Connect with us

National

റോഹ്തക് ബലാത്സംഗം: വിചാരണ അതിവേഗ കോടതിയില്‍

Published

|

Last Updated

റോഹ്തക്: റോഹ്തകില്‍ 23കാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത കൊന്ന കേസിന്റെ വിചാരണ അതിവേഗ കോടതിയില്‍ നടക്കുമെന്ന് ഹരിയാനാ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അറിയിച്ചു. ഡല്‍ഹിയിലെ നിര്‍ഭയ കേസിനെ അനുസ്മരിപ്പിക്കുന്ന ക്രൂരതയാണ് അരങ്ങേറിയത്. ഇത്തരം ഹീനമായ കുറ്റവാളികളെ ഒരിക്കലും രക്ഷപ്പെടാന്‍ അനുവദിച്ചു കൂടാ. പഴുതടച്ചുള്ള വിചാരണ നടക്കും. സാധ്യമായ ഏറ്റവും വലിയ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെയ് ഒമ്പതിനാണ് യുവതിയെ സോനിപതില്‍ നിന്ന് കാണാതായത്. മെയ് 11ന് റോഹ്തകിലെ വ്യവസായ ടൗണ്‍ഷിപ്പില്‍ നിന്ന് യുവതിയുടെ വികൃതമാക്കപ്പെട്ട മൃതദേഹം കണ്ടെത്തുകയായിരുന്നു. സംസ്ഥാനത്തെ ബി ജെ പി സര്‍ക്കാര്‍ സ്ത്രീ പീഡനങ്ങള്‍ തടയാന്‍ ഓപറേഷന്‍ ദുര്‍ഗ എന്ന പേരില്‍ പ്രത്യേക പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് രാജ്യത്തെയാകെ നടുക്കിയ സംഭവം. പ്രണയ വിവാഹത്തിന് വിസമ്മതിച്ച യുവതിയെ കാമുകനായ സുമിതും സുഹൃത്തും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നു. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സുമിതിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.