ഉമ്മന്‍ ചാണ്ടിയെ വരവേല്‍ക്കാന്‍ ഖത്വറിലെ കോണ്‍ഗ്രസുകാര്‍ ആവേശത്തില്‍

Posted on: May 9, 2017 9:21 pm | Last updated: May 9, 2017 at 9:21 pm

ദോഹ: ആറു വര്‍ഷങ്ങള്‍ക്കു ശേഷം ദോഹയിലെത്തുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയെ വരവേല്‍ക്കുന്നതിനും പൊതു പരിപാടി വിജയിപ്പിക്കുന്നതിനുമായി ഖത്വറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തില്‍. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഉമ്മന്‍ ചാണ്ടി ദോഹയിലുണ്ടാകുക.

സെന്‍ട്രല്‍ കമ്മിറ്റി നേതൃത്വത്തില്‍ സ്വാഗതം സംഘം രൂപവത്കരിച്ചു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് വ്യാപകമായ പ്രചാരണം നടന്നു വരുന്നത്. പങ്കെടുക്കുന്ന പരിപാടികളുടെ വിശദാശങ്ങള്‍ പ്രഖ്യാപിക്കുന്നതിനായി ഇന്ന് ഇന്‍കാസ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനം നടത്തുന്നുണ്ട്. ജനപ്രിയ നേതാവും പ്രവര്‍ത്തകരുടെ ആവേശവുമായ ഉമ്മന്‍ ചാണ്ടിയുടെ പര്യടനം രാജ്യത്തെ കോണ്‍ഗ്രസുകാര്‍ക്കും സംഘടനാ കമ്മിറ്റികള്‍ക്കുമിടയില്‍ വലിയ ഉണര്‍വ് സൃഷ്ടിച്ചിട്ടുണ്ടെന്ന് ഇന്‍കാസ് പ്രസിഡന്റ് കെ കെ ഉസ്മാന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ വര്‍ണ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പോസ്റ്റര്‍ സഹിതമുള്ള സന്ദേശങ്ങള്‍ വാട്‌സ് ആപ്പ്, ഫേസ് ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെത്തുടര്‍ന്ന് മുഖ്യമന്ത്രിപദമൊഴിഞ്ഞപ്പോള്‍ പ്രതിപക്ഷ നേതൃ സ്ഥാനത്തും വരാന്‍ കഴിയാതെ മാറി നില്‍ക്കേണ്ടി വന്നുവെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വീകാര്യതയുള്ള നേതാവ് എന്ന നിലയിലും പിണറായി സര്‍ക്കാറിനെതിരെ ഉയര്‍ന്നു വരുന്ന നഗറ്റീവ് അഭിപ്രായങ്ങള്‍ക്കിടെ ജനകീയനായ മുന്‍മുഖ്യ എന്ന നിലയില്‍ കൈവരുന്ന താരതമ്യ ഇമേജും കൈമുതലുള്ള ഉമ്മന്‍ ചാണ്ടിയുടെ സന്ദര്‍ശനം ഖത്വറിലെ മലയാളി സമൂഹത്തിന്റെയാകെ പരിപാടിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഇന്‍കാസ്.

ഒ ഐ സി സി ഗ്ലോബല്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി ഉള്‍പ്പെടെ സംഘടനാപരവും അല്ലാത്തതുമായ നിരവധി പരിപാടികളില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കുമെന്നാണ് വിവരം. 12ന് വൈകുന്നേരം അഞ്ചിന് എം ഇ എസ്. കെ ജി ഹാളില്‍ നടക്കുന്ന കുടുംബ സംഗമമാണ് പ്രധാന പരിപാടി. ഒ ഐ സി സി ഗ്ലോബല്‍ പ്രതിനിധികള്‍ക്കു പുറമേ കേരളത്തില്‍ നിന്നുള്ള കെ പി സി സി പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സൂചനയുണ്ട്.