Connect with us

Kerala

ഖമറുന്നിസ അന്‍വറിനെ വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി

Published

|

Last Updated

മലപ്പുറം: ഡോ. ഖമറുന്നിസ അന്‍വറിനെ വിനിതാ ലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി. കെ പി മറിയുമ്മക്കാണ്‌ താത്കാലിക ചുമതല. ബിജെപി സംസ്ഥാനകമ്മിറ്റിയുടെ ഫണ്ട് ശേഖരണപരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചതും ബി ജെ പിയെ പുകഴ്ത്തി സംസാരിച്ചതും വിവാദമായ സാഹചര്യത്തിലാണ് നടപടി. ഇത് സംബന്ധിച്ച് അവര്‍ ഖേദപ്രകടനം നടത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടി നടപടിയില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ മാപ്പ് പറഞ്ഞ ശേഷവും ബി ജെ പി യെ അനുകൂലിച്ചു എന്ന പരാതിയിലാണ് നടപടി.

ഖമറുന്നിസയുടെ നിലപാട് അണികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനും അമര്‍ഷത്തിനും ഇടയാക്കിയിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും വളരെവേഗം വളര്‍ന്നുവരുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും നാടിന്റെ വികസനത്തിനും നാട്ടുകാരുടെ നന്മയ്ക്കും ബിജെപിക്ക് ധാരാളം കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് തങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്നും ഖമറുന്നിസ അന്‍വര്‍ പറഞ്ഞിരുന്നു.

ബിജെപി സംസ്ഥാനകമ്മിറ്റിയുടെ ഫണ്ട് ശേഖരണപരിപാടിയുടെ മണ്ഡലം ഉദ്ഘാടനം നിര്‍വഹിച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇവര്‍ വിവാദത്തിന് തിരികൊളുത്തിയ പ്രസ്താവന നടത്തിയത്. ബിജെപിയുടെ തിരൂര്‍ മണ്ഡലം അധ്യക്ഷന്‍ കെപി പ്രദീപ്കുമാറിന് സംഭാവന കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ബിജെപിയെ ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഉള്‍ക്കരുത്താണ് ഖമറുന്നിസയുടെ പ്രതികരണമെന്ന് പ്രദീപ് കുമാര്‍ പ്രതികരിക്കുകയും ചെയ്തു. വനിതാ ലീഗ് അധ്യക്ഷ ഫണ്ട് കൈമാറിക്കൊണ്ട് പ്രശംസിച്ചത് വലിയ കരുത്തായി കാണുന്നതായും ബി ജെ പി നേതാക്കള്‍ പ്രതികരിച്ചു.

വനിതാ ലീഗ് രൂപവത്കരണ കാലം മുതല്‍ അധ്യക്ഷയായി പ്രവര്‍ത്തിക്കുന്ന ഖമറുന്നിസ സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സാമൂഹികക്ഷേമ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗമാണ്. 1996ല്‍ കോഴിക്കോട് രണ്ടില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.