സൈബര്‍ ഭീകരതയെ കരുതിയിരിക്കുക

Posted on: May 15, 2017 10:48 am | Last updated: May 15, 2017 at 10:48 am
SHARE


സൈബര്‍ വിപ്ലവം ശക്തി പ്രാപിച്ച കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഏത് മേഖലയിലുണ്ടാകുന്ന വളര്‍ച്ചയുടെയും അടിസ്ഥാനം സൈബര്‍ രംഗത്തുണ്ടാകുന്ന പുരോഗതിയാണെന്ന് വന്നിരിക്കുന്നു. അത്രമേല്‍ സൈബര്‍വത്കൃതമാണ് ഇന്ന് കാര്യങ്ങള്‍. സൈബര്‍ മേഖലയില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ ഓരോ രാജ്യവും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ഒരു ഉദാഹരണം മാത്രം. എന്നാല്‍ ഈ സൈബര്‍ മുന്നേറ്റത്തിന് അപകടകരമായ ഒരു മറുവശമുണ്ടെന്ന് തെളിയിക്കുന്ന അവസാനത്തേതും ശക്തവുമായ ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലോകത്തെ ഞെട്ടിച്ച് നടന്ന സൈബര്‍ ആക്രമണം.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അനുസരിച്ച് ഇന്ത്യ ഉള്‍പ്പെടെ 150 രാജ്യങ്ങളിലെ രണ്ട് ലക്ഷത്തില്‍പരം കമ്പ്യൂട്ടറുകളെ ഹാക്കര്‍മാര്‍ നിശ്ചലമാക്കിക്കഴിഞ്ഞു. കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞുകയറി അവയെ പ്രവര്‍ത്തനരഹിതമാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്ന ‘റാന്‍സംവെയര്‍’ ഇനത്തില്‍പ്പെട്ട മാല്‍വെയര്‍ ഉപയോഗിച്ചാണ് ആക്രമണം നടന്നത്. മറ്റു രാജ്യങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ അമേരിക്കന്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ എന്‍ എസ് എ വികസിപ്പിച്ച ‘എറ്റേണല്‍ ബ്ലൂ’ എന്ന ഹാക്കിംഗ് സംവിധാനം കവര്‍ന്നെടുത്താണ് ഹാക്കര്‍മാര്‍ കമ്പ്യൂട്ടര്‍ ശൃംഖലകളെ വരുതിയിലാക്കിയത്. ‘താന്‍കുഴിച്ച കുഴിയില്‍ താന്‍’ എന്ന പഴഞ്ചൊല്ലിനെ അന്വര്‍ഥമാക്കി യു എസിനെ തന്നെയാണ് ഈ ആക്രമണം ഏറ്റവും കൂടുതല്‍ ബാധിച്ചത് എന്നത് മറ്റൊരു കാര്യം.

ആദ്യം സ്വീഡനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആക്രമണം മണിക്കൂറുകള്‍ക്കകം തന്നെ ബ്രിട്ടന്‍, ഫ്രാന്‍സ്, യു എസ് തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ആശുപത്രി, ബേങ്കിംഗ്, ടെലികോം മേഖലകളെ ലക്ഷ്യം വെച്ചാണ് ഹാക്കര്‍മാര്‍ സൈബര്‍ ആയുധം പ്രയോഗിച്ചത്. ഇന്ത്യയില്‍ ആന്ധ്രാപ്രദേശിലെ രണ്ട് ബേങ്കുകള്‍ക്ക് നേരെയും ആന്ധ്രാ പോലീസിന്റെ 102 കമ്പ്യൂട്ടറുകള്‍ക്ക് നേരെയുമാണ് ആക്രമണം ഉണ്ടായതെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. ഇന്ന് ഓഫീസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ മാത്രമേ മറ്റു തന്ത്രപ്രധാന മേഖലകളില്‍ ആക്രമണം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ സാധിക്കുകയുള്ളൂവെന്ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം വ്യക്തമാക്കുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടക്കം അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലോകത്ത് പലപ്പോഴും ഒറ്റപ്പെട്ട സൈബര്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇത്രയും വ്യാപകമായ ഒരു ആക്രമണം ഇതാദ്യമാണ്. ഇത്തവണ നൂറിലധികം രാജ്യങ്ങളെ ഒരേസമയം വരുതിയിലാക്കാന്‍ ഹാക്കര്‍മാര്‍ക്ക് കഴിഞ്ഞുവെന്നത് അതീവ ഗൗരവത്തോടെ കാണണം. ഒരു സൈബര്‍ ഭീകരാക്രമണമായി വേണം ഇതിനെ കാണാന്‍. വരും കാലങ്ങളില്‍ ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ ഭീഷണിയും സൈബര്‍ ഭീകരതയായിരിക്കും. കര-വ്യോമ-നാവിക യുദ്ധങ്ങളേക്കാള്‍ ഭീകരമാകും സൈബര്‍ യുദ്ധത്തിന്റെ പ്രത്യാഘാതം. ഇത് തടയാന്‍ ലോക രാഷ്ട്രങ്ങള്‍ ഒന്നിക്കേണ്ടത് അനിവാര്യമാണെന്ന മുന്നറിയിപ്പ് കൂടിയാണ് ഈ ആക്രമണങ്ങള്‍ നല്‍കുന്നത്.

പഴുതുകളാണ് എല്ലാ ആക്രമണങ്ങള്‍ക്കും ശക്തിപകരുന്നത്. സൈബര്‍ ആക്രമണങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. സൈബര്‍ സുരക്ഷാ പഴുതുകള്‍ കണ്ടെത്തി അതിലൂടെ തങ്ങളുടെ രഹസ്യകോഡുകള്‍ കടത്തിവിട്ട് കമ്പ്യൂട്ടറുകളെ കീഴ്‌പ്പെടുത്തുകയാണ് ഹാക്കിംഗിന്റെ രീതി. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ഇത്തരത്തിലുള്ള ഒരു പഴുത് കണ്ടെത്തിയാണ് ഷാഡോ ബ്രോക്കേഴ്‌സ് എന്ന ഹാക്കര്‍മാരുടെ സംഘം റാന്‍സംവെയര്‍ ആക്രമണം നടത്തിയത്. ഈ പഴുത് അടച്ചുകൊണ്ട് മൈക്രോസോഫ്റ്റ് നേരത്തെ തന്നെ പാച്ച് പുറത്തിറക്കിയിരുന്നുവെങ്കിലും കൂടുതല്‍ പേരും ഇത് അപ്‌ഡേറ്റ് ചെയ്യാതിരുന്നത് ഹാക്കര്‍മാര്‍ക്ക് ചാകരയൊരുക്കി. സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിലുണ്ടായ ഈ അശ്രദ്ധ വരുത്തിവെച്ചത് കോടികളുടെ നഷ്ടം മാത്രമാകില്ല. അതീവ രഹസ്യ സ്വഭാവമുള്ള സുപ്രധാന രേഖകള്‍ പലതും ഹാക്കര്‍മാര്‍ ഈ ആക്രമണത്തിലൂടെ കൈവശപ്പെടുത്തിയിട്ടുണ്ടാകണം. ഇത് വരും നാളുകളില്‍ ഏത് തരത്തിലാണ് ഭീഷണി സൃഷ്ടിക്കുകയെന്ന് കണ്ടറിയേണ്ടിവരും.

സൈബര്‍ രംഗത്ത് സമ്പൂര്‍ണ സുരക്ഷിതത്വം സാധ്യമല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സുരക്ഷ കുറഞ്ഞത്, സുരക്ഷ കൂടിയത് എന്ന് മാത്രമേ ഇതിനെ വേര്‍തിരിക്കാന്‍ സാധിക്കുകയുള്ളൂ. എത്ര സുരക്ഷാ സങ്കേതങ്ങള്‍ ഒരുക്കിയാലും വിദഗ്ധനായ ഒരു ഹാക്കര്‍ക്ക് ഇത് തകര്‍ക്കാന്‍ ഒരുപക്ഷേ, നിമിഷാര്‍ധം മതിയാകും. സോഫ്റ്റ്‌വെയര്‍ കോഡിംഗില്‍ ഉണ്ടാകുന്ന ഒരു കോമയുടെ കുറവ് പോലും ചിലപ്പോള്‍ ഹാക്കര്‍മാര്‍ക്ക് നുഴഞ്ഞുകയറാനുള്ള രാജപാതയായി മാറും. മുന്‍കരുതലുകള്‍ സ്വീകരിക്കുകയെന്നത് മാത്രമാണ് ഇത്തരം ആക്രമണങ്ങളെ ചെറുക്കുവാനുള്ള ഒരേയൊരു വഴി.

കോര്‍പറേറ്റ് സ്ഥാപനങ്ങളുടെത് മാത്രമല്ല, വ്യക്തികളുടെ കമ്പ്യൂട്ടറുകളും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് ഇരായക്കപ്പെടും. കേവലം ഇമെയില്‍ വഴിയാണ് ‘വാണാക്രൈ’ എന്ന റാന്‍സംവെയര്‍ ഹാക്കര്‍മാര്‍ പടര്‍ത്തിയതെന്ന് ഓര്‍ക്കുക. അജ്ഞാതമായ വിലാസങ്ങളില്‍ നിന്ന് വരുന്ന ഇമെയില്‍ അറ്റാച്ച്‌മെന്റുകള്‍ ഒരു കാരണവശാലും തുറക്കരുത്. ടോറന്റ് ഫയലുകളും ക്രാക്ക് ചെയ്ത സോഫറ്റ്‌വെയറുകളും ഹാക്കര്‍മാരുടെ ഇഷ്ട ഉപകരണങ്ങളാണ്. ഇത്തരത്തിലുള്ള പൈറൈറ്റഡ് സോഫ്റ്റ്‌വെയറുകള്‍ കഴിവതും ഉപേക്ഷിക്കുക. ഓപ്പറേറ്റിംഗ് സിസ്റ്റവും ബ്രൗസറുകളും ആന്റിവൈറസ് സോഫ്റ്റ്‌വെയറുകളും കൃത്യമായി അപ്‌ഡേറ്റ് ചെയ്യാനും അതീവ പ്രാധാന്യമുള്ള ഡാറ്റകള്‍ ക്ലൗഡ് സ്‌റ്റോറേജുകള്‍ ഉള്‍പ്പെടെ ഒന്നിലധികം സ്ഥലങ്ങളില്‍ ബാക്കപ്പ് എടുത്ത് സൂക്ഷിക്കാനും ശ്രദ്ധിക്കുക. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ ഭേദം രോഗം വരാതെ സൂക്ഷിക്കുന്നതാണ്.