുന്നു. ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ് കോഴ്‌സ് പാസായവരെ ജോലിക്ക് പരിഗണിക്കാന്‍ തൊഴിലുടമക്കും ഉപരിപഠനത്തിന് പരിഗണിക്കാന്‍ അതത് സ്ഥാപനങ്ങള്‍ക്കും എ ഐ സി ടി ഇ അംഗീകാരം നല്‍കിയിരുന്നു. അതേ കാലയളവില്‍ സംസ്ഥാനത്തെ മറ്റു ഏഴ് സ്ഥാപനങ്ങളില്‍ ഈ കോഴ്‌സുകള്‍ നടത്തിയിട്ടുണ്ട്. ഈ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ മര്‍കസിലെ മിക്ക വിദ്യാര്‍ഥികള്‍ക്കും യോഗ്യതയുടെ അടിസ്ഥാനത്തില്‍ തൊഴില്‍ ലഭിച്ചിട്ടുമുണ്ട്. മേല്‍ സര്‍ട്ടിഫിക്കറ്റുകളുപയോഗിച്ച് വിവിധ സ്ഥാപനങ്ങളില്‍ ഉപരിപഠനം നടത്തുന്നവരും ഈ വിദ്യാര്‍ഥികളുടെ കൂട്ടത്തിലുണ്ട്.
കോഴിക്കോട് ജില്ലാ കലക്ടര്‍ യു വി ജോസ് കഴിഞ്ഞ പന്ത്രണ്ടിന് വിദ്യാര്‍ഥികളെയും മര്‍കസ് പ്രതിനിധികളെയും വിളിച്ചുചേര്‍ത്ത് നടത്തിയ ചര്‍ച്ചയില്‍ കോഴ്‌സ് സംബന്ധമായി വിശദപഠനം നടത്താന്‍ പ്രത്യേക വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. വിദഗ്ധ സമിതിയെ ചുമലതപ്പെടുത്തിയ നടപടി ഇരുവിഭാഗവും സ്വാഗതം ചെയ്യുകയും ഈ സമിതിയുടെ ശിപാര്‍ശകള്‍ക്കനുസൃതമായി തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന്് കലക്ടര്‍ അറിയിക്കുകയും ചെയ്തിരുന്നു.
കോഴ്‌സ് നടത്തിയതിലൂടെ മര്‍കസ് സാമ്പത്തിക നേട്ടമാണ് ലക്ഷ്യമാക്കിയതെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. വിദ്യാര്‍ഥികളില്‍ നിന്ന് സ്വീകരിച്ച ഫീസിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് കോഴ്‌സ് നടത്താനാവശ്യമായ പാശ്ചാത്തല സൗകര്യമൊരുക്കാനും ജീവനക്കാരുടെ വേതനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കുമാണ്്. നാല്‍പ്പത് വര്‍ഷത്തെ വൈജ്ഞാനിക പാരമ്പര്യമുള്ള മര്‍കസിന്റെ മിക്ക വിദ്യാഭ്യാസ സംരംഭങ്ങളും ഗുണമേന്മയുള്ള വിദ്യാഭ്യാസം സൗജന്യമായി നല്‍കുകയെന്ന താത്പര്യത്തിലുള്ളവയാണ്. ഇവ ജാതി, മതഭേദമന്യേ കേരളീയ സമൂഹത്തിന് ബോധ്യപ്പെട്ടതുമാണ്.

വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ക്ക് തന്നെയാണ് മര്‍കസിന്റെ എക്കാലത്തെയും മുന്‍ഗണന. എന്നാല്‍ രാഷ്ട്രീയപരവും വിദ്വേഷപരവുമായ ലക്ഷ്യങ്ങള്‍ ഒളിച്ചുകടത്താനുള്ള ചിലരുടെ ശ്രമം വിലപ്പോവില്ല. പതിറ്റാണ്ടുകള്‍ പാരമ്പര്യമുള്ള സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും സാമൂഹിക പുരോഗതി ലക്ഷ്യം വച്ചുള്ളതുമാണ്. അതിനാല്‍ ഏതെങ്കിലും തരത്തിലുള്ള കുപ്രചാരണങ്ങളെ മര്‍കസ് ഭയക്കുന്നില്ലെന്നും പത്രക്കുറിപ്പില്‍ മര്‍കസ് മാനേജ്‌മെന്റ് അറിയിച്ചു.