ടിപി സെന്‍കുമാര്‍ കേസ്: സുപ്രീംകോടതി നടപടി തിരിച്ചടിയല്ലെന്ന് മന്ത്രി എകെ ബാലന്‍

Posted on: May 5, 2017 1:48 pm | Last updated: May 5, 2017 at 2:59 pm

തിരുവനന്തപുരം: ടി.പി. സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കണമെന്ന സുപ്രീം കോടതി ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ട സര്‍ക്കാര്‍ ഹര്‍ജി തള്ളിയ നടപടിയെ ന്യായീകരിച്ച് നിയമന്ത്രി എ.കെ. ബാലന്‍ രംഗത്ത്. സുപ്രീംകോടതി നടപടി തിരിച്ചടിയല്ലെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോടതിയെ സമീപിക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ട്. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. വിശദീകരണം ചോദിക്കാന്‍ സര്‍ക്കാരിന് അവസരമുണ്ട്. സര്‍ക്കാര്‍ അത് ചെയ്തുവെന്നുമാത്രം. ഇതില്‍ എന്താണ് തെറ്റ്. ഭാവിനടപടികള്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിക്കൂവെന്നും എ.കെ. ബാലന്‍ പറഞ്ഞു.

ടിപി സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍തിരിച്ചടിയാണ് ഉണ്ടായത്. സുപ്രീം കോടതി സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. വ്യക്തത ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളുകയും ചെയ്തിരുന്നു. 25,000 രൂപ കോടതിച്ചെലവ് സര്‍ക്കാര്‍ കെട്ടിവയ്ക്കണം. വിധി നടപ്പാക്കിയില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്നും കോടതി വ്യക്തമാക്കി. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.