എല്ലാ ദിവസവും കേസ് പരാമര്‍ശിച്ചാല്‍ നടപടിയെടുക്കേണ്ടിവരും: കര്‍ണന്റെ അഭിഭാഷകനോട് പൊട്ടിത്തെറിച്ച് സുപ്രീം കോടതി

Posted on: May 15, 2017 10:58 am | Last updated: May 15, 2017 at 12:42 pm

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകനോട് പൊട്ടിത്തെറിച്ച് സുപ്രീം കോടതി. മാപ്പ് പറയാന്‍ തയ്യാറാണെന്ന് അഭിഭാഷകന്‍ അറിയിച്ചപ്പോഴായിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം.

എല്ലാ ദിവസവും കേസ് പരാമര്‍ശിച്ചാല്‍ നടപടിയെടുക്കേണ്ടിവരും. കോടതിയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്നും കോടതിയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും കോടതി അഭിഭാഷകനെ അറിയിച്ചു. നേരത്തെ, മാപ്പ് പറയാന്‍ തയ്യാറായ അഭിഭാഷകന്‍ പിന്നീട് മാധ്യമങ്ങളില്‍ അത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ഒമ്പതിനാണ് സുപ്രീംകോടതി ജസ്റ്റിസ് കര്‍ണന് കോടതിയലക്ഷ്യകേസില്‍ ആറ് മാസം തടവ് ശിക്ഷ വിധിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കം ഏഴ് ന്യായാധിപന്മാര്‍ക്ക് അഞ്ച് വര്‍ഷം വീതം തടവ് വിധിച്ചതടക്കമുള്ള കര്‍ണന്റെ ഉത്തരവുകളാണ് കോടതിയലക്ഷ്യ കേസിന് അധാരമായത്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും വിരമിച്ച ജഡ്ജിമാര്‍ക്കുമെതിരെ അഴിമതി ആരോപിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് കത്തയച്ചതിനാണ് കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടി തുടങ്ങിയത്.