Connect with us

Gulf

വീടുകളിലെ നഴ്‌സറികള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയത്തിന്റെ താക്കീത്

Published

|

Last Updated

ദോഹ: വീടുകളിലെ നഴ്‌സറി സ്‌കൂളുകള്‍ സമ്പ്രദായത്തിനെതിരെ നിയന്ത്രണവുമായി തൊഴില്‍ മന്ത്രാലയം. അനുമതിയില്ലാതെ നഴ്‌സറികള്‍ക്ക് നടത്തരുതെന്നാണ് ഭരണ നിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ താക്കീത്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിലക്കുണ്ട്. വീടുകളില്‍ നഴ്‌സറി സ്‌കൂളിന് സമാനമായി കുട്ടികളെ പരിപാലിക്കുന്നതു ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയം ട്വിറ്ററിലൂടെ താക്കീത് നല്‍കിയത്. അനുമതിയില്ലാതെ അനധികൃതമായി നഴ്‌സറി സ്‌കൂള്‍ നടത്തുന്നതിലൂടെ കുട്ടികളുടെ ആരോഗ്യത്തിനും സുരക്ഷക്കും ഭീഷണി ഉയര്‍ത്തുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അനധികൃത സ്ഥാപനങ്ങള്‍ നിയന്തിക്കാനാന്‍ സര്‍ക്കാര്‍ നിയമം തയാറാക്കിയിരുന്നു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി നഴ്‌സറി കെട്ടിടങ്ങള്‍ക്ക് പ്രത്യേക മാനദണ്ഡങ്ങളും ഉണ്ട്.
എന്നാല്‍ രക്ഷിതാക്കള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന നഴ്‌സറികളിലോ വീടുകളിലോ കുട്ടികളെ നോക്കാന്‍ ഏല്‍പ്പിക്കുന്ന രീതി നിലനില്‍ക്കുന്നുണ്ടെന്ന് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ (സി എം സി) അംഗം ജാസിം ബിന്‍ അബ്ദുല്ല അല്‍ മാലികി പറഞ്ഞു. വീടുകളില്‍ അനുമതിയില്ലാതെ നഴ്‌സറി സ്‌കൂളിന് സമാനമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെയും അംഗീകൃത നഴ്‌സറികളും തമ്മിലുള്ള അന്തരം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അംഗീകൃത നഴ്‌സറികളിലെ ഫീസ് നിരക്ക് താങ്ങാന്‍ കഴിയാത്തവര്‍ അല്ലെങ്കില്‍ വീട്ടു സഹായി ഇല്ലാത്തവരുമാണ് ജോലിക്ക് പോകുമ്പോള്‍ മറ്റ് കുടുംബങ്ങളില്‍ കുട്ടികളെ നോക്കാന്‍ ഏല്‍പ്പിക്കുന്നത്. ദിവസാടിസ്ഥാനത്തിലോ മാസാടിസ്ഥാനത്തിലോ നിശ്ചിത തുക നല്‍കുകയും ചെയ്യും. വ്യക്തിപരമായ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നതിനാല്‍ ഇത് നിയന്ത്രിക്കാനോ പ്രതിരോധിക്കാനോ പ്രയാസമാണെന്നും അല്‍ മാലികി ചൂണ്ടിക്കാട്ടി. ഒന്നിലധികം കുട്ടികളെ പരിപാലിക്കുമ്പോള്‍ അതൊരു ബിസിനസ് ആണെന്നും അതിന് അധികൃതരുടെ അനുമതി കൂടിയേ തീരുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മറ്റ് വീടുകളില്‍ കുട്ടികളെ നോക്കാന്‍ ഏല്‍പ്പിക്കുന്ന പ്രവണത നിയന്ത്രണ വിധേയമാകുന്നുണ്ട്. അംഗീകാരമില്ലാത്ത വ്യക്തികളുടെ പക്കല്‍ കുട്ടികളെ ഏല്‍പ്പിക്കുന്നതിലെ അപകട സാധ്യതയെക്കുറിച്ച് നിരവധി പേര്‍ ബോധവാന്മാരാണെന്ന് അല്‍ മാല്‍കി ചൂണ്ടിക്കാട്ടി. വില്ലാജിയോ മാളിലെ നഴ്‌സറിയിലുണ്ടായ ദുരന്തത്തില്‍ നിന്ന് ജനങ്ങള്‍ ഇക്കാര്യങ്ങളില്‍ ബോധവാന്മാരായെന്നും അദ്ദേഹം പറഞ്ഞു.
വീടുകളില്‍ നഴ്‌സറി സ്‌കൂളുകള്‍ക്ക് സമാനമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കുട്ടികളുടെ സുരക്ഷയില്‍ അപകട സാധ്യത വര്‍ധിപ്പിക്കുമെന്ന് നഴ്‌സറി സ്‌കൂള്‍ നിയമം സംബന്ധിച്ച 2014ലെ ഒന്നാം നമ്പര്‍ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ ഉടമയായാലും അവരുടെ സഹപ്രവര്‍ത്തകര്‍ ആയാലും ഇരുവരും നിയമനടപടി നേരിടേണ്ടി വരുമെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെങ്കിലും നിയമാനുമതിയില്ലാതെ വീടുകളില്‍ പ്രവേശിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതിയില്ല. അടുത്തിടെ വീടുകളില്‍ സംരഭങ്ങള്‍ക്ക് സാമ്പത്തിക വാണിജ്യ മന്ത്രാലയം അനുമതി നല്‍കിയിട്ടു പോലും ലൈസന്‍സില്ലാതെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ പലരും നടത്തുന്നതെന്നും അല്‍മാലികി പറഞ്ഞു. നഴ്‌സറി പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കുക ബുദ്ധിമുട്ടായതിനാലാണ് ലൈസന്‍സ് നേടാന്‍ ഇത്തരക്കാര്‍ ശ്രമിക്കാത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ കമ്പനികളും മന്ത്രാലയങ്ങളും തൊഴിലിടങ്ങളില്‍ നഴ്‌സറികള്‍ തുടങ്ങണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് ഇത് വളരെയധികം പ്രയോജനപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Latest