വൈദ്യുതി: 10,000 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കമായി

Posted on: May 4, 2017 9:40 am | Last updated: May 3, 2017 at 11:41 pm

തിരുവനന്തപുരം:വൈദ്യുതി പ്രസരണശേഷി കൂട്ടുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 220 കിലോവാട്ട് ലൈനുകള്‍ 400 കെ വി ആക്കുന്നതടക്കം 10,000 കോടിയുടെ വികസനപദ്ധതികള്‍ക്ക് തുടക്കമായതായി മന്ത്രി എം എം മണി ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയായി നിയമസഭയെ അറിയിച്ചു.

ഇതിന് 5000 കോടി കിഫ്ബിയില്‍ നിന്ന് അനുവദിച്ചു. കേന്ദ്രവിഹിതമായി 700 കോടിയും ലഭിക്കും.കാസര്‍കോട്ട് 200 കോടിയുടെ സോളാര്‍പാര്‍ക്ക് പൂര്‍ത്തിയായി വരുന്നു. സോളാര്‍ പദ്ധതിക്ക് ഏറെ പരിമിതികളുള്ളതിനാല്‍ വിദഗ്ദ്ധരുമായി ആലോചിച്ചു മാത്രമെ വന്‍മുതല്‍മുടക്കിന് സര്‍ക്കാര്‍ തയ്യാറാവൂ. എന്‍ ടി പി സിയില്‍ നിന്ന് ഒരു യൂനിറ്റ് വൈദ്യുതി പോലും ബോര്‍ഡ് വാങ്ങുന്നില്ല. കായംകുളം താപനിലയം ഏറ്റെടുക്കാനാണ് കേന്ദ്രം പറഞ്ഞത്. എന്നാല്‍ സര്‍ക്കാറുമായി ആലോചിച്ചു മാത്രമെ ഇക്കാര്യത്തില്‍ ബോര്‍ഡിന് തീരുമാനമെടുക്കാന്‍ കഴിയൂ.

വരള്‍ച്ചമൂലം വൈദ്യുതി ഉത്പാദനത്തില്‍ 30 ശതമാനം കുറവുണ്ടായെങ്കിലും പവര്‍കട്ടോ ലോഡ്‌ഷെഡ്ഡിംഗോ ഇല്ലാതെ മുന്നോട്ടുപോകാന്‍ കഴിഞ്ഞത് ഇടതു സര്‍ക്കാറിന്റെ വലിയ നേട്ടമാണ്. മുമ്പ് എല്‍ ഡി എഫ് സര്‍ക്കാര്‍ തുടങ്ങിവച്ചതും കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് നിന്നു പോയതുമായ പള്ളിവാസല്‍ അടക്കമുള്ള പദ്ധതികള്‍ പുനരാരംഭിക്കും.

കൂടംകുളത്തു നിന്നു വൈദ്യുതി എത്തിക്കുന്ന ലൈന്‍ ഒഴിവാക്കി പകരം കേബിള്‍ സ്ഥാപിക്കുക അത്ര എളുപ്പമല്ല. അതിനാല്‍ പദ്ധതിയോട് ജനങ്ങള്‍ സഹകരിക്കുകയാണു വേണ്ടത്. മന്ത്രി പറഞ്ഞു.