എച്ച് വണ്‍ എന്‍ വണ്‍: ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ്‌

Posted on: May 5, 2017 12:24 pm | Last updated: May 5, 2017 at 12:24 pm

കോഴിക്കോട്: ജില്ലയിലെ മലയോര മേഖലകളിലടക്കം എച്ച് വണ്‍ എന്‍ വണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ഒരു പിഞ്ചുകുട്ടി മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ശക്തമായ ജാഗ്രതാ നിര്‍ദേശം. കഴിഞ്ഞ ആഴ്ച ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ എച്ച് വണ്‍ എന്‍ വണ്‍ അടക്കമുള്ള പകര്‍ച്ചപ്പനികള്‍ക്കെതിരെ പ്രതിരോധിക്കുന്നതിന് ശുദ്ധജലം ഉറപ്പുവരുത്തുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കു ചീറ്റുമ്പോഴും വൈറസ് ഏകദേശം ഒരു മീറ്റര്‍ ചുറ്റളവില്‍ അന്തരീക്ഷത്തിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഇതുമൂലം പരിസരത്തുള്ളവര്‍ക്ക് അണുബാധയുണ്ടാകാം. വസ്തുക്കള്‍ രോഗാണുക്കളാല്‍ മലിനമാകും. മലിനമായ വസ്തുക്കളെ സ്പര്‍ശിച്ച ശേഷം കൈകള്‍ കഴുകാതെ മൂക്കിലും കണ്ണിലും വായിലും തൊട്ടാലും രോഗാണുബാധയുണ്ടാകാമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പകര്‍ച്ചപ്പനിയുടെ ലക്ഷണങ്ങളായ തൊണ്ടവേദന, ചുമ ശരീരവേദന എന്നിവ അനുഭവപ്പെട്ടാല്‍ ഡോക്ടറുടെ ഉപദേശം തേടിയ ശേഷം ഏഴ് മുതല്‍ 10 ദിവസം വരെ വീട്ടില്‍ തന്നെ കഴിയുക, ചികിത്സാ സഹായം തേടാനല്ലാതെ യാത്ര ചെയ്യരുത്, നന്നായി വിശ്രമിക്കുക, ധാരാളം വെള്ളം കുടിക്കുക, പോഷകാഹാരം കഴിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്താല്‍ ഭൂരിഭാഗം രോഗികളുടേയും രോഗം മാറിയേക്കും.
രോഗി ചികിത്സക്കോ പരിശോധനക്കോ പുറത്തിറങ്ങേണ്ടി വന്നാല്‍ മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാന്‍ മാസ്‌ക് ധരിക്കണം, മാസ്‌ക് ഇല്ലാത്തപക്ഷം തൂവാലയോ ടിഷ്യൂപേപ്പറോ ഉപയോഗിക്കണം. എച്ച് വണ്‍ എന്‍ വണ്ണിന് ഫലപ്രദമായ ചികിത്സ എല്ലാ ജില്ലാ, ജനറല്‍ ആശുപത്രികളിലും ഉറപ്പുവരുത്തിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. എച്ച് വണ്‍ എന്‍ വണ്ണിനെ കൂടാതെ ജില്ലയില്‍ ഡെങ്കിപ്പനി അടക്കമുള്ള മറ്റ് ജലജന്യ രോഗങ്ങളം പടരുന്നുണ്ട്. 49 പേര്‍ക്ക് ഇതിനകം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു. ബാലുശ്ശേരി, കൂരാച്ചുണ്ട്, നന്മണ്ട, രാമനാട്ടുകര, പനങ്ങാട്, കാക്കൂര്‍ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലും റിപ്പോര്‍ട്ട് ചെയ്തത്.