Connect with us

International

എഫ് ബി ഐ മേധാവിയെ ട്രംപ് പുറത്താക്കി

Published

|

Last Updated

വാഷിംഗ്ടണ്‍: സര്‍ക്കാറിന് കനത്ത തിരിച്ചടി നല്‍കി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെ കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ച എഫ് ബി ഐ ഡയറക്ടര്‍ ജെയിംസ് കോമിയെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ട്രംപിന്റെ അനുയായികളിലേക്ക് കേസ് അന്വേഷണം എത്താനിരിക്കെയാണ് കോമിയെ പുറത്താക്കി ട്രംപിന്റെ വിവാദ ഉത്തരവ്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ 2013ല്‍ നിയമിച്ച കോമിക്ക് എഫ് ബി ഐയെ നയിക്കാന്‍ കഴിവില്ലെന്ന വിശദീകരണം നല്‍കിയാണ് ട്രംപ് ഡയറക്ടറെ പുറത്താക്കുന്നത്.

പ്രസിഡന്റ് സ്ഥാനാര്‍ഥിയും മുന്‍ വിദേശകാര്യ സെക്രട്ടറിയുമായ ഹിലരി ക്ലിന്റണ്‍ തന്റെ സ്വകാര്യ ആവശ്യത്തിനായി ഔദ്യോഗിക ഇമെയില്‍ ഉപയോഗിച്ചുവെന്ന കേസില്‍ തൃപ്തികരമായ അന്വേഷണം നല്‍കിയില്ലെന്നും ട്രംപ് ഭരണകൂടം ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് നിയമോപദേശകനും ഡപ്യൂട്ടി അറ്റോര്‍ണി ജനറലും സമര്‍പ്പിച്ച ശിപാര്‍ശ ട്രംപ് അംഗീകരിക്കുകയായിരുന്നു. എഫ് ബി ഐയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ പുതിയ തലവനെ ഉടന്‍ കണ്ടെത്തുമെന്നും ട്രംപ് വ്യക്തമാക്കി.
ട്രംപിന്റെ ഉപദേശകനായിരുന്ന മൈക്ക്ള്‍ ഫഌന്‍ അടക്കമുള്ള മുതിര്‍ന്ന റിപ്പബ്ലിക്ക് നേതാക്കള്‍ കുറ്റക്കാരായ റഷ്യന്‍ ബന്ധം അന്വേഷിക്കാന്‍ കോമിയുടെ നേതൃത്വത്തില്‍ എഫ് ബി ഐ സംഘം മുന്നോട്ടുവന്നിരുന്നു. ഇതിനെതിരെ ശക്തമായ വിമര്‍ശവുമായി ട്രംപ് രംഗത്തെത്തുകയും ചെയ്തിരുന്നു.

ട്രംപ് ഭരണകൂടത്തിന് തലവേദനക്കിടയാക്കുന്ന റഷ്യന്‍ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കാനുള്ള നീക്കമാണ് കോമിയെ പുറത്താക്കാനുള്ള കാരണമെന്ന വിമര്‍ശനവുമായി ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കാലത്ത് ഇമെയില്‍ വിവാദം അന്വേഷിക്കാന്‍ കോമി തീരുമാനിച്ചതാണ് തന്റെ പരാജയത്തിന് കാരണമെന്നാരോപണവുമായി ഹിലരി ക്ലിന്റണ്‍ രംഗത്തെത്തിയിരുന്നു. ട്രംപിന്റെ ആവശ്യപ്രകാരമാണ് ഇത്തരമൊരു നീക്കം കോമി നടത്തിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അതേകേസിന്റെ വിഷയത്തില്‍ തനിക്ക് കസേര നഷ്ടമാകുമെന്ന് കോമി കരുതിയിരുന്നില്ല. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന കോമി ട്രംപ് ഭരണകൂടത്തിന് തലവേദന സൃഷ്ടിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു.
അമേരിക്കയുടെ ബദ്ധ വൈരികളായ റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയ ട്രംപിനെതിരെ തുടക്കം മുതലെ ആരോപണം ഉയര്‍ന്നിരുന്നു. ഇമെയിലുകള്‍ ചോര്‍ത്തിയും തിരഞ്ഞെടുപ്പ് പ്രക്രിയ ഹാക്ക് ചെയ്തും റഷ്യ തിരഞ്ഞെടുപ്പ് കാലത്ത് ഇടപെടല്‍ നടത്തിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

---- facebook comment plugin here -----

Latest