Connect with us

Editorial

യോഗി ആദിത്യനാഥ് വിചാരണ നേരിടണം

Published

|

Last Updated

ജനപ്രതിനിധികള്‍ നിയമത്തിനതീതരല്ല. രാജ്യത്തെ നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരു പോലെ ബാധകമാണ്. ഭരണഘടന ആര്‍ട്ടിക്കിള്‍ 14 അനുസരിച്ചു രാജ്യത്തെ എല്ലാ പൗരന്മാരും നിയമത്തിനു മുമ്പില്‍ സമന്മാരാണ.് എന്നാല്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ നിയമനടപടിയുടെ കാര്യത്തില്‍ പലപ്പോഴും ഈ സമത്വം പാലിക്കപ്പെടുന്നില്ല. സാധാരണക്കാര്‍ക്കെതിരായ കേസുമകള്‍ നിയമത്തിന്റെ വഴിക്ക് നീങ്ങാറുണ്ടെങ്കിലും ഭരണത്തിന്റെ ഉന്നത പീഠങ്ങളിലിരിക്കുന്നവര്‍ക്കെതിരെ കേസുകള്‍ വരുമ്പോള്‍ നിയമത്തിന് വിധേയരാകാതെ അധികാരത്തിന്റെ സ്വാധീനമുപയോഗിച്ചു അവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് പതിവ്. അതിന്റെ പുതിയ ഉദാഹരണമാണ് ഗൊരഖ്പൂര്‍ കലാപക്കേസില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മറ്റു നാല് പ്രതികള്‍ക്കുമെതിരെ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യാന്‍ അനുമതി നിഷേധിച്ച യു പി സര്‍ക്കാര്‍ നടപടി. ബി ജെ പി, എം പി ശിവ പ്രതാപ് ശുക്ല, ഗോരഖ്പൂര്‍ മണ്ഡലത്തിലെ ബി ജെപി, എം എല്‍ എ രാധാമോഹന്‍ദാസ് അഗര്‍വാള്‍, ബി ജെ പി മേയര്‍ അജ്ഞു ചൗധരി, ബി ജെ പി പ്രവര്‍ത്തകന്‍ വൈ ഡി സിംഗ് എന്നിവരാണ് മറ്റു പ്രതികള്‍.

മാധ്യമപ്രവര്‍ത്തകനായ പര്‍വേസ്, അലഹാബാദിലെ പൊതുപ്രവര്‍ത്തകനായ അസാദ് ഹയാത് തുടങ്ങിയവര്‍ സമര്‍പ്പിച്ച റിട്ടിന്റെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ച കേസ് അലഹാബാദ് ഹൈക്കോടതിയില്‍ നടന്നു കൊണ്ടിരിക്കയാണ്. മുസ്‌ലിംകള്‍ക്കെതിരെ യോഗി ഉള്‍പ്പെടെയുള്ള പ്രതികള്‍ പ്രകോപനപരമായ പ്രസംഗം നടത്തുകയും ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് ഹരജിയില്‍ ആരോപിക്കുന്നത്. കേസ് അന്വേഷിച്ച സി ബി ഐ ഉദ്യോഗസ്ഥര്‍ ഇത് സ്ഥിരീകരിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ കേസ് ഫയല്‍ചെയ്തു യോഗിയെ വിചാരണ ചെയ്യാന്‍ കോടതിയെ അനുവദിക്കുകയാണ് നിയമത്തെ മാനിക്കുന്നുവെങ്കില്‍ യു പി സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍, യോഗി ആദിത്യനാഥിന്റെ പ്രസംഗത്തിന്റെ സി ഡി ഫോറന്‍സിക് പരിശോധന നടത്തിയപ്പോള്‍ അതില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയതിനാല്‍ പ്രോസിക്യൂഷന് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് കോടതിക്ക് വിശദീകരണം നല്‍കി നിയമ നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് യു പി ചീഫ് സെക്രട്ടറി ഒഴിഞ്ഞുമാറുകയാണ്. നിയമസഭാംഗത്തെ വിചാരണ ചെയ്യുന്നതിന് സ്പീക്കറുടെയും മന്ത്രിസഭയുടെയും നിയമസഭയുടെയും അനുമതി വേണമെന്ന ചട്ടത്തില്‍ കടിച്ചു തൂങ്ങി യോഗിക്ക് പരിരക്ഷ നല്‍കാനാണ് നീക്കം. സ്‌റ്റേറ്റ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് ആദിത്യനാഥിനെതിരെ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യാന്‍ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ഉടനെ ഫയല്‍ ചെയ്യണമെന്നും മെയ് നാലിന് അലഹാബാദ് ഹൈക്കോടതി ജസ്റ്റിസ് രമേഷ് സിന്‍ഹ, ഉമേഷ് ചന്ദ്ര ശ്രീവാസ്തവ തുടങ്ങിയവരുടെ ബഞ്ച് ഉത്തരവിട്ടിരുന്നു. ഗോരഖ്പൂര്‍ കലാപത്തിലേക്ക് നയിച്ചത് ആദിത്യനാഥിന്റെ വര്‍ഗീയ പ്രസംഗമാണെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടും എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നു ചോദിച്ച കോടതി മെയ് 11ന് മുന്‍പായി ചീഫ് സെക്രട്ടറി കോടതിക്ക് മുമ്പാകെ ഹാജരായി ഇതു സംബന്ധിച്ചു വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെടുകയുണ്ടായി. ഇതിനുള്ള മറുപടിയിലാണ് സി ഡി വ്യാജമാണെന്ന വാദവുമായി സര്‍ക്കാര്‍ രംഗത്ത് വന്നത്.

വിചാരണക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുകയും കോടതി കുറ്റക്കാരനായി വിധിക്കുകയും ചെയ്താല്‍ യോഗിക്ക് മുഖ്യമന്ത്രി സ്ഥാനത്തോ എം എല്‍ എ പദവിയിലോ തുടരാനുള്ള അര്‍ഹത നഷ്ടപ്പെടും. വിചാരണക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാലും അപ്പീല്‍ തീര്‍പ്പ് വരെ തദ്സ്ഥാനത്ത് തുടരാന്‍ എം എല്‍ എമാരെയും എം പിമാരെയും അനുവദിക്കുന്ന ജനപ്രാതിനിധ്യ നിയമം എട്ടാം വകുപ്പിലെ നാലാം ഉപവകുപ്പ് 2013 ജൂലൈയില്‍ സുപ്രീം കോടതി റദ്ദാക്കിയതാണ്. അത് പുനഃസ്ഥാപിച്ചു കൊണ്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്‍മോഹന്‍ സിംഗ് ശ്രമിച്ചിരുന്നെങ്കിലും എതിര്‍പ്പ് വന്നതിനെ തുടര്‍ന്ന് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. വിചാരണയെ നേരിടാന്‍ യോഗി ആദിത്യനാഥ് ഭയക്കുന്നത് ഇതുകൊണ്ടാണ്.

വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസ് മാത്രമല്ല യോഗി ആദിത്യനാഥിന്റെ പേരിലുള്ളത്. കലാപത്തിന് നേതൃത്വം നല്‍കല്‍ (സി ആര്‍ പി സി 151-എ), മാരകായുധങ്ങള്‍ ഉപയോഗിച്ച് കലാപം അഴിച്ചുവിടല്‍ (ഐ പി സി 148) കൊലപാതകശ്രമം (ഐ പി സി 307) നിയമവിരുദ്ധമായി സംഘം ചേരല്‍ (ഐ പി സി 149) ശവസംസ്‌കാര സ്ഥലത്തേക്ക് അതിക്രമിച്ച് കടക്കല്‍ (ഐപിസി 297) സ്വകാര്യ വ്യക്തിയുടെ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കല്‍ (ഐപിസി 336) തുടങ്ങി നിരവധി കേസുകള്‍ ചുമത്തപ്പെട്ട കുറ്റവാളിയാണ് അദ്ദേഹം. അത്തരമൊരാളെ നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിന് ഭരണസ്വാധീനം ഉപയോഗപ്പെടുത്തുന്നത് ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള അവഹേളനമാണ്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയോടും രാഹുലിനോടും വിചാരണ നേരിടാന്‍ കോടതി ആവശ്യപ്പെട്ടപ്പോള്‍, രാജ്യത്ത് ആരും നിയമത്തിനതീതരല്ലെന്നും ഇരുവരും കോടതി നടപടികള്‍ക്ക് വിധേയരാകണമെന്നുമായിരുന്നു കേന്ദ്ര മന്ത്രി ജെയ്റ്റ്‌ലിയുടെയും ബി ജി പി നേതാക്കളുടെയും പ്രതികരണം. ഇത് യോഗി ആദിത്യനാഥിനെതിരായ കേസിലും ബാധകമല്ലേ? നിയമത്തിന് വിധേയമായി അലഹാബാദ് ഹൈക്കോടതിയില്‍ വിചാരണ നേരിടാന്‍ ജയ്റ്റ്‌ലി യോഗിയെ ഉപദേശിക്കുമോ? സി ഡി വ്യാജമാണോ, അല്ലയോ എന്ന് കോടതി തീരുമാനിക്കട്ടെ.