കുല്‍ഭൂഷന്‍ ജാദവ് കേസ്: രാജ്യാന്തര കോടതിയുടെ വിധി വ്യാഴാഴ്ച

Posted on: May 17, 2017 10:30 pm | Last updated: May 17, 2017 at 10:22 pm

ഹേഗ്: ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചു പാക്കിസ്ഥാന്‍ തടവിലാക്കിയ ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷയ്‌ക്കെതിരെയുള്ള ഹര്‍ജിയില്‍ രാജ്യാന്തര കോടതി വ്യാഴാഴ്ച വിധി പറയും.

ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നാകും വിധി പ്രസ്താവം ഉണ്ടാകുക. ഇന്ത്യ നല്‍കിയ ഹര്‍ജിയിന്മേല്‍ ഇരുരാജ്യങ്ങളുടെയും വാദം പൂര്‍ത്തിയായിരുന്നു. ജാദവിന്റേതെന്നു പറയപ്പെടുന്ന കുറ്റസമ്മത മൊഴിയുടെ വിഡിയോ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം കോടതി തടഞ്ഞതു പാക്കിസ്ഥാനു തിരിച്ചടിയായിരുന്നു. ഈ മാസം എട്ടിന് ഇന്ത്യ നല്‍കിയ അപ്പീല്‍ പരിഗണിച്ചു വധശിക്ഷ നടപ്പാക്കുന്നതു താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ പാക്കിസ്ഥാനോടു രാജ്യാന്തര കോടതി ആവശ്യപ്പെട്ടിരുന്നു.