അയല്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ സമ്മാനം; ജിസാറ്റ് 9 ഇന്ന് ഭ്രമണപഥത്തിലേക്ക്

Posted on: May 5, 2017 9:56 am | Last updated: May 5, 2017 at 11:49 am

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ഒഴികെയുള്ള അയല്‍ രാഷ്ട്രങ്ങള്‍ക്കായി ഇന്ത്യ തയ്യാറാക്കിയ ദക്ഷിണേഷ്യന്‍ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 9 ഇന്ന് വിക്ഷേപിക്കും. വൈകീട്ട് 4.51ന് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം. ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍, മാലെദ്വീപ് രാജ്യങ്ങള്‍ക്ക് ഉപഗ്രഹത്തിന്റെ സേവനം ലഭിക്കും.

ടെലിവിഷന്‍ സംപ്രേഷണം, വാര്‍ത്താവിനിമയം, ഡിടിഎച്ച്, വിദ്യാഭ്യസം, ടെലിമെഡിസിന്‍, ദുരന്ത നിവാരണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ജിസാറ്റ് 9 ഉപയോഗപ്പെടുത്താനാകും. 2230 കിലോഗ്രാം ആണ് ഉപഗ്രഹത്തിന്റെ ഭാരം. 12 വര്‍ഷത്തെ ആയുസ് കണക്കാക്കിയ ഉപഗ്രഹത്തിന് 450 കോടി രൂപയാണ് ചെലവ്. ഇതില്‍ 235 കോടി രൂപ ഇന്ത്യ വഹിക്കും.

2014ല്‍ കാഠ്മണ്ഡുവില്‍ നടന്ന സാര്‍ക്ക് ഉച്ചകോടിയില്‍ അയല്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ സമ്മാനമായി ഉപഗ്രഹം വിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. സാര്‍ക്ക് രാഷ്ട്രങ്ങള്‍ക്കായാണ് ഉപഗ്രഹം തയ്യാറാക്കിയത് എങ്കിലും പാക്കിസ്ഥാന്‍ പിന്നീട് പദ്ധതിയില്‍ നിന്ന് പിന്‍മാറുകയായിരുന്നു.