സൂക്കിയെന്ന അധികാരി

Posted on: May 7, 2017 11:01 am | Last updated: May 7, 2017 at 11:01 am

അധികാരം എങ്ങനെയാണ് ഒരു നേതാവിനെ ദുഷിപ്പിക്കുന്നതെന്നും അധികാര സംരക്ഷണത്തിനായി ഭൂരിപക്ഷ യുക്തിക്ക് വഴങ്ങുന്നത് എന്നും അറിയണമെങ്കില്‍ ജനാധിപത്യ പോരാട്ടത്തിന്റെ ഉജ്ജ്വല മാതൃകയായി ലോകം കൊണ്ടാടുന്ന മ്യാന്‍മര്‍ നേതാവ് ആംഗ് സാന്‍ സൂക്കിയുടെ ഇന്നത്തെ നിലപാടുകള്‍ നോക്കിയാല്‍ മതിയാകും. മ്യാന്‍മര്‍ ഇന്ന് ലോക വേദികളില്‍ ചര്‍ച്ചയാകുന്നത് രണ്ട് കാര്യങ്ങളെച്ചൊല്ലിയാണ്. ഒന്ന് അവിടെ സംഭവിക്കുന്ന ജനാധിപത്യപരമായ മാറ്റത്തിന്റെ പേരിലാണ്. പട്ടാള മേധാവിത്വത്തിന്റെ മുഷ്‌കുകളില്‍ നിന്ന് മ്യാന്‍മര്‍ ജനത പതുക്കെ ജനാധിപത്യത്തിലേക്ക് ചുവടു വെക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസിയെ സര്‍ക്കാറുണ്ടാക്കാന്‍ സൈന്യം അനുവദിച്ചിരിക്കുന്നു. ആംഗ് സാന്‍ സൂക്കിയുടെ പാര്‍ട്ടിയാണ് എന്‍ എല്‍ ഡി. പട്ടാളം നിശ്ചയിക്കുന്ന നിശ്ചിത ശതമാനം എം പിമാര്‍ പാര്‍ലിമെന്റില്‍ ഉണ്ടെങ്കിലും പ്രാതിനിധ്യ ജനാധിപത്യത്തില്‍ ഏറെ മുന്നോട്ട് പോകാന്‍ മ്യാന്‍മറിന് സാധിച്ചിരിക്കുന്നു. ഇത് ഏറെ ആവേശകരമാണ്. സാക്ഷാല്‍ ആംഗ് സാന്‍ സൂക്കി തന്നെ ഭരണത്തിന് നേതൃത്വം കൊടുക്കുന്നുവെന്നത് അതിലേറെ പ്രചോദനകരവും.
എന്നാല്‍ ഈ തിളക്കങ്ങളെയാകെ കെടുത്തുന്നതാണ് ഈ രാജ്യത്തെ രാഖിനെ പ്രവിശ്യയില്‍ റോഹിംഗ്യാ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന ക്രൂരമായ വംശഹത്യ. മതവിശ്വാസം മുറുകെ പിടിക്കുന്നു എന്ന ഒറ്റ കാരണത്താല്‍ പൗരത്വം പോലും അനുവദിക്കാതെ ഇവരെ ആട്ടിയോടിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അരങ്ങേറിയ ആക്രമണത്തില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കം നൂറ് കണക്കിന് മുസ്‌ലിംകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്യുകയുമുണ്ടായി. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനത്തിന് വിലക്കുണ്ടായിട്ടും മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബുദ്ധതീവ്രവാദികള്‍ നടത്തുന്ന അതിക്രമങ്ങള്‍ ഇത്തവണ ലോക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. സാമൂഹിക മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ വലിയ പങ്കു വഹിച്ചു. ഇതോടെ വിവിധ ഏജന്‍സികള്‍ മ്യാന്‍മറിലെ വസ്തുതകളിലേക്ക് ഇറങ്ങിച്ചെന്നു. ഇതേത്തുടര്‍ന്ന് യു എന്‍ മനുഷ്യാവകാശ സമിതി തന്നെ അന്വേഷണം പ്രഖ്യാപിച്ചു. മാര്‍ച്ചില്‍ നടന്ന പ്രാഥമികാന്വേഷണത്തില്‍ നിരവധി വസ്തുതകള്‍ യു എന്‍ സമിതി ശേഖരിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, ബംഗ്ലാദേശില്‍ കഴിയുന്ന റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ തുടങ്ങിയവരുമായി സംസാരിച്ചാണ് യു എന്‍ സമിതി പ്രാഥമിക വിവര ശേഖരണം നടത്തിയത്. രാഖിനെ പ്രവിശ്യയില്‍ സൈന്യവും പോലീസും അടക്കം ഔദ്യോഗിക സംവിധാനങ്ങള്‍ ബുദ്ധ തീവ്രവാദികളെ അമര്‍ച്ച ചെയ്യുന്നതിന് പകരം വംശഹത്യക്ക് കൂട്ടുനിന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ യു എന്‍ മനുഷ്യാവകാശ സമിതി സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അന്വേഷണത്തോട് സഹകരിക്കില്ലെന്നാണ് ബ്രസല്‍സില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആംഗ് സാന്‍ സൂക്കി വ്യക്തമാക്കിയിരിക്കുന്നത്. യൂറോപ്യന്‍ യൂനിയന്‍ നയതന്ത്ര മേധാവി ഫ്രെഡറിക മൊഗേരിനിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സൂക്കി ഈ നിലപാട് പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ്. യു എന്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും തന്റെ സര്‍ക്കാര്‍ തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട് എന്നുമുള്ള സൂക്കിയുടെ നിലപാടിന് ഇ യുവിന്റെ പിന്തുണയുണ്ടെന്ന് വേണം മനസ്സിലാക്കാന്‍. ആംഗ് സാന്‍ സൂക്കി നൊബേല്‍ സമ്മാന ജേതാവാണ്. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമായുള്ള പോരാട്ടത്തില്‍ ദീര്‍ഘകാലം തടവില്‍ കിടന്ന ആളാണ്. അത്തരമൊരാള്‍ അധികാരത്തിന്റെ താക്കോല്‍ സ്ഥാനത്ത് വരുമ്പോള്‍ ലോകം ന്യായമായും നീതി പ്രതീക്ഷിക്കും.
തന്റെ രാജ്യത്തിന്റെ എല്ലാ വലിപ്പത്തരങ്ങളും റാഖിനെ പ്രവിശ്യയിലെ വംശശുദ്ധീകരണത്തിന് മുന്നില്‍ അപ്രസക്തമാകുമെന്ന് സൂക്കിക്ക് നന്നായറിയാം. പക്ഷേ, ആക്ടിവിസ്റ്റില്‍ നിന്ന് ഭരണാധികാരിയില്‍ എത്തുമ്പോള്‍ സൂക്കിയും ഭൂരിപക്ഷ ബോധത്തിന് വഴിപ്പെടുകയാണ്. ജനഹിതം മറക്കുകയാണ്. 20 ലക്ഷത്തോളം വരുന്ന ആ ജനതയില്‍ പകുതിയിലേറെ പേരും, ഏതാണ്ട് 12 ലക്ഷത്തോളം, ഇതിനകം അഭയാര്‍ഥികളായി കഴിഞ്ഞു. സഊദി അറേബ്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, മലേഷ്യ, തായ്‌ലാന്‍ഡ്, ഇന്ത്യ എന്നിവിടങ്ങളിലായാണ് ഇത്രയും വരുന്ന അഭയാര്‍ഥികള്‍ വര്‍ഷങ്ങളായി കഴിയുന്നത്. അഷിന്‍ വിരാതു എന്ന ബുദ്ധ സന്യാസി നയിക്കുന്ന ബോധു ബല സേനയെന്ന തീവ്രവാദി വിഭാഗമാണ് ക്രൂരമായ അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഈ അതിക്രമങ്ങള്‍ അരങ്ങേറുമ്പോള്‍ അത് ലോകം അറിയുന്നതിലാണ് സൂക്കിക്ക് വേവലാതി. പ്രവിശ്യയിലെ മുസ്‌ലിംകളെ റോഹിംഗ്യകളെന്ന് വിളിക്കരുതെന്നാണ് ഏറ്റവും ഒടുവില്‍ അവര്‍ ഇറക്കിയ ഉത്തരവ്. യു എന്നിന് മുമ്പിലും അന്താരാഷ്ട്ര പ്രതിനിധികള്‍ക്ക് മുമ്പിലും അവര്‍ ഈ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. റാഖിനെ പ്രവിശ്യയിലെ ‘മുസ്‌ലിം ന്യൂനപക്ഷ’മെന്നേ വിശേഷിപ്പിക്കാവൂ എന്നാണ് നിഷ്‌കര്‍ഷ. റോഹിംഗ്യ എന്ന പേരു പോലും മുസ്‌ലിംകളില്‍ നിന്ന് കവര്‍ന്നെടുക്കുകയാണ്. പഴയ ബര്‍മയിലെ പരമ്പരാഗത നിവാസികളാണ് ഇവരെന്ന് തെളിയിക്കാന്‍ അവരുടെ കൈയില്‍ ചരിത്രവും ഈ പേരും മാത്രമേയുള്ളൂ. ഈ സാഹചര്യത്തില്‍ സൂക്കിയെന്ന പോരാളിക്ക് മേല്‍ അപദാനം ചൊരിഞ്ഞ വന്‍ ശക്തികള്‍ തന്നെ ഭരണാധികാരിയായി വളര്‍ന്ന അവരെ നിലക്കു നിര്‍ത്താന്‍ തയ്യാറാകണം. മ്യാന്‍മര്‍ വംശഹത്യയില്‍ നിഷ്പക്ഷ അന്വേഷണം നടക്കുക തന്നെ വേണം.