പന്തടിയില്‍ ഗുജറാത്ത് വീണു

Posted on: May 5, 2017 10:14 am | Last updated: May 5, 2017 at 10:16 am

ഡല്‍ഹി: ഫിറോസ് ഷാ കോട്‌ലയില്‍ ബാറ്റിംഗ് വിസ്മയമൊരുക്കിയ ഋഷഭ് പന്തിന്റെയും മലയാളി താരം സഞ്ജു സാംസണിന്റെയും മികവില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് തകര്‍പ്പന്‍ ജയം. ഗുജറാത്ത് പടുത്തുയര്‍ത്തിയ 208 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഡല്‍ഹി 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 43 പന്തില്‍ ഒമ്പത് സിക്‌സറും ആറ് ബൗണ്ടറികളും പറത്തിയ പന്ത് 97 റണ്‍സടിച്ചുകൂട്ടി. 31 പന്തില്‍ ഏഴ് സിക്‌സറുകള്‍ സഹിതം 61 റണ്‍സ് നേടിയ സഞ്ജു പന്തിന് മികച്ച പിന്തുണ നല്‍കി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 143 റണ്‍സാണ് ഡല്‍ഹി ജയത്തിന് അടിത്തറയൊരുക്കിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുത്തു. ക്യാപ്റ്റന്‍ സുരേഷ് റെയ്നയുടെയും (43 പന്തില്‍ 77), വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ദിനേശ് കാര്‍ത്തിക്കിന്റെയും (34 പന്തില്‍ 65) വെടിക്കെട്ട് ബാറ്റിംഗാണ് ഗുജറാത്തിന് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. നാല് സിക്സറുകളും അഞ്ച് ബൗണ്ടറികളും ഉള്‍പ്പെടുന്നതാണ് റെയ്നയുടെ ഇന്നിംഗ്സ്. കാര്‍ത്തിക്ക് അഞ്ച് വീതം സിക്സറുകളും ബൗണ്ടറികളും പറത്തി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 133 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രണ്ടാം ഓവറില്‍ പത്ത് റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ഗുജറാത്തിനെ ഇരുവരും ചേര്‍ന്ന് മുന്നോട്ട് നയിക്കുകയായിരുന്നു. ഇവര്‍ മടങ്ങിയ ശേഷമെത്തിയ ഇശാന്‍ കിഷന്‍ (നാല്), ഫോക്നര്‍ (ഒന്ന്) എന്നിവര്‍ എളുപ്പത്തില്‍ കീഴടങ്ങി. ഓപണര്‍മാരായ ഡ്വെയ്ന്‍ സ്മിത്ത് ഒമ്പത് റണ്‍സിനും ബ്രണ്ടന്‍ മക്കെല്ലം ഒരു റണ്‍സിനും പുറത്തായി.

ജഡേജ ഏഴ് പന്തില്‍ 18 റണ്‍സുമായി പുറത്താകാതെ നിന്നു. ഡല്‍ഹിക്കായി റബാഡ, കുമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.