Connect with us

Articles

സി പി എം വിമര്‍ശത്തിന്റെ ശരിതെറ്റുകള്‍

Published

|

Last Updated

ഗ്രാമീണന്റെ പ്രകൃത്യാവബോധവും സഹജീവി സ്‌നേഹവും തെളിനീരിന്റെ ശുദ്ധിയുള്ള വാക്കും പെരുമാറ്റവും കേള്‍ക്കാനും അനുഭവിക്കാനും ഇപ്പോഴും കഴിയുന്ന നാടുകളുണ്ട്. വഴിചോദിച്ചെത്തിയവര്‍ക്കു മുന്നില്‍ നേതാവു തന്നെ വഴികാട്ടിയായി കുന്നും മലയും കയറിയിറങ്ങിയ നാട്ടനുഭവങ്ങള്‍. ഗ്രാമങ്ങളിലെ വിദ്യാഭ്യാസവും ഗതാഗതവും ആധുനികതയുടെ പ്രത്യക്ഷവത്കരണമായി മാറിയ കാലത്തും ഇത്തരം വഴികാട്ടികള്‍ കൈമോശം വന്നില്ല. നഗരത്തിലേതുപോലെയുള്ള സ്വത്വപ്രതിസന്ധികളും പ്രശ്‌നങ്ങളും ഗ്രാമജീവിതത്തില്‍ നിരന്തരം അലോസരം സൃഷ്ടിച്ചപ്പോഴും ഈ പാര്‍ട്ടിയും ഈ നേതാക്കളും ഇങ്ങനെ ഇതുപോലെത്തന്നെ നിലനിന്നു. “പുറത്തു നിന്നും കാണുന്നതല്ല അകത്തെത്തിയാല്‍” എന്ന നാട്ടുമൊഴി പോലെ ഗ്രാമങ്ങളിലെ ഈ നാട്ടുനന്മ ഇപ്പോഴും കാണാനായേക്കും. പറഞ്ഞു വന്നത് സി പി എമ്മിനെ കുറിച്ച് തന്നെയാണ്.
സകലരും കണ്ണടച്ച് ഒറ്റക്കെട്ടായി കാടടച്ച് വെടിയുതിര്‍ത്തപ്പോള്‍ പരുക്കേറ്റതും വാടിക്കരിഞ്ഞതുമെല്ലാം നാട്ടുനന്മയുടെ ഈ പച്ചത്തുരുത്തുകളാണ്. എതാനും നേതാക്കള്‍ മാത്രമാണ് പാര്‍ട്ടിയെന്ന് കരുതുന്നിടത്തേക്ക് വാളും കുന്തവും നിരന്തരം പ്രയോഗിക്കുമ്പോള്‍ അതിന്റെ മുന ചെന്നു പതിച്ച് മുറിവേല്‍ക്കുന്നത് സാധാരണക്കാരായ ഒരു പിടി മനുഷ്യരുടെ മനസ്സിലാണെന്ന് ഒരിക്കല്‍പ്പോലും ആരും ആലോചിച്ചിട്ടുണ്ടാവില്ല. കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യത്യസ്തതയുള്ള ഒന്നാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. നിരവധി പ്രക്ഷോഭങ്ങള്‍, സമരങ്ങള്‍ എന്നിവയെല്ലാം കേരളത്തിന്റെ സാമൂഹിക ഘടനയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഇതിനോടൊപ്പം തന്നെയാണ് കേരളത്തിലെ ഇടുപക്ഷത്തെ അഥവാ സി പി എമ്മിനെയും ചേര്‍ത്തുവായിക്കേണ്ടത്.

നൈതിക പ്രതിഷേധത്തിന്റെ സംഘടിതവും അല്ലാത്തതുമായ ഏറ്റവും ശക്തമായ ധാരയായിരുന്നു ഇക്കാലമത്രയും ഇവിടെ ഇടതു പക്ഷം. കേരളത്തിലെ ഇടതു സ്വാധീനം എന്നുപറയുന്നത് വളരെ ചെറുതായി ആര്‍ക്കും കാണാനാകില്ല. നയ വ്യതിയാനത്തിന്റെ പേരില്‍ ബംഗാളില്‍ തകര്‍ന്ന പാര്‍ട്ടിക്ക് കേരളത്തിലും അതേ അവസ്ഥ വരാനിടയുണ്ടെന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍ ഈ നാടിനെ അത്ര പെട്ടെന്നൊന്നും ബാധിക്കില്ലെന്ന് ഇവിടുത്തെ രാഷ്ട്രീയ കാലാവസ്ഥ പരിശോധിച്ചാല്‍ തന്നെ വ്യക്തമാകും. കേരളത്തിലെ ഏറ്റവും വലിയ വലതുപക്ഷക്കാരനില്‍ പോലും ഇടതുപക്ഷത്തിന്‍േറതായ ഒരു സ്വാധീനം ഉണ്ടെന്ന് കണ്ടെത്തുമ്പോഴാണ് ഇവിടുത്തെ ഇടതുപക്ഷ പ്രസ്ഥാനം അടിവേരിളകാത്ത വിധം എന്തു കൊണ്ടാണ് ഈ മണ്ണിലുറച്ചു നില്‍ക്കുന്നതെന്നും എന്തു കൊണ്ട് ബംഗാളാകില്ലെന്നും ബോധ്യപ്പെടുക. സാമൂഹിക പ്രതിബദ്ധതയും സമൂഹത്തിന് അവശ്യം വേണ്ട നന്മയും പുരോഗമന ചിന്താഗതികളുമൊക്കെ പുലര്‍ത്തിപ്പോന്നിട്ടുള്ളത് ഇവിടുത്തെ പുരോഗമനവാദികളായ മാര്‍ക്‌സിസ്റ്റുകള്‍ തന്നെയാണ്. പാര്‍ട്ടിക്ക് പാരമ്പര്യവും ശക്തിയുമുളള പ്രദേശങ്ങളില്‍ വെറും രാഷ്ട്രീയകാര്യങ്ങളില്‍ ഒതുങ്ങുന്നതല്ല ഇവിടെ പാര്‍ട്ടി പ്രവര്‍ത്തനം. ജനങ്ങളുടെ സാമൂഹിക സാംസ്‌കാരിക ഗാര്‍ഹിക മേഖലകളില്‍ ഇഴപിരിക്കാനാവാത്തവിധം അത് കെട്ടിപ്പിണഞ്ഞു കിടക്കുന്നു. ഇതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ എടുത്തു പറയാനാകും. ചെറുതും വലുതുമായ വഴിത്തര്‍ക്കങ്ങള്‍ മുതല്‍ കുടുംബപ്രശ്‌നങ്ങള്‍ വരെ കൃത്യമായി പരിഹരിക്കുകയും ഏതു കാര്യത്തിലും പക്ഷമില്ലാതെ അഭിപ്രായം പറയാന്‍ നാട് അധികാരപ്പെടുത്തുകയും ചെയ്ത ഒട്ടേറെ പാര്‍ട്ടി ഘടകങ്ങള്‍ ഇന്നും കേരളത്തിലുണ്ട്.

ജാതി-കക്ഷി വ്യത്യാസത്തിനപ്പുറം എന്തിനും ഏതിനും പാര്‍ട്ടിയെ ആശ്രയിക്കുന്ന ഇത്തരം ഗ്രാമങ്ങള്‍ ഇപ്പോഴും അതിന്റെ വിശുദ്ധിയില്‍ തന്നെ ജീവിക്കുന്നുണ്ട്. കയ്യൂര്‍, കരിവെളളൂര്‍, മൊറാഴ,പുന്നപ്രവയലാര്‍ തുടങ്ങി ഓരോ പാര്‍ട്ടി ഗ്രാമവും ത്യാഗോജ്വല സമരങ്ങളുടെ ഇതിഹാസഭൂമികളാണ്. ഈ ചരിത്ര പാരമ്പര്യത്തില്‍ നിന്നാണ് പാര്‍ട്ടിക്ക് ജനങ്ങളുടെ അന്യാദൃശമായ പിന്തുണ ലഭിക്കുന്നത്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും അഗാധമായ ഇഴയടുപ്പമുള്ള ആത്മബന്ധം ഇത്തരം ഗ്രാമങ്ങളില്‍ പാര്‍ട്ടിയും ജനങ്ങളും തമ്മിലുണ്ട്. പാര്‍ട്ടിയും ജനങ്ങളും ഇവിടെ വെവ്വേറെയല്ല. സി പി എമ്മെന്നാല്‍ നേതാക്കള്‍ മാത്രമാണ് എന്ന ആധുനിക കാലത്തെ മാധ്യമ-രാഷ്ട്രീയ വ്യാഖ്യാനമാണ് ഇവിടെ തകര്‍ന്നടിയുന്നത്.

പിണറായി വിജയനോ വി എസ്സോ എം എം മണിയോ ഇ പി ജയരാജനോ ആണ് പാര്‍ട്ടി എന്നു കരുതുന്നവര്‍ക്കും അവരെ നിരന്തരം അമ്പെയ്ത് വീഴ്ത്തിയാല്‍ തകരുന്നതാണ് സി പി എം എന്നു കരുതുന്നവര്‍ക്കാണ് വലിയ പിഴവ് സംഭവിക്കുന്നത്. നേതാക്കള്‍ ചെയ്ത തെറ്റിന് പാര്‍ട്ടി നടപടിയുണ്ടായാലും ഇല്ലെങ്കിലും കൃഷ്ണപിള്ളയും എ കെ ജിയും കെട്ടിപ്പടുത്ത പാര്‍ട്ടിയെ കൈവെടിയാന്‍ തങ്ങളൊരുക്കമല്ലെന്ന് മാധ്യമങ്ങള്‍ പേരിട്ട ഈ പാര്‍ട്ടിഗ്രാമങ്ങളിലെ ജനം എപ്പോഴും വിളിച്ചു പറയുന്നുണ്ട്. സി പി എമ്മിന് ശക്തിയുള്ള ഈ മണ്ണില്‍ എന്തൊക്കെ സാമൂഹിക ഇടപെടലുകള്‍ക്കാണ് വര്‍ത്തമാനകാലത്ത് പാര്‍ട്ടി നേതൃത്വം നല്‍കുന്നതെന്നു കൂടി പരിശോധിക്കുമ്പോഴാണ് സി പി എമ്മിനെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ചവര്‍ക്ക് ഈ ബഹുജനകൂട്ടായ്മയുടെ വറ്റാത്ത നന്മയുടെ ചില അടയാളങ്ങളെങ്കിലും കാണാനാകുക. വിമര്‍ശന വിധേയമാകുന്ന ചില വിഷയങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ വര്‍ത്തമാന സമൂഹത്തില്‍ സി പി എം നിരന്തരം ഇടപെട്ടു കൊണ്ടിരിക്കുന്ന ചില വിഷയങ്ങള്‍ കണ്ണു തുറന്നു തന്നെ കാണേണ്ടതുണ്ട്. വര്‍ഗീയ ചേരിതിരിവും ജാതിവിവേചനവും വേരറ്റുപോയ കേരളമണ്ണ് വര്‍ഗീയ ശക്തികള്‍ക്ക് അപ്രാപ്യമായി മാറ്റുന്നതിന് സി പി എമ്മിന്റെ സാന്നിധ്യം എത്രത്തോളം വലുതാണെന്ന കാര്യം ഇപ്പോഴും പലരും തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തില്‍ വേരുറപ്പിക്കാന്‍ എന്തൊക്കെ ചെയ്യാനാകുമെന്ന് പല തവണ പരീക്ഷണം നടത്തിയവര്‍ക്കെതിരെ കൃത്യമായി പ്രതിരോധം തീര്‍ക്കാനാകുന്നത് സി പി എമ്മിന് മാത്രമാണെന്നതിന് എതിര്‍ വാദമുയരില്ല. ചാതുര്‍വര്‍ണ്യത്തിലെ സവര്‍ണബിംബങ്ങളെ പുനരുത്ഥാനം ചെയ്യുക എന്ന ആര്‍ എസ് എസിന്റെ വഴി തുറക്കലിന് തടയിടുന്നത് ഇവിടുത്തെ കമ്മ്യൂണിസ്റ്റുകള്‍ തന്നെയാണ്. സംഘ്പരിവാരത്തിന്റെ ചില ചെയ്തികള്‍ക്കെതിരെ പ്രതിരോധം തീര്‍ത്ത് രക്തസാക്ഷികളായവരുടെ എണ്ണവും വിരലിലെണ്ണിത്തീര്‍ക്കാനാകില്ല. സാധാരണ ജനങ്ങളുടെ മനസ്സിലുറച്ച ഭക്തിയെയും വിശ്വാസത്തെയും സംഘ്‌രാഷ്ട്രീയത്തിന്റെ വഴിയിലേക്ക് നയിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തെ തടയാന്‍ സി പി എം നടത്തിയ പരിശ്രമങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ അനവധി നിരത്താനാകും. അന്യമതവിദ്വേഷം ആളിക്കത്തിച്ചാണ് ഭൂരിപക്ഷവര്‍ഗീയതയുടെ വിളവെടുപ്പിന് സംഘ്പരിവാരം എപ്പോഴും ശ്രമിക്കാറുള്ളത്. ഇതിന് തടയിടാന്‍ സി പി എമ്മിന് തന്നെയാണ്അന്നും ഇന്നും കഴിഞ്ഞിട്ടുള്ളത്. സംസ്ഥാനത്ത് വളരുന്ന ജനാധിപത്യബോധത്തിനെതിരായി ജാതി അടിസ്ഥാനമാക്കിയുള്ള സ്വത്വബോധം വളര്‍ത്താനുള്ള നീക്കങ്ങള്‍ നിലവിലുണ്ട്. ഇതിനൊപ്പം ജാത്യാഭിമാനം പരസ്യമായി ഉത്‌ഘോഷിക്കുന്നതിന് മടിക്കേണ്ടാത്ത ഒരു സാംസ്‌കാരികാന്തരീക്ഷവും കേരളത്തില്‍ വളരുന്നു. ഇതെല്ലാം കേരളത്തിലെ സാമൂഹ്യഘടനയെ തകിടം മറിക്കുമെന്നതിന് സംശയമില്ല. ഇതിനെ പ്രതിരോധിക്കാനുള്ള കഴിവും ശക്തിയും സി പി എമ്മിനല്ലാതെ മറ്റാര്‍ക്കാണുള്ളതെന്ന ചോദ്യവും ഉയര്‍ത്തേണ്ടതുണ്ട്.

അടുത്ത കാലത്ത് സി പി എം ഏറ്റെടുത്ത് നടത്തിയ കാര്‍ഷിക-ആരോഗ്യമേഖലയിലെ കര്‍മപരിപാടികളുടെ വിജയം കണക്കിലെടുത്താല്‍ മാത്രം മതി പാര്‍ട്ടിക്ക് ഇപ്പോഴുമുള്ള കരുത്തുറ്റ സംഘടനാ ബലം വ്യക്തമാകാന്‍. വിഷരഹിത പച്ചക്കറികൃഷിയിലുള്‍പ്പെടെ കേരളത്തിലെ മറ്റേത് രാഷ്ട്രീയ സംഘടനയേക്കാളും കൂടുതല്‍ നേട്ടം കൈവരിക്കാന്‍ സി പി എമ്മിന് കഴിഞ്ഞുവെന്നത് കാണാതെ പോകരുത്. പച്ചക്കറിയിലുള്ള വിഷത്തിന്റെ കാര്യത്തില്‍ തമിഴ്‌നാട് കേരളത്തോട് യുദ്ധം പ്രഖ്യാപിച്ച കാലത്താണ് വിഷമില്ലാത്ത പച്ചക്കറിയെന്ന ആശയവുമായി രണ്ടു വര്‍ഷം മുമ്പെ സി പി എം എത്തുന്നത്. ഏക്കറു കണക്കിന് സ്ഥലങ്ങളില്‍ നടത്തിയ ജൈവ പച്ചക്കറി വില്‍പ്പനക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആദ്യവര്‍ഷം രണ്ടായിരം സ്റ്റാളുകളാണ് സി പി എം തുറന്നത്. 2017 ആകുമ്പോഴേക്കും വില്‍പ്പനസ്റ്റാളുകളുടെ എണ്ണം ഇരട്ടിയായി.കേരളത്തിന്റെ മുഴുവന്‍ പച്ചക്കറി ആവശ്യവും ഇതു കൊണ്ട് പൂര്‍ത്തിയാകില്ലെങ്കിലും മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും നേടാനാകാത്ത വലിയ വിജയമാണ് ഇതിലൂടെ സി പി എം കൊയ്‌തെടുത്തത്. ആലപ്പുഴയില്‍ തോമസ് ഐസക്കിന്റെ നേതൃത്വത്തിലും പിന്നീടു കേരളമൊട്ടാകെ സി പി എമ്മിന്റെ നേതൃത്വത്തിലും എകോപനത്തിലും തുടങ്ങിയ മാലിന്യ നിര്‍മാര്‍ജനപ്രവര്‍ത്തനങ്ങളും വലിയ ജനപങ്കാളിത്തമുള്ള പദ്ധതിയായിമാറി. സി പി എമ്മിന്റെ നേതൃത്വത്തില്‍ 2012 ല്‍ തുടക്കം കുറിച്ച ഐ ആര്‍ പി സി എന്ന സാന്ത്വന സംഘടനയുടെ പ്രവര്‍ത്തനമാണ് മറ്റൊന്ന്. ഒരു പക്ഷേ രാജ്യത്തെ തന്നെ ഈ മേഖലയിലെ ആദ്യത്തെ രാഷ്ട്രീയ ഇടപെടലായിരിക്കും ഇത്. 18 മേഖലകളിലായി അണിനിരന്നിരിക്കുന്ന 3600 വിദഗ്ധ പരിശീലനം നേടിയ വളണ്ടിയര്‍ സേനയെ ഉപയോഗപ്പെടുത്തി ആയിരക്കണക്കായ കിടപ്പിലായ രോഗികള്‍ക്ക് സാന്ത്വന പരിചരണം നല്‍കി കണ്ണൂരില്‍ തുടങ്ങിയ ഈ പദ്ധതി കേരളമാകെ വ്യാപിക്കാനും അധികകാലം വേണ്ടിവരില്ല. സി പി എമ്മിന് സ്വാധീനമുള്ള മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്ഥതയാര്‍ന്ന സഹകരണമാതൃകയും കേരളത്തിലെ സി പി എമ്മിന്റെ സംഘടനാ സംവിധാനത്തിന്റെ പ്രത്യേകതയാണ്. സഹകരണ സംഘങ്ങളെ കേരളത്തില്‍ നിയന്ത്രിക്കുന്നത് രാഷ്ട്രീയപാര്‍ട്ടികളാണ്. മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടിയെയും പോലെയാണ് സഹകരണ മേഖലയില്‍ സിപിഎമ്മും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സഹകരണ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ ജനകീയവും കാര്യക്ഷമവുമാണ് എന്നതാണ് അവയെ ഇവിടെ വ്യത്യസ്ഥമാക്കുന്നത്. പാര്‍ട്ടിക്കു കൂടുതല്‍ സ്വാധീനമുളള പ്രദേശങ്ങളില്‍ സ്വാഭാവികമായി ഉണ്ടാകുന്ന ജനകീയ കൂട്ടായ്മ സഹകരണ സംഘങ്ങളുടെ വ്യാപനത്തില്‍ മാത്രമല്ല, ജനകീയാസൂത്രണം, പി ടി എ കമ്മിറ്റികള്‍, ആശുപത്രി വികസന സമിതികള്‍ ഇവയുടെയെല്ലാം പ്രവര്‍ത്തനങ്ങളെ വിജയിപ്പിക്കുന്നതിന് വലിയ പങ്കു വഹിക്കുന്നുണ്ട്.

സി പി എമ്മിന്റെ മികവ് എടുത്തു കാട്ടാനല്ല ഇത്രയും കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ പലതും ഏറ്റെടുത്തു നടത്താനുള്ള കഴിവും പ്രാപ്തിയും ഈ സംഘടിത പ്രസ്ഥാനത്തിന് ഉണ്ടെന്ന് വ്യക്തമാക്കാനാണ് സാമൂഹിക ഇടപെടലുകള്‍ ചൂണ്ടിക്കാട്ടിയത്. എല്ലാ പാര്‍ട്ടികളെയും പോലെ രാഷ്ട്രീയ ജീര്‍ണതകളില്‍ ചിലതെങ്കിലും സി പി എമ്മിനും പിടിപെട്ടിട്ടുണ്ടെന്ന വിമര്‍ശനം ശരിവെക്കാം. എന്നാല്‍ ന്യൂനപക്ഷങ്ങളും ദളിതരുമടക്കമുള്ള വലിയ ജനസാമാന്യം ഇടതുപക്ഷത്തേക്ക് നോക്കുന്നത് എന്തൊക്കെയോ പ്രതീക്ഷിച്ചു കൊണ്ടു തന്നെയാണ്.

സമൂഹത്തില്‍ സി പി എം ഇല്ലാതായാലുള്ള ഭവിഷ്യത്ത് തിരിച്ചറിഞ്ഞു കൊണ്ടു തന്നെയാണ് സാധാരണ ജനവിഭാഗം ഈ പ്രസ്ഥാനത്തെ ഉറ്റു നോക്കുന്നത്. എന്നാല്‍ ചില ചെറിയ പ്രശ്‌നങ്ങളെങ്കിലും ഊതിപ്പെരുപ്പിച്ച് വൈകാരികത സൃഷ്ടിച്ച് ജനങ്ങളെ സി പി എമ്മിനെതിരെ തിരിച്ചുവിടാന്‍ ശ്രമിക്കുമ്പോള്‍, സമൂഹത്തിന് ആവശ്യമുള്ള വലിയ ഒരു സംഘടിത ശക്തിക്കാണ് അത് പോറലുണ്ടാക്കുന്നതെന്ന് സാമൂഹിക പരിഷ്‌കരണത്തിന് വേണ്ടി ശ്രമിക്കുന്ന ബുദ്ധിജീവികളും ഇടതുകുപ്പായമണിഞ്ഞ സംഘടനകളും ഒരിക്കലും ഓര്‍ക്കാറില്ല. ഇത് വിമര്‍ശകര്‍ക്കൊപ്പം പാര്‍ട്ടി നേതൃത്വവും ഒരു പോലെ തിരിച്ചറിയുകയും ബോധ്യപ്പെടുകയും ചെയ്യേണ്ട കാര്യവുമാണ്. തൊഴിലാളി വര്‍ഗ താത്പര്യങ്ങള്‍ക്കായി നിലകൊള്ളുന്ന സി പി എം പോലുള്ള ഒരു പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന സര്‍ക്കാറിന് ഇനിയും ഒരു പാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്റെ ജനദ്രോഹനയങ്ങള്‍ തിരുത്തി ജനകീയതാത്പര്യം സംരക്ഷിക്കുന്ന ഒരു സര്‍ക്കാറിനെയാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ചുവപ്പുനാടകളില്‍ നിന്ന് വിമോചിപ്പിക്കപ്പെട്ട് വേഗത്തില്‍ കാര്യങ്ങള്‍ നീക്കുന്നതിനുവേണ്ടിയുള്ള താത്പര്യമാണ് ജനങ്ങള്‍ക്കുള്ളത്. അതിന് ഉതകുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കുക എന്നതാണ് സര്‍ക്കാരിന് ഇനി അതി വേഗം ചെയ്യാനുള്ളത്.ഉയര്‍ന്നുവരുന്ന വ്യത്യസ്ത വീക്ഷണങ്ങളെ ഭയപ്പെടുന്ന ശൈലിക്കു പകരം ശരിയായ ചിന്തയിലേക്കും നേരായ പാതയിലേക്കുമാണ് പാര്‍ട്ടി എത്തുന്നതെങ്കില്‍ അത് ബഹുജനപിന്തുണ വര്‍ധിപ്പിക്കുമെന്നതാണ് അനുഭവപാഠം.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി