മെഡിക്കല്‍ ഷോപ്പില്‍ മദ്യ വില്‍പ്പന; ഉടമ അറസ്റ്റില്‍

Posted on: May 10, 2017 11:30 am | Last updated: May 10, 2017 at 11:01 am

കാസര്‍കോട്: മെഡിക്കല്‍ ഷോപ്പില്‍ മരുന്നിന് പകരം മദ്യവില്‍പ്പന. സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ഷോപ്പുടമയെ കുമ്പള എക്‌സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ബന്തിയോട്ടെ ബെസ്റ്റ് മെഡിക്കല്‍ ഷോപ്പുടമ സൂരംബയലിലെ ഉദയകുമാര്‍ (32) ആണ് അറസ്റ്റിലായത്. മെഡിക്കല്‍ ഷോപ്പില്‍ നിന്നും 50 പായ്ക്കറ്റ് ഇന്ത്യന്‍ നിര്‍മിത കര്‍ണാടക വിദേശ മദ്യമാണ് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ജെ റോബിന്‍ ബാബുവിന്റെ നേതൃത്വത്തില്‍ വേഷം മാറിയെത്തിയ എക്‌സൈസ് സംഘമാണ് മദ്യം പിടികൂടിയത്. മെഡിക്കല്‍ ഷോപ്പ് കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് എത്തിയത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം വി ബാബുരാജന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം വി സുജിത്ത്, കെ വി പ്രജിത്ത് കുമാര്‍, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു