Connect with us

Ongoing News

മെസിയുടെ വിലങ്ങഴിച്ചു ! അര്‍ജന്റീനക്ക് ആശ്വാസം

Published

|

Last Updated

സൂറിച്: ലോകകപ്പിന് അര്‍ജന്റീനയുണ്ടാകും ! അതേ, അവരുടെ മിശിഹാ ലയണല്‍ മെസിക്ക് നാല് മത്സരങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഫിഫ റദ്ദാക്കി. മാര്‍ച്ചില്‍ ചിലിക്കെതിരായ മത്സരത്തിനിടെ റഫറിയോട് കേട്ടാലറയ്ക്കുന്ന പദപ്രയോഗങ്ങള്‍ നടത്തിയതിനായിരുന്നു ഫിഫ നാല് മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
എന്നാല്‍, വിലക്ക് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനും മെസിയും നല്‍കിയ അപ്പീല്‍ ഫിഫ മുഖവിലക്കെടുത്തു. കുറ്റം തെളിയിക്കാന്‍ പോന്ന തെളിവുകള്‍ ഇല്ലെന്നാണ് വിലക്ക് റദ്ദാക്കവെ ഫിഫ വ്യക്തമാക്കിയത്.
മത്സരം നിയന്ത്രിച്ച ബ്രസീലിയന്‍ റഫറിക്കെതിരെ ദേഷ്യപ്പെട്ട് കയര്‍ക്കുന്നത് മത്സരശേഷം വീഡിയോ ദൃശ്യങ്ങളിലൂടെ കണ്ടതിനെ തുടര്‍ന്നാണ് ഫിഫ നടപടി സ്വീകരിച്ചത്. റഫറി പരാതി നല്‍കിയിരുന്നില്ല.
വിലക്ക് നീങ്ങിയത് അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ പ്രതീക്ഷകള്‍ സജീവമാക്കി. ഇനിയുള്ള മത്സരങ്ങളില്‍ തിരിച്ചടി നേരിട്ടാല്‍ അര്‍ജന്റീനക്ക് 2018 റഷ്യ ലോകകപ്പ് ടിക്കറ്റ് ലഭിക്കില്ല. ഉറുഗ്വെ, വെനിസ്വെല, പെറു, ഇക്വഡോര്‍ ടീമുകള്‍ക്കെതിരെയാണ് അര്‍ജന്റീനയുടെ ശേഷിക്കുന്ന യോഗ്യതാ മത്സരങ്ങള്‍.
നാല് മത്സര വിലക്കിനെ തുടര്‍ന്ന് ബൊളിവിയക്കെതിരായ മത്സരത്തില്‍ നിന്ന് മെസിക്ക് വിട്ടു നില്‍ക്കേണ്ടി വന്നിരുന്നു. ഈ മത്സരം അര്‍ജന്റീന തോല്‍ക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്ക് മുമ്പ് ഫിഫ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ അര്‍ജന്റീന കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ബാഴ്‌സലോണ ക്ലബ്ബും മെസിക്കെതിരെ ഫിഫ കൈക്കൊണ്ട നടപടിയെ അപലപിച്ചു.
ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീന. ആദ്യ നാല് സ്ഥാനക്കാര്‍ നേരിട്ട് യോഗ്യത നേടും. ഒന്നാം സ്ഥാനത്തുള്ള ബ്രസീല്‍ ഇതിനകം യോഗ്യത സമ്പാദിച്ചു കഴിഞ്ഞു. അഞ്ചാം സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫ് കളിച്ച് ലോകകപ്പ് ടിക്കറ്റ് നേടാനുള്ള അവസരമുണ്ട്.

Latest