Connect with us

Editorial

നിര്‍ഭയമാര്‍

Published

|

Last Updated

നാലര വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ പെണ്‍കുട്ടി ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായതിനെ തുടര്‍ന്ന് സ്ത്രീപീഡന നിയമം സര്‍ക്കാര്‍ കൂടുതല്‍ കര്‍ക്കശമാക്കി. രാജ്യത്ത് സ്ത്രീകള്‍ ഇത്തരം ക്രൂരതകള്‍ക്കിരയാകരുതെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഇത്. നിര്‍ഭയകേസിലെ പ്രതികള്‍ക്കെല്ലാം ഡല്‍ഹി ഹൈക്കോടതി വധശിക്ഷ വിധിക്കുകയും സുപ്രീംകോടതി അത് ശരിവെക്കുകയും ചെയ്തത് കഴിഞ്ഞ വാരത്തിലാണ്. എന്നാല്‍, നിര്‍ഭയ മോഡല്‍ അതിക്രമത്തിന് അറുതിയില്ലെന്ന് മാത്രമല്ല, വര്‍ധിച്ചുവരികയാണെന്നാണ് അടുത്ത കാലത്തായി പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. നിര്‍ഭയ സംഭവത്തേക്കാള്‍ നിഷ്ഠൂരമാണ് ഹരിയാനയിലെ റോത്തക്കില്‍ മെയ് ഒമ്പതിന് നടന്ന കൂട്ടബലാത്സംഗം. ഏഴ് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ ശേഷം തലയില്‍ വാഹനം കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ജോലിക്കുപോയ പെണ്‍കുട്ടി തിരിച്ചുവരാതായപ്പോള്‍ നടത്തിയ തിരച്ചിലില്‍ ഒഴിഞ്ഞ പ്രദേശത്ത് തല ചതഞ്ഞരഞ്ഞ നിലിയില്‍ മൃതദേഹമാണ് കണ്ടെത്തിയത്.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ ശേഷം തിരിച്ചറിയാതിരിക്കാന്‍ തലയിലൂടെ വാഹനം ഓടിച്ചുകയറ്റിയെന്ന് വെളിപ്പെട്ടത്.
ജയ്പൂരില്‍ നിന്ന് ജലോനിലേക്ക് പോകാന്‍ ബസ് കാത്തുനിന്ന കര്‍ഷക ദമ്പതികളെ വാനില്‍ കയറ്റിയ എട്ടംഗ സംഘം സ്ത്രീയെ പീഡിപ്പിച്ചത് മെയ് നാലിനായിരുന്നു. ഭര്‍ത്താവിനെ കെട്ടിയിട്ട് അയാളുടെ മുമ്പിലായിരുന്നു ഈ ക്രൂരത. കാറില്‍ യാത്ര ചെയ്യുകയായിരുന്ന 26 കാരിയെ ഡല്‍ഹിയിലെ ഗുഡ്ഗാവിലെ സുഖ്‌റാവിക്ക് സമീപം കാര്‍ തടഞ്ഞുനിര്‍ത്തി വാഹനത്തില്‍ അതിക്രമിച്ചു കയറിയ മൂന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്തതും 24-കാരിയായ വിദ്യാര്‍ഥിനിയെ ദക്ഷിണ ഡല്‍ഹിയിലെ ഹാസ് ഖാസില്‍ പീഡിപ്പിച്ചതും കൊല്ലത്ത് ബാലതാരത്തെ ആറ് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതും ഈ അടുത്ത കാലത്ത് നടന്ന സംഭവങ്ങളാണ്. ഡല്‍ഹിയില്‍ മണിക്കൂറില്‍ ഒരു പീഡനം നടക്കുന്നുവെന്നാണ് പോലീസിന്റെ 2016ലെ ഔദ്യോഗിക വാര്‍ഷിക റിപ്പോര്‍ട്ടിലെ കണക്ക്. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ റജിസ്റ്റര്‍ ചെയ്ത 2,09,519 കേസുകളില്‍ 73 ശതമാനവും സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളായിരന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയമങ്ങള്‍ അടിക്കടി കര്‍ശനമാക്കിയിട്ടും സ്ത്രീകള്‍ക്ക് രാജ്യത്ത് ഒരു രക്ഷയുമില്ല. പൊതുസ്ഥലങ്ങളില്‍ പൂവാലന്മാരുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം, ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ പീഡനം, പൊതുവാഹനങ്ങളില്‍ പുരുഷ യാത്രക്കാരുടെ ലൈംഗിക വൈകൃതങ്ങള്‍, വിദ്യാലയങ്ങളില്‍ അധ്യാപകരുടെയും സഹവിദ്യാര്‍ഥികളുടെയും പീഡനം, കായികരംഗത്ത് കോച്ചുകളില്‍ നിന്ന് നേരിടുന്ന ലൈംഗിക ഭീഷണി. ലോവര്‍ പ്രൈമറി സ്‌കൂളുകളിലെ ചെറിയ കുട്ടികള്‍ പോലും പീഡനത്തിരയാകുകയാണ്. മാതാപിതാക്കള്‍ക്ക് പെണ്‍കുട്ടികളുടെ സുരക്ഷയോര്‍ത്ത് ഉറക്കമില്ല.

എന്തുകൊണ്ട് ഈ രംഗത്ത് നിയമവും നിയമപാലകരും പരാജയപ്പെടുന്നു? രാജ്യത്തെ സാമൂഹിക വ്യവസ്ഥയാണിവിടെ പ്രതിക്കൂട്ടില്‍. സ്ത്രീ ശരീരം കേവലം ചരക്കായി മാത്രം കാണുന്ന കമ്പോളവ്യവസ്ഥ നിലനില്‍ക്കുമ്പോള്‍ നിയമം ഇവിടെ നോക്കുകുത്തിയാകുകയാണ്. സിനിമകളും സീരിയലുകളും നോവലുകളും വാര്‍ത്താമാധ്യമങ്ങളും വരെ കച്ചവട മനഃസ്ഥിതിയോടെ സ്ത്രീകളുടെ സൗന്ദര്യവും നഗ്നതയും പരമാവധി ചൂഷണം ചെയ്യുന്നു. നായികമാരുടെ ഗ്ലാമര്‍ രംഗങ്ങളാണല്ലോ പല സിനിമകളുടെയും വിജയ രഹസ്യം. രണ്ട് മാസം മുമ്പ് നടന്ന ഗോവ ഫെസ്റ്റിവലില്‍, സ്ത്രീപീഡനങ്ങളുടെ പെരുപ്പത്തില്‍ സിനിമകളുടെ പങ്ക് കേന്ദ്രമന്ത്രി മേനകാ ഗാന്ധി തന്നെ ചൂണ്ടിക്കാട്ടിയതാണ്. മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും സാര്‍വത്രികത, മൊബൈല്‍ഫോണുകളുടെ ദുരുപയോഗം തുടങ്ങിയവയും ലൈംഗികാരാജകത്വത്തിന് ആക്കം കൂട്ടുന്നു. പാര്‍ലിമെന്റിലും നിയമസഭയിലുമിരുന്ന് ജനപ്രതിനിധികള്‍ അശ്ലീഷ ചിത്രങ്ങള്‍ കാണുന്ന സ്ഥിതിവിശേഷം. സാമൂഹികാന്തരീക്ഷമാണ് ഒരു വ്യക്തിയുടെ തലച്ചോറിനെ നിയന്ത്രിക്കുന്നത്. നല്ല സന്ദേശങ്ങള്‍ നല്ലത് ചെയ്യാനും മോശമായ അന്തരീക്ഷം അരുതാത്തത് ചെയ്യാനും പ്രേരിപ്പിക്കും. നിയമങ്ങള്‍ കര്‍ക്കശമാക്കുന്നതോടൊപ്പം ദുര്‍വികാരങ്ങളെ ഉണര്‍ത്തുന്ന സാഹചര്യങ്ങളെയും പരമാവധി ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. ലൈംഗികത കുത്തിനിറച്ച വിനോദങ്ങളും അത്തരം മാധ്യമ പരസ്യങ്ങളും നിരോധിക്കേണ്ടതാണ്. സ്ത്രീകളുടെ വസ്ത്രധാരണത്തിനും നടപ്പിനുമുണ്ട് വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങളില്‍ കാര്യമായ പങ്ക്. യുവാക്കളുടെ ലൈംഗിക തൃഷ്ണ ഉത്തേജിപ്പിക്കുന്ന വിധം വസ്ത്രധാരണം നടത്തുകയോ പാതിരാവില്‍ ആണ്‍സുഹൃത്തിനൊപ്പം കറങ്ങി നടക്കുകയോ ചെയ്യുന്നവര്‍ അതിക്രമത്തിനിരയാകുമ്പോള്‍ പുരുഷ മേധാവിത്വത്തെ പഴിചാരിയതു കൊണ്ടായില്ല. തങ്ങളുടെ സുരക്ഷയെക്കുറിച്ച് മറ്റാരേക്കാളും ബോധവാന്മാരാകേണ്ടത് സ്ത്രീകള്‍ തന്നെയാണ്.