പെയിന്റടി വിവാദം: ബെഹ്‌റ ചെയ്തത് തെറ്റല്ലേയെന്ന് വിജിലന്‍സ് കോടതി

Posted on: May 12, 2017 12:06 pm | Last updated: May 12, 2017 at 2:06 pm

തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകള്‍ക്ക് ഓരേ കമ്പനിയുടെ പെയിന്റ് അടിക്കാന്‍ ഉത്തരവിട്ട സംഭവത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റക്കെതിരായ ഹരജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു.

ബെഹ്‌റ ചെയ്തത് തെറ്റല്ലേയെന്നും ഉത്തരവിടുമ്പോള്‍ ബെഹ്‌റ പോലീസ് മേധാവിയായിരുന്നില്ലേയെന്നും കോടതി ആരാഞ്ഞു. ക്രമസമാധാന ചുമതലയുള്ള ഡി ജി പിക്ക് സ്വകാര്യ പെയിന്റ് കമ്പനിയുമായി എന്ത് ബന്ധമെന്നും പോലീസ് സ്റ്റേഷനുകള്‍ തിരിച്ചറിയാന്‍ നിറത്തിന്റെ ആവശ്യമുണ്ടോയെന്നും അങ്ങനെയെങ്കില്‍ സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന റേഷന്‍ കടകള്‍ക്കല്ലേ ഒരേ നിറം നല്‍കേണ്ടതെന്നും കോടതി ചോദിച്ചു. പരാതിയില്‍ ഈ മാസം 20ന് വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.

തീരുമാനം സെന്‍കുമാറിന്റെ കാലത്ത് എടുത്തതാണെന്നും ഒരു പ്രത്യേക കമ്പനിയുടെ പെയിന്റ് തന്നെ വാങ്ങണമെന്ന് തന്റെ ഉത്തരവില്‍ പറയുന്നില്ലെന്നും മുന്‍ ഡി ജി പി കൂടിയായ ബെഹ്‌റ വിശദീകരിച്ചിരുന്നു.

പോലീസ് സ്റ്റേഷനുകള്‍ക്ക് ഒരേ കമ്പനിയുടെ പെയിന്റ് ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ച് ബെഹ്‌റ ഇറക്കിയ ഉത്തരവ് ഈ മാസം 20നാണ് പുറത്തുവന്നത്. എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും ഡ്യൂലക്‌സ് കമ്പനിയുടെ പെയിന്റ് അടിക്കണമെന്നാണ് വിവാദമായ ഉത്തരവില്‍ പറയുന്നത്. ഇത് പ്രകാരം എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ അടക്കം ഇത് നടപ്പാക്കുകയും ചെയ്തു.