പ്ലസ്ടു സര്‍ട്ടിഫിക്കറ്റ് വിതരണം ജൂണ്‍ ആദ്യവാരം

Posted on: May 16, 2017 11:30 am | Last updated: May 16, 2017 at 10:56 am

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ സര്‍ട്ടിഫിക്കറ്റ് വിതരണം അടുത്ത മാസം ആദ്യവാരത്തോടെ പൂര്‍ത്തിയാകും. പ്ലസ് വണ്‍, പ്ലസ് ടു പൊതുപരീക്ഷകളുടെ സ്‌കോറുകളും നിരന്തര മൂല്യനിര്‍ണയ സ്‌കോറും പ്രായോഗിക പരീക്ഷയുടെ സ്‌കോറും സര്‍ട്ടിഫിക്കറ്റില്‍ പ്രത്യേകം രേഖപ്പെടുത്തും.
വിദ്യാര്‍ഥിക്ക് ഓരോ വിഷയത്തിന് ലഭിച്ച സ്‌കോറും ഗ്രേഡും സര്‍ട്ടിഫിക്കറ്റിലുണ്ടാകും.

സ്‌കൂള്‍ സീലും പ്രിന്‍സിപ്പലിന്റെ സീലും രേഖപ്പെടുത്തിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. സര്‍ട്ടിഫിക്കറ്റിന്റെ കൗണ്ടര്‍ ഫോയിലുകള്‍ സ്‌കൂളില്‍ സൂക്ഷിക്കും. കമ്പാര്‍ട്ടുമെന്റലായി പരീക്ഷ എഴുതി ഉന്നതപഠനത്തിന് യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് അവര്‍ മുന്‍ പരീക്ഷയില്‍ യോഗ്യത നേടിയ സ്‌കോറുകളും ഇത്തവണ നേടിയ സ്‌കോറുകളും ചേര്‍ത്തുള്ള കണ്‍സോളിഡേറ്റഡ് സര്‍ട്ടിഫിക്കറ്റുകളും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ ഒരുക്കിയിട്ടുണ്ട്. മാര്‍ച്ചിലെ പരീക്ഷയില്‍ ഉന്നതപഠനത്തിന് അര്‍ഹരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും പരീക്ഷ എഴുതിയ കേന്ദ്രങ്ങളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റിനൊപ്പം മൈഗ്രഷന്‍ സര്‍ട്ടിഫിക്കറ്റും കൈപ്പറ്റാം. ഇതിന് വേറെ ഫീസ് നല്‍കേണ്ട.