എസ് എസ് എല്‍ സി

Posted on: May 6, 2017 6:03 am | Last updated: May 5, 2017 at 11:33 pm
SHARE

ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയശതമാനത്തില്‍ നേരിയ കുറവുണ്ടെങ്കിലും 4. 2 ശതമാനം കുട്ടികള്‍ മാത്രമാണ് തോറ്റത്. 95. 98 ആണ് വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം ഇത് 96. 59 ആയിരുന്നു. 4,55,453 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 4,37,156 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയിട്ടുണ്ട്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണം 20,967 ആണ്. 405 സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ 1,174 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടിയിട്ടുണ്ട്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി 95 ശതമാനത്തിന് മുകളിലാണ് പത്താം ക്ലാസ് വിജയം. 2005ല്‍ ഗ്രേഡിംഗും നിരന്തര മൂല്യനിര്‍ണയവും നടപ്പിലായത് മുതലാണ് പരമാവധി കുട്ടികളെ ജയിപ്പിക്കുന്ന തരത്തിലേക്ക് പത്താം ക്ലാസ് പരീക്ഷ മാറിയത്. 2005ല്‍ 58. 48 ആയിരുന്ന വിജയശതമാനം 2007ല്‍ 82.29 ശതമാനമായി ഉയര്‍ന്നു. 2008ല്‍ 92.09 ശതമാനവും 2010ലും 2011ലും 91 ശതമാനവും. തുടര്‍ന്നുള്ള വര്‍ഷങ്ങളിലിത് 91. 37, 93. 64 94. 17, 95. 47 എന്നിങ്ങനെ ഉയര്‍ന്നു. പരീക്ഷയെഴുതാനെത്തുന്ന മഹാഭൂരിപക്ഷവും ക്ലാസ് കയറ്റം നേടി ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹരാകുന്നുണ്ട് ഇപ്പോള്‍. ഈ ഉയര്‍ച്ച പക്ഷേ കേവലം ഉപരിപ്ലവമാണ്.
പഠന നിലവാരം ഉയരുമ്പോഴാണ് സ്വാഭാവികമായി വിജയ ശതമാനം ഉയരുന്നത്. എന്നാല്‍ കേരളത്തില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന എസ് എസ് എല്‍ സി വിജയശതമാനവും പഠന നിലവാരവും തമ്മില്‍ ആനുപാതികമായ ബന്ധമില്ലെന്നത് വസ്തുതയാണ്. സംസ്ഥാനത്ത് ഓരോ വര്‍ഷം കഴിയുന്തോറും വിദ്യാര്‍ഥികളുടെ പഠന നിലവാരം താഴ്ന്നു കൊണ്ടിരിക്കയാണെന്നും ‘പഠിക്കാത്ത’ കുട്ടികള്‍ക്ക് ക്ലാസ് കയറ്റം നല്‍കുന്നത് സ്‌കൂള്‍വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നുണ്ടെന്നും അത്തരം കുട്ടികളെ തോല്‍പ്പിക്കാന്‍ കഴിയുംവിധം വിദ്യാഭ്യാസാവകാശനിയമത്തില്‍ മാറ്റംവരുത്തണമെന്നും കേരള സര്‍ക്കാര്‍ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. മാര്‍ക്ക് വാരിക്കോരി നല്‍കിയാണ് വിജയശതമാനം ഉയര്‍ത്തുന്നത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലക്കോ, വിദ്യാര്‍ഥികള്‍ക്കോ അല്ല എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇതിന്റെ ഗുണം. സംസ്ഥാനത്ത് നിലവിലെ അവസ്ഥയില്‍ പത്താം തരം പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ മേഖലയില്‍ മതിയായ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ഇല്ലാത്തതിനാല്‍ പല വിദ്യാര്‍ഥികളും തൊഴിലധിഷ്ഠിത മേഖലകളിലേക്ക് തിരിയുകയോ എയ്ഡഡ് മേഖലകളില്‍ ഉയര്‍ന്ന തുക കൊടുത്ത് പഠിക്കുകയോ ആണ് ചെയ്യുന്നത്. ഇത് ഹയര്‍ സെക്കന്‍ഡറി സൗകര്യമുള്ള എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് നല്ല കൊയ്ത്തിന് അവസരമേകുന്നു. പത്താം ക്ലാസ് പരീക്ഷ കുത്തനെ ഉയര്‍ന്നതിന് ശേഷം ഹയര്‍ സെക്കന്‍ഡറിക്കായി സര്‍ക്കാറിന് അപേക്ഷിച്ച എയ്ഡഡ് സ്‌കൂളുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായ കാര്യം ശ്രദ്ധേയമാണ്.
മുമ്പ് പലപ്പോഴുമെന്ന പോലെ ഈ വര്‍ഷവും എസ് എസ് എല്‍ സി പരീക്ഷ വിവാദങ്ങളോടെയാണ് നടന്നത്. കണക്ക് ചോദ്യപ്പേപ്പറാണ് ഇത്തവണ വിവാദത്തിന് വഴിയൊരുക്കിയത്. ഒരു സ്വകാര്യ സ്ഥാപനത്തിലെ മോഡല്‍ പരീക്ഷക്ക് തയാറാക്കിയ ചോദ്യപ്പേപ്പറുമായി എസ് എസ് എല്‍ സി കണക്ക് ചോദ്യങ്ങള്‍ക്ക് സാമ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മാര്‍ച്ച് 20 ന് നടക്കേണ്ടിയിരുന്ന കണക്ക് പരീക്ഷ റദ്ദാക്കുകയും പിന്നീട് പുതിയ ചോദ്യ പ്പേപ്പര്‍ തയാറാക്കി മാര്‍ച്ച് 30 നടത്തുകയുമായിരുന്നു. 2015ലെ എസ് എസ് എല്‍ സി പരീക്ഷാ ഫലപ്രഖ്യാപനത്തിലാണ് ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചത്. അന്ന് പല വിദ്യാര്‍ഥികളുടെയും ഗ്രേഡ് തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. മിക്ക വിഷയങ്ങള്‍ക്കും പലര്‍ക്കും ഗ്രേഡ് രേഖപ്പെടുത്തിയിരുന്നുമില്ല. ഒരാഴ്ചക്ക് ശേ ഷം തെറ്റുകള്‍ തിരുത്തി വീണ്ടും ഫലപ്രഖ്യാപനം നടത്തുകയായിരുന്നു.
ഈ സാഹചര്യത്തില്‍, ഇന്നത്തെ നിലയില്‍ എസ് എസ് എല്‍ സി പൊതുപരീക്ഷയായി നിലനിര്‍ത്തേണ്ടതുണ്ടോ എന്നൊരു ചര്‍ച്ച ഉയര്‍ന്നു വരുന്നുണ്ട്. നേരത്തെ സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാഭ്യാസം പത്താം ക്ലാസോടെ അവസാനിച്ചിരുന്ന ഘട്ടത്തില്‍ എസ് എസ് എല്‍ സി പരീക്ഷക്ക് പ്രാമുഖ്യം ഉണ്ടായിരുന്നു. ഇന്ന് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ്ടുവായി മാറിയിട്ടുണ്ട്. ഇതനുസരിച്ചു സ്‌കൂള്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റായി ഇനി പരിഗണിക്കപ്പെടുക പ്ലസ്ടു സര്‍ട്ടിഫിക്കറ്റാണ്. ഇതോടെ പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റിന്റെ മൂല്യം നഷ്ടപ്പെടുന്നു. അതുകൊണ്ട് പത്താം ക്ലാസ് പരീക്ഷയുടെ രീതി മാറ്റണമെന്നും പ്ലസ് വണ്‍ ക്ലാസുകളില്‍ കുട്ടികളുടെ തുടര്‍ പഠനത്തിന് സഹായകമാകും വിധം വ്യത്യസ്ഥ വിഷയങ്ങളിലുള്ള താത്പര്യം കണ്ടെത്തുന്നതിനുള്ള അഭിരുചി പരീക്ഷയായി പത്താം ക്ലാസ് പരിഷ്‌കരിക്കണമെന്നുമാണ് വിദ്യാഭ്യാസ വിചക്ഷണരില്‍ പലരുടെയും അഭിപ്രായം. ഒമ്പതാം ക്ലാസില്‍ നിന്ന് പത്താം ക്ലാസിലേക്കെന്ന പോലെ പത്തില്‍ നിന്ന് പതിനൊന്നിലേക്കും കുട്ടികള്‍ പൊതുപരീക്ഷ കൂടാതെ പ്രവേശിക്കട്ടെ. പൊതു പരീക്ഷ പ്ലസ്ടുവിന് മതിയെന്നാണ് അവരുടെ അഭിപ്രായം. സംസ്ഥാനത്ത് ചില സ്‌കൂളുകളില്‍ പത്താം ക്ലാസ് പഠന സൗകര്യമേയുള്ളൂവെന്നതാണ് ഇതിനൊരു തടസ്സം. അത്തരം സ്‌കൂളുകളുടെ ഗ്രേഡ് ഉയര്‍ത്തി അത് പരിഹരിക്കാവുന്നതേയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here