Connect with us

National

യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാനാവില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

Published

|

Last Updated

ലക്‌നോ: 2007 ല്‍ ഗൊരഖ്പൂരിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കത്തിന് തടയിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ചീഫ് സെക്രട്ടറിയാണ് യോഗിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതിയില്ലെന്ന് കോടതിയെ അറിയിച്ചത്. സംസ്ഥാന ആഭ്യന്തരമന്ത്രാലയം മുഖ്യമന്ത്രിയെ വിചാരണ ചെയ്യാനുള്ള അനുമതി ഈ മാസം ആദ്യം തന്നെ നിരസിച്ചതായി കോടതിയെ അറിയിച്ചു.

ഗോരഖ്പുര്‍ കലാപ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള അഞ്ച് പേരെ വിചാരണ ചെയ്യുന്നത് വൈകുന്നതിനുള്ള കാരണം അറിയിക്കാന്‍ ചീഫ്‌സെക്രട്ടറി രാഹുല്‍ ഭട്‌നഗറെ വ്യാഴാഴ്ച്ചയാണ് കോടതി വിളിപ്പിച്ചത്. യോഗിയുടെ വിവാദമായ പ്രസംഗത്തിന്റെ സിഡിയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് കാരണം പറഞ്ഞാണ് പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചത്.

മുഖ്യമന്ത്രിയടക്കമുള്ള പ്രതികളെ കോടതിയില്‍ ഹാജരാക്കണമെന്നും പ്രോസിക്യൂഷന് അനുമതിയുണ്ടെങ്കില്‍ അക്കാര്യവും അറിയിക്കണമെന്ന് ചീഫ് സെക്രട്ടറിയ്ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം പരാതിക്കാര്‍ക്ക് ജൂലൈ 7 വരെ സര്‍ക്കാര്‍ തീരുമാനത്തിനെ ചോദ്യം ചെയ്യാനുള്ള സമയമുണ്ടെന്നും കോടതി അറിയിച്ചു.

2007 ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം. ഗോരഖ്പുര്‍ റെയില്‍വേസ്‌റ്റേഷന്‍ പരിസരത്ത് ആദിത്യനാഥ് വിദ്വേഷ പ്രസംഗം നടത്തി എന്നും അത് പിന്നീട് രണ്ട് പേരുടെ മരണത്തിനിടയാക്കുകയും വീടുകള്‍ കത്തിക്കുകയും ചെയ്ത കലാപത്തിലേക്ക് നയിച്ചു എന്നുമാണ് കേസ്. 2008ല്‍ മാധ്യമപ്രവര്‍ത്തകനായ പെര്‍വെസ് പര്‍വാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഖിലേഷ് യാദവ് സര്‍ക്കാരാണ് ആദിത്യനാഥിനെതിരെ കേസ് റജ്സ്റ്റര്‍ ചെയ്തത്.

Latest