ബി എസ് എഫ് ജവാന്റെ വിധവക്ക് ആശ്രിത നിയമനം തടയരുതെന്ന് ഹൈക്കോടതി

Posted on: May 4, 2017 8:30 am | Last updated: May 3, 2017 at 11:33 pm

കൊച്ചി: ബി എസ് എഫ് ജവാന്റെ ഭാര്യക്ക് ആശ്രിത നിയമനം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതിയുടെ നിര്‍ദേശം. അപേക്ഷ വൈകിയതിന്റെ പേരില്‍ ബി എസ് എഫ് ജവാന്റെ വിധവക്ക് ആശ്രിത നിയമനം നിരസിക്കരുതെന്നാണ് ഹൈകോടതി നിര്‍ദേശിച്ചിരിക്കുന്നത്. കണ്ണൂര്‍ സ്വദേശിനി ഒ പി ഷീജ നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

നിയമനത്തിന് ആവശ്യമായ രേഖകള്‍ യഥാസമയം ഹാജരാക്കാത്തതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനം നിഷേധിച്ചത് ശരിയല്ലെന്ന് നിരീക്ഷിച്ച കോടതി അപേക്ഷ ഉടന്‍ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
രാഷ്ട്ര സേവനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട ജവാന്റൈ വിധവയും കുട്ടികളും അശരണരായി കഴിയുന്ന സാഹചര്യവും ഹരജിക്കാരിയുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളും കൂടി കണക്കിലെടുക്കേണ്ടതായിരുന്നെന്നും കോടതി വ്യക്തമാക്കി. ജവാന്‍ യുദ്ധമുഖത്തല്ല കൊല്ലപ്പെട്ടതെന്നതിനാല്‍ ആശ്രിത നിയമനം നല്‍കാനാവില്ലെന്ന 1996 ലെ സര്‍ക്കാര്‍ ഉത്തരവാണ് ഇവരുടെ നിയമനത്തിന് തടസ്സമായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നത്. എന്നല്‍, യൗവനത്തിന്റെ തുടക്കത്തില്‍ തന്നെ വിധവയായ സ്ത്രീക്ക് കൈക്കുഞ്ഞുങ്ങളുമായി സ്വന്തം നാട്ടില്‍ നിന്നും ഏറെ ദൂരെയുള്ള പഞ്ചാബിലും കശ്മീരിലുമൊക്കെയെത്തി സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിക്കാന്‍ കഴിയാതിരുന്ന സാഹചര്യം സര്‍ക്കാര്‍ അനുഭാവ പൂര്‍വം പരിഗണിക്കേണ്ടതായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ബി എസ് എഫ് ബറ്റാലിയനില്‍ കോണ്‍സ്റ്റബിളായിരിക്കെ 1998 മെയ് 16നാണ് ഷീജയുടെ ഭര്‍ത്താവ് ജമ്മു ഉധംപൂരില്‍ താവി നദിയില്‍ മുങ്ങി മരിച്ചത്.
പ്രതിരോധസേനയിലെ അംഗങ്ങള്‍ മരണപ്പെട്ടാല്‍ കേന്ദ്ര സര്‍ക്കാറിനോ സംസ്ഥാന സര്‍ക്കാറിനോ മരണപ്പെട്ടയാളുടെ വേണ്ടപ്പെട്ടവര്‍ക്ക് ആശ്രിത നിയമനം നല്‍കാമെന്നാണ് ചട്ടമെന്നിരിക്കെ ഇതുപ്രകാരം ഷീജ രണ്ടു തവണ ആശ്രിത നിയമനത്തിനായി സംസ്ഥാന സര്‍ക്കാറിന് അപേക്ഷ നല്‍കിയെങ്കിലും നിരസിക്കുകയായിരുന്നു.