വോള്‍ട്ടി സേവനവുമായി ഐഡിയ സെല്ലുലാര്‍ എത്തുന്നു

Posted on: May 17, 2017 6:27 pm | Last updated: May 17, 2017 at 6:27 pm

ന്യൂഡല്‍ഹി: രാജ്യത്തെ ടെലികോം കമ്പനിയായ ഐഡിയ സെല്ലുലാര്‍ തങ്ങളുടെ വോള്‍ട്ടി (വോയ്‌സ്ഓവര്‍ ലോങ് ടേം എവലൂഷന്‍) സേവനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ അവതരിപ്പിച്ചേക്കും. ഏകദേശം 20 മുതല്‍ 25 മില്ല്യണ്‍ ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാകുമെന്ന് ഐഡിയ സെല്ലുലാര്‍ മാനേജിംഗ് ഡയറക്ടര്‍ ഹിമാന്‍ഷു കപാനിയ പറഞ്ഞു.

വോള്‍ട്ട് സേവനം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ടെസ്റ്റിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് കരാര്‍ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത രണ്ട് പാദങ്ങള്‍ക്കുള്ളില്‍ വോള്‍ട്ടി സേവനങ്ങള്‍ ലഭ്യമായി തുടങ്ങും. ഇന്ത്യയിലെ 4ജി പ്രതീക്ഷകള്‍ പൂര്‍ണമാക്കുന്നതിന് വോള്‍ട്ടി സേവനം പര്യാപ്തമാവുമെന്നാണ് കരുതുന്നത്, അദ്ദേഹം വ്യക്തമാക്കി.

2020തോടു കൂടി രാജ്യത്തെ ബ്രോഡ്ബാന്റ് ഉപഭോക്താക്കളുടെ എണ്ണം ഒരു ബില്ല്യണിലെത്തിയേക്കും. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താന്‍ കമ്പനി ശ്രമിക്കും, കപാനിയ കൂട്ടിച്ചേര്‍ത്തു. ബാന്റുകള്‍ മാറാതെ തന്നെ വോയിസ് കോളും ഡേറ്റയും നല്‍കുന്നതിന് ടെലികോം കമ്പനികളെ അനുവദിക്കുന്ന സംവിധാനമാണ് വോള്‍ട്ടി. സ്‌പെക്ട്രം കാര്യക്ഷമമായി ഉപയോഗിക്കുന്നതിന് ഇത് ഓപ്പറേറ്റര്‍മാര്‍ക്ക് അവസരം നല്‍കുന്നു.

ഒരു നെറ്റ്‌വര്‍ക്കില്‍ വോയിസും മറ്റൊരു നെറ്റ്‌വര്‍ക്കില്‍ ഡേറ്റയും ഉപയോഗിക്കേണ്ടതിന്റെ ആവശ്യമില്ല. മാത്രമല്ല, മികച്ച വരുമാന സാധ്യതയും മെച്ചപ്പെട്ട നിലവാരമുള്ള വോയ്‌സ്‌ഡേറ്റ സേവനങ്ങളും വോള്‍ട്ടി സംവിധാനം മുന്നോട്ടുവയ്ക്കുന്നു. ജനുവരിമാര്‍ച്ചില്‍ ഐഡിയ തങ്ങളുടെ 4ജി സേവനം എട്ട് സര്‍വീസ് ഏരിയകളില്‍ കൂടി അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഐഡിയയുടെ 4ജി ബ്രോഡ്ബാന്റ് സേവനം 19 ടെലികോം സര്‍ക്കിളുകളില്‍ ലഭ്യമാകും.

ഇത് കൂടാതെ രണ്ട് സര്‍ക്കിളുകളില്‍ കൂടി ഐഡിയ 3ജി സര്‍വീസ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതോടെ, കമ്പനിയുടെ 3ജി സേവനം 15 സര്‍ക്കിളുകളില്‍ ലഭിക്കും. റിലയന്‍സ് ജിയോ ഇന്‍ഫോകോം ഇതിനോടകം തന്നെ വോള്‍ട്ടി സേവനം നല്‍കുന്നുണ്ട്.