ഇന്‍ഡോര്‍ ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരം; കേരളത്തില്‍ കോഴിക്കോട്‌

Posted on: May 4, 2017 6:51 pm | Last updated: May 4, 2017 at 9:04 pm

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരമായി മധ്യപ്രദേശിലെ ഇന്‍ഡോര്‍ തിരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശിലെ ഭോപ്പാല്‍, ആന്ധ്രാ പ്രദേശിലെ വിശാഖപ്പട്ടണം, ഗുജറാത്തിലെ സൂറത്ത് എന്നിവയാണ് ശുചിത്വമേറിയ നഗരങ്ങളില്‍ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലുള്ളത്.

മോദി സര്‍ക്കാറിന്റെ സ്വച്ഛ് ഭാരത് അഭിയാനിന്റെ ഭാഗമായി നടത്തിയ സര്‍വേയിലാണ് ഇന്ത്യയിലെ ശുചിത്വമേറിയ 500 നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞ വര്‍ഷം ഇന്‍ഡോര്‍ 25ാം സ്ഥാനത്തും ഭോപ്പാല്‍ 21ാം സ്ഥാനത്തുമായിരുന്നു. മൈസൂരു, തിരുച്ചിറപ്പള്ളി, ന്യൂഡല്‍ഹി, തിരുപ്പതി, വഡോദര നഗരങ്ങള്‍ അവസാന പത്തില്‍ ഇടം കണ്ടെത്തി.

കേരളത്തിലെ നഗരങ്ങളില്‍ 254ാം സ്ഥാനത്തുള്ള കോഴിക്കോടാണ് മുന്നില്‍.
പട്ടിക പ്രകാരം ഉത്തര്‍പ്രദേശിലെ ഗോണ്ടയാണ് ഏറ്റവും ശുചിത്വം കുറഞ്ഞ നഗരം. മഹാരാഷ്ട്രയിലെ ബുസാവല്‍, ബീഹാറിലെ ബഗഹ, യു പിയിലെ ഹര്‍ഡോയി തുടങ്ങിയവ ശുചിത്വം കുറഞ്ഞ നഗരങ്ങളുടെ പട്ടികയിലുണ്ട്.
കേരളത്തിലെ നഗരങ്ങളില്‍ കോഴിക്കോടിനാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനത്ത് കൊച്ചി. പാലക്കാട്, ഗുരുവായൂര്‍, തൃശൂര്‍, കൊല്ലം, കണ്ണൂര്‍, തിരുവനന്തപുരം, ആലപ്പുഴ എന്നിവയാണ് പട്ടികയിലെ മറ്റ് നഗരങ്ങള്‍.