യുവാവിനെ ഇസിലിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് ആഡ് ചെയ്തു; എന്‍ ഐ എ അന്വേഷണം തുടങ്ങി

Posted on: May 5, 2017 11:52 pm | Last updated: May 5, 2017 at 11:52 pm
SHARE

യുവാവിനെ ഇസിലിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് ആഡ് ചെയ്തു; എന്‍ ഐ എ അന്വേഷണം തുടങ്ങി
കാസര്‍കോട്: ഫര്‍ണിച്ചര്‍ വ്യാപാരിയായ യുവാവിന്റെ വാട്‌സ് അപ്പിലേക്ക് അഫ്ഗാനില്‍നിന്ന് തീവ്രവാദ സംഘടനയായ ഇസിലിന്റെ സന്ദേശമെത്തിയതുസംബന്ധിച്ച് എന്‍ ഐ എ അന്വേഷണം തുടങ്ങി. കാസര്‍കോട് അണങ്കൂരില്‍ ഫര്‍ണിച്ചര്‍ വ്യാപാരിയായ ഹാരിസിന്റെ വാട്‌സ് അപ്പിലാണ് മെസേജ് ടു കേരള എന്ന പേരിലുള്ള ഗ്രൂപ്പ് ആഡ് ചെയ്യപ്പെട്ടത്.

ഹാരിസ് പരിശോധിച്ചപ്പോള്‍ ഇത് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഇസില്‍ ഗ്രൂപ്പിന്റെതാണെന്ന സംശയം ബലപ്പെട്ടു. തന്റെ അനുവാദമില്ലാതെ വാട്‌സ് അപ്പില്‍ ഇങ്ങനെയൊരു ഗ്രൂപ്പ് ആഡ് ചെയ്തതിനെക്കുറിച്ച് ഹാരിസ് ചോദിച്ചപ്പോള്‍ മറുപടിയൊന്നും നല്‍കാതെ എന്തൊക്കെയോ പ്രഭാഷണങ്ങളടങ്ങിയ ഓഡിയോകളും വീഡിയോകളുമാണ് പോസ്റ്റ് ചെയ്തത്. തീവ്രവാദത്തെയും ജിഹാദിനെയും അനുകൂലിക്കുന്ന പ്രഭാഷണങ്ങളാണ് ഇവയില്‍ അടങ്ങിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഹാരിസ് കൊച്ചിയിലെ എന്‍ ഐ എക്കും കാസര്‍കോട് ടൗണ്‍ സി ഐക്കും പരാതി നല്‍കുകയായിരുന്നു. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഇസിലിന്റെ പേരില്‍ വാട്‌സ് ആപ് ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ അയക്കുന്നുണ്ടെന്നും ഇങ്ങനെ സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ ഉന്നത അന്വേഷണ ഏജന്‍സികളെ വിവരമറിയിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇത്തരം ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുന്നവര്‍ പിന്നീട് നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നതിനാല്‍ അങ്ങനെയുള്ള ഗ്രൂപ്പുകള്‍ ഒഴിവാക്കണമെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നുമാണ് നിര്‍ദേശം.

ഹാരിസിന് പുറമെ മറ്റുപലരുടെയും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ഇസില്‍ ഗ്രൂപ്പ് ആഡ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഈ ഗ്രൂപ്പുകളില്‍ ആകൃഷ്ടരായി അനുകൂല സന്ദേശങ്ങള്‍ അയക്കുന്നുണ്ടോയെന്നറിയാന്‍ പോലീസിന്റെയും മറ്റ് അന്വേഷണ ഏജന്‍സികളുടെയും സൈബര്‍ ഗ്രൂപ്പുകള്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ നിന്നടക്കം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഐ എസില്‍ ചേരാന്‍ അഫ്ഗാനില്‍ പോയവരുടെ സന്ദേശങ്ങള്‍ ബന്ധുക്കള്‍ക്ക് എത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് നിരവധി പേരെ തീവ്രവാദ സംഘടനയില്‍ ചേര്‍ക്കുന്നതിനായി ഫേസ് ബുക്കിലും വാട്‌സ് ആപ്പിലും വിവിധ പേരുകളില്‍ ഇസില്‍ ഗ്രൂപ്പുകള്‍ സജീവമായിരിക്കുന്നത്.

ഇത്തരംപ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ ഇസില്‍ ഏജന്റുമാര്‍ ഏറെയാണ്. പുത്തന്‍ ആശയക്കാരായ ചില സംഘടനകളുടെ മറവിലാണ് കേരളത്തില്‍ ഇസിലിന്റെ പ്രവര്‍ത്തനം. സന്ദേശം ലഭിച്ച ഹാരിസില്‍ നിന്ന് എന്‍ ഐ എയുടെ കാസര്‍കോട് യൂനിറ്റ് വിവരങ്ങള്‍ ആരാഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here