സെന്‍കുമാര്‍ സ്ഥലം മാറ്റിയതിന് എതിരെ പരാതിയുമായി ജീവനക്കാരി

Posted on: May 10, 2017 4:05 pm | Last updated: May 11, 2017 at 12:20 pm

തിരുവനന്തപുരം: ഡിജിപി സ്ഥാനത്ത് തിരിച്ചെത്തിയ ഉടന്‍ ടി പി സെന്‍കുമാര്‍ സ്ഥലം മാറ്റിയ ജീവനക്കാരി പരാതിയുമായി ചീഫ് സെക്രട്ടറി നളിനി നെറ്റോയെ സമീപിച്ചു. പോലീസ് ആസ്ഥാനത്തെ രഹസ്യ വിഭാഗമായ ടി ബ്രാഞ്ചില്‍ നിന്ന് സ്ഥലംമാറ്റപ്പെട്ട കുമാരി ബീനയാണ് പരാതിയുമായിര രംഗത്ത് വന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്ഥലംമാറ്റം എന്നാണ് ഇവരുടെ പരാതി.

ഡിജിപിയായി അധികാരമേറ്റ ഉടന്‍ തന്നെ സെന്‍കുമാര്‍ കൈക്കൊണ്ട തീരുമാനമാണ് ബീനയുടെ സ്ഥലംമാറ്റം. ടി ബ്രാഞ്ചില്‍ നിന്ന് അപ്രധാനമനായ യു ബ്രാഞ്ചിലേക്കാണ് ബീനയെ മാറ്റിയത്. പകരം എന്‍ ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് സിഎസ് സജീവ് ചന്ദ്രനെ ടി ബ്രാഞ്ച് മേധാവിയായി നിയമിച്ചുവെങ്കിലും അദ്ദേഹം ഏറ്റെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പേരൂര്‍ക്കട എസ്എപിയിലെ ജൂനിയര്‍ സൂപ്രണ്ട് സുരേഷ് കൃഷ്ണയെ തത്സ്ഥാനത്ത് നിയമിച്ച് ഉത്തരവിറക്കുകയായിരുന്നു.

സെന്‍കുമാര്‍ പുറത്തുനില്‍ക്കെ ജിഷ വധക്കേസ്, പുറ്റിങ്ങല്‍ വെടിക്കെപട്ടപകടം എന്നീ സംഭവങ്ങളുമായി ബന്ധപ്പെട്ട ചില രേഖകള്‍ വിവരാവകാശ നിയമപ്രകാരം ചിലര്‍ ചോദിച്ചിരുന്നു. ഇത് നല്‍കാത്തതിന്റെ പേരിലാണ് സ്ഥലംമാറ്റം എന്നാണ് പോലീസ് ആസ്ഥാനത്തെ സംസാരം.