തൃശൂര്‍ പൂരലഹരിയില്‍; ചെറുപൂരങ്ങള്‍ വരവ് തുടങ്ങി

Posted on: May 5, 2017 10:09 am | Last updated: May 5, 2017 at 10:09 am

തൃശൂര്‍: പ്രൂരപ്രേമികള്‍ക്ക് ആവേശമായി തൃശൂര്‍ പൂര ചടങ്ങുകള്‍ തുടങ്ങി. ചെറുപൂരങ്ങള്‍ രാവിലെ മുതല്‍ വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്ക് എത്തിത്തുടങ്ങി. പുലര്‍ച്ചെ കണിമംഗലം ശാസ്താവ് എഴുന്നള്ളിയതോടെയാണ് പൂര ചടങ്ങുകള്‍ക്ക് തുടക്കമായത്.

11.30ന് കോങ്ങാട് മധുവിന്റെ നേതൃത്വത്തില്‍ മഠത്തില്‍വരവ് പഞ്ചവാദ്യം കൊട്ടിക്കയറും. രണ്ടരയോടെ ഇലഞ്ഞിച്ചോട്ടില്‍ പെരുവനം കുട്ടന്‍മാരാര്‍ മേളപ്പെരുമഴ തീര്‍ക്കും. വൈകീട്ട് 4.30ന് തെക്കോട്ടിറക്കം. തുടര്‍ന്ന് കുടമാറ്റം നടക്കും.. രാത്രി പത്തരയ്ക്ക് പരയ്ക്കാട് തങ്കപ്പന്‍മാരാരുടെ പ്രമാണത്തില്‍ പാറമേക്കാവിന്റെ പഞ്ചവാദ്യം. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് വെടിക്കെട്ട്. രാവിലെ എട്ടിന് പകല്‍പ്പൂരം അരങ്ങേറും. ഉച്ചയ്ക്ക് 12ന് ഉപചാരം ചൊല്ലുന്നതോടെ പൂരം പൂര്‍ണമാകും.