Connect with us

Articles

ശ്രദ്ധിക്കുക, കുമ്മനം അഫ്‌സ്പക്ക് വേണ്ടി വാദിക്കുന്നുണ്ട്‌

Published

|

Last Updated

ഒരിടവേളക്ക് ശേഷം അശാന്തി പുകയുകയാണ് കണ്ണൂരില്‍. ശാശ്വത സമാധാനം അനിവാര്യമാണെന്ന തിരിച്ചറിവില്‍ രാഷ്ട്രീയ ഭരണനേതൃത്വം ഒന്നിച്ചിരുന്നെടുത്ത തീരുമാനങ്ങളും അണികളോട് നടത്തിയ ആഹ്വാനങ്ങളും കാറ്റില്‍ പറത്തിയിരിക്കുന്നു. ക്രിമിനല്‍ മനസുമായി നടക്കുന്ന ഒരു കൂട്ടമാണിതിന് പിന്നില്‍. ഒട്ടും ന്യായീകരിക്കാവുന്നതല്ല കഴിഞ്ഞ ദിവസം പയ്യന്നൂരിലുണ്ടായ ബി ജെ പി പ്രവര്‍ത്തകന്റെ കൊലപാതകം. എന്നാല്‍, എല്ലാ ജീവനും ഒരേ വിലയാണെന്നും ഇരകളെല്ലാം അനുഭവിക്കുന്ന ദുരിതം തുല്ല്യമാണെന്നും എന്തുകൊണ്ടോ മുഖ്യധാരാ ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നില്ല. ചില കൊലപാതകങ്ങള്‍ നാട്ടുകാര്‍ അറിയാതിരിക്കാന്‍ മുഖ്യധാര മാധ്യമങ്ങള്‍ കാണിക്കുന്ന അതീവ ജാഗ്രത കണ്ണൂരിലെത്തുമ്പോള്‍ എന്തുകൊണ്ട് ഉണ്ടാകുന്നില്ല. കണ്ണൂരിലെ ചെറു സംഭവങ്ങള്‍ പോലും രാജ്യത്താകെ ചര്‍ച്ചയാകുന്നതിന് പിന്നിലെ രാഷ്ട്രീയം എന്ത് കൊണ്ട് തിരിച്ചറിയുന്നില്ല? കൊല നടത്തുന്നവര്‍ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് രക്ഷപ്പെട്ടാല്‍ തന്നെയും ഇതുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതാണെന്ന ബോധം അവരും ഇനിയും മനസ്സിലാക്കിയിട്ടില്ലെന്ന് വേണം കരുതാന്‍.

വര്‍ഗീയമായ ചേരിതിരിവ് ഒഴിവാക്കാനും സംഘര്‍ഷം വ്യാപിക്കാതിരിക്കാനും പല അനിഷ്ട സംഭവങ്ങളും മൂടിവെക്കാന്‍ മുഖ്യധാര മാധ്യമങ്ങള്‍ വലിയ ശ്രദ്ധകൊടുക്കാറുണ്ട്. സമൂഹത്തിലെ നന്മ ആഗ്രഹിച്ചുള്ള നീക്കമെന്ന് ഇതിനെ വിലയിരുത്താമെങ്കിലും എന്ത് കൊണ്ട് കണ്ണൂര്‍ സംഭവങ്ങളില്‍ ഇതുണ്ടാകുന്നില്ലെന്ന പരിശോധനയില്‍ ഇക്കാര്യത്തിലെ ഇരട്ടത്താപ്പ് വ്യക്തമാകും. കണ്ണൂര്‍ സംഘര്‍ഷങ്ങള്‍ മുഴുദിന വാര്‍ത്തയും ദിവസങ്ങള്‍ നീളുന്ന ചര്‍ച്ചകളുമാണ്. ദേശീയ പ്രശ്‌നമാണ്. കേന്ദ്ര സര്‍ക്കാര്‍ ഇടപെടേണ്ട വിഷയമാണ്. തൊട്ടടുത്ത കാസര്‍കോട് രണ്ടു മാസത്തിനിടെ രണ്ട് കൊലപാതകങ്ങള്‍ നടന്നു. എന്തുകൊണ്ടോ ഇത് സംസ്ഥാന പ്രധാന്യം പോലുമില്ലാത്ത വാര്‍ത്തയായി. ഇക്കാര്യത്തിലെ ഒളി അജന്‍ഡയാണ് തുറന്ന് കാട്ടപ്പെടേണ്ടത്. കൊല നടത്തി സംഘ്പരിവാറിന് മണ്ണൊരുക്കാന്‍ അവസരം സൃഷ്ടിക്കുന്നവരും ഇക്കാര്യത്തില്‍ കൂട്ടുപ്രതികളാണ്.
പയ്യന്നൂര്‍ കൊലപാതകത്തിന് ശേഷം ബി ജെ പിയുടെ ഭാഗത്ത് നിന്നുണ്ടായ രണ്ട് ഇടപെടലുകള്‍ വളരെ ഗൗരവമായി കാണേണ്ടതുണ്ട്. സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ നിയമം കണ്ണൂരില്‍ നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചതാണ് ഇതില്‍ പ്രധാനം. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു ആഹ്ലാദ പ്രകടനത്തിന്റെ വീഡിയോ ആണ് രണ്ടാമത്തേത്. രാഷ്ട്രീയമായി ഉന്നയിക്കപ്പെടുന്ന ഒരാവശ്യവും രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടുള്ള ഒരു വീഡിയോ പോസ്റ്റിംഗും മാത്രമായി ഇതിനെ ലഘൂകരിച്ച് കാണാന്‍ കഴിയില്ല. ഈ നീക്കത്തെയാണ് കൊല നടത്തിയവരും അതിനെ പിന്തുണക്കുന്നവരും അല്ലാത്തവരുമായ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഗൗരവത്തോടെ സമീപിക്കേണ്ടത്.

എത്ര ലാഘവത്തോടെയാണ് കുമ്മനം രാജശേഖരന്‍ കണ്ണൂരില്‍ അഫ്‌സ്പ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്? അഫ്‌സ്പക്കെതിരെ തന്റെ യൗവനം മുഴുവന്‍ പോരാടി അതിന് ശേഷം ജനാധിപത്യ പോരാട്ടത്തില്‍ ദയനീയമായി പരാജയപ്പെട്ട ഉരുക്ക് വനിത ഇറോം ശര്‍മ്മിളയെ ഇരുകൈയും നീട്ടി സ്വീകരിച്ച കേരളത്തില്‍ നിന്ന് തന്നെയാണ് അഫ്‌സ്പ വേണമെന്ന ആവശ്യം ഉയരുന്നതെന്നത് ഒരു തരത്തില്‍ വിരോധാഭാസവുമാണ്. അഫ്‌സ്പാ വേണമെന്ന് ബി ജെ പി വാദിക്കുമ്പോള്‍ അതിനെതിരെ ഒരു വാക്ക് കൊണ്ടെങ്കിലും പ്രതിരോധം തീര്‍ക്കാന്‍ മനസ് കാണിക്കാത്തവര്‍ ഇതിന് പിന്നിലെ ഒളി അജന്‍ഡ തിരിച്ചറിയാതെ പോകരുത്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിഘടന പ്രവര്‍ത്തങ്ങള്‍ വ്യാപകമായ ഘട്ടത്തില്‍ ഇതിനെ തടയിടാനെന്ന പേരില്‍ അവിടെ 1958 സെപ്തംബര്‍ 11ന് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയതാണ് അഫ്‌സ്പ നിയമം. ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവര്‍ എന്ന പ്രത്യേകാധികാര നിയമം ആ നാടിനെ എവിടെയാണ് കൊണ്ടെത്തിച്ചത്? ക്രൂരമായ അധികാരപ്രയോഗത്തില്‍ നിസ്സഹായരാക്കപ്പെടുന്ന ജനതയെയാണ് അവിടങ്ങളില്‍ കാണുന്നത്. അവരില്‍ നിന്നുയര്‍ന്ന ചെറുത്ത് നില്‍പ്പായിരുന്നു ഇറോം ഷര്‍മിളയുടെ പോരാട്ടം.

കൊളോണിയല്‍ ഭരണകൂടത്തിന്റെ ശേഷിപ്പുകളില്‍ നിന്നുള്ള ഊര്‍ജം സംഭരിച്ച് രൂപപ്പെട്ട ഇത്തരം നിയമങ്ങളാണ് ഇന്ന് പലര്‍ക്കും വേദവാക്യമായി മാറുന്നത്. വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് അരങ്ങൊരുക്കാനുള്ള അവസരം കൂടിയാണ് അഫ്‌സ്പാ സൈന്യത്തിന് നല്‍കുന്നത്. മണിപ്പൂരില്‍ വ്യാജ ഏറ്റുമുട്ടലുകളില്‍ പ്രതികളായ സൈനികരെ വിചാരണ ചെയ്യാന്‍ ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവര്‍(അഫ്‌സ്പ) തടസം സൃഷ്ടിക്കുന്നുവെന്ന് സുപ്രീം കോടതിയില്‍ തന്നെ ഹരജിയെത്തിയ സാഹചര്യമുണ്ടായിട്ടുണ്ട്. സൈനികര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടാലും അവര്‍ക്കെതിരെ നിയമ നടപടിയെടുക്കുന്നതിന് അഫ്‌സ്പ നിയമ പ്രകാരം പൊലീസിന് കേന്ദ്രത്തിന്റെ അനുമതി തേടണം. സൈന്യത്തിന് പ്രത്യേക അധികാരമുള്ളതിനാല്‍ മണിപ്പൂരില്‍ നടന്ന സായുധ കലാപങ്ങളുടെയും വ്യാജഏറ്റുമുട്ടലുകളുടെയും എഫ് ഐ ആര്‍ പോലും പൊലീസിന് തയ്യാറാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇതെല്ലാം മനസ്സിലാക്കി അഫ്‌സ്പ പിന്‍വലിക്കണമെന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോക്‌സഭാംഗങ്ങള്‍ പാര്‍ലിമെന്റില്‍ തന്നെ ആവശ്യം ഉന്നയിച്ച് കൊണ്ടിരിക്കുകയാണ്. ഈ നിയമം കണ്ണൂരില്‍ വേണമെന്നാണ് ബി ജെ പിയുടെ വാദം.
പയ്യന്നൂര്‍ കൊലപാതകത്തിന് ശേഷം ആഹ്ലാദം പങ്കുവെക്കുന്നവര്‍ എന്ന അടിക്കുറിപ്പോടെ കുമ്മനം രാജശേഖരന്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ഉത്തരേന്ത്യന്‍ സംഘ്പരിവാര്‍ കേന്ദ്രങ്ങളെ ഉത്തേജിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് വീഡിയോയെന്ന് ഒറ്റനോട്ടത്തില്‍ ബോധ്യമാകും. ഇത് ബി ജെ പിയുടെ ആദ്യപരീക്ഷണമല്ല. കേരളത്തിലെ സംഘ്പരിവാര്‍ ഭരണകൂടത്താല്‍ വേട്ടയാടപ്പെടുന്നുവെന്ന പ്രചാരണം എല്‍ ഡി എഫ് അധികാരമേറ്റ നാള്‍ മുതല്‍ തുടങ്ങിയതാണ്. അത് പുതിയൊരു തലത്തിലെത്തിയിട്ടുണ്ടെന്ന് വേണം കരുതാന്‍.
കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അസ്ഥിരപ്പെടുത്തുകയെന്ന ലക്ഷ്യമാണോ ഈ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന് ന്യായമായി സംശയിക്കാവുന്നതാണ്. ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനവും അതിന്റെ തുടര്‍ച്ചയെന്നോണമുണ്ടായ സംഭവവികാസങ്ങളും. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന് നല്‍കിയ നിവേദനം നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറി. ഇതാണ് ബി ജെ പിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നുവെന്ന് കാണിച്ച് കേന്ദ്രത്തിനൊരു റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ബി ജെ പി ആഗ്രഹിച്ചിരുന്നതെന്ന് വേണം കരുതാന്‍. പോസ്റ്റ്മാന്റെ പണിയാണത്രെ ഗവര്‍ണര്‍ സ്വീകരിച്ചത്. ബി ജെ പി നേതാക്കളായ ശോഭാ സുരേന്ദ്രനും എം ടി രമേശും രൂക്ഷമായാണ് ഗവര്‍ണര്‍ക്കെതിരെ രംഗത്തുവന്നത്.

ഈ സംഘ്പരിവാര്‍ നീക്കം ഇനിയെങ്കിലും സി പി എം തിരിച്ചറിയണം. സര്‍വകക്ഷി യോഗം ചേര്‍ന്നത് കൊണ്ടോ നേതാക്കള്‍ ഒരുമിച്ച് ഇരുന്ന് ചായ കുടിച്ചതോ കൊണ്ടോ കാര്യമില്ല. രാഷ്ട്രീയ നേതാക്കളെല്ലാം ചേര്‍ന്ന് ക്രിക്കറ്റ് കളിച്ചാല്‍ തീരുന്നതല്ല അണികള്‍ക്കിടയിലെ അകലം. കൊല നടത്തിയവര്‍ക്ക് രാഷ്ട്രീയ, നിയമസംരക്ഷണം നല്‍കാന്‍ ഇറങ്ങിപുറപ്പെടരുത്. അവര്‍ക്ക് നിയമം നല്‍കുന്ന അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പ് വരുത്താന്‍ തയാറാകണം. എങ്കില്‍ മാത്രമെ കണ്ണൂര്‍ രക്ഷപ്പെടൂ.

Latest