സെൻകുമാർ സ്ഥാനമേറ്റു; സർക്കാറുമായി ഏറ്റുമുട്ടലിനില്ലെന്ന്

Posted on: May 6, 2017 6:34 pm | Last updated: May 6, 2017 at 6:34 pm

തിരുവനന്തപുരം: പുനര്‍നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങിയതിന് പിന്നാലെ ഡിജിപിയായി ടിപി സെന്‍കുമാര്‍ ചുമതലയേറ്റു. സര്‍ക്കാറുമായി ഒരു വിധ ഏറ്റുമുട്ടലിനും താന്‍ ഉദ്ദേശിക്കുന്നില്ലെന്നും തന്റെ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കുന്ന എന്തെങ്കിലും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനമേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സെന്‍കുമാര്‍.

സ്ത്രീസുരക്ഷക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. ജനങ്ങള്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യുകയാണ് ലക്ഷ്യം. ഗതാഗത അപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ക്ക് വീണ്ടും തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പോലീസ് മേധാവി സര്‍ക്കാറിന് കീഴിലുള്ള ഉദ്യോഗസ്ഥനാണ്. ഡിവൈഎസ്പിമാരെ മാററുന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. അതിന് സര്‍ക്കാറിന് അധികാരമുണ്ട്. ഇക്കാര്യത്തില്‍ തനിക്ക് ഒന്നും ചെയ്യാനില്ല. രമണ്‍ ശ്രീവാസ്തവ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണ്. അദ്ദേഹം പോലീസിന്റെ കാര്യത്തില്‍ ഇടപെടുമെന്ന് കരുതുന്നില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.