ദനാ മാഞ്ചിമാരുടെ നാടോ ഇന്ത്യ?

Posted on: May 4, 2017 6:17 am | Last updated: May 3, 2017 at 11:20 pm

ആശുപത്രിയില്‍ നിന്ന് മൃതദേഹങ്ങള്‍ വീട്ടിലെത്തിക്കാന്‍ വാഹനങ്ങള്‍ ലഭിക്കാത്തത് മൂലം ഉറ്റവര്‍ തോളിലേറ്റിനടന്നു പോകുന്ന സംഭവങ്ങള്‍ രാജ്യത്ത് അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഉത്തര്‍പ്രദേശിലെ ഒരു സര്‍ക്കാര്‍ ആശുപത്രി പരിസരത്ത് പതിനഞ്ചുകാരനായ മകന്റെ മൃതദേഹവും തോളിലിട്ട് പിതാവ് കരഞ്ഞു നീങ്ങുന്ന ദൃശ്യങ്ങള്‍ ഏത് ശിലാഹൃദയന്റെയും കരളലിയിപ്പിക്കും. കാലിന് വേദനയനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പുഷ്‌പേന്ദ്രയെന്ന കൗമാരക്കാരനെ പിതാവ് ഉദയ്‌വീര്‍ ഏഴ് കി. മീറ്റര്‍ അകലെയുള്ള ആശുപത്രിയില്‍ എത്തിച്ചത്. താമസിയാതെ കുട്ടി മരിച്ചു. പാവപ്പെട്ട ഗ്രാമീണനായത് കൊണ്ടായിരിക്കാം ഡോക്ടര്‍മാര്‍ മതിയായ പരിശോധന നടത്തിയില്ലെന്ന് ഉദയ്‌വീര്‍ പറയുന്നു. മാത്രമല്ല, മൃതദേഹം ആശുപത്രിയില്‍ നിന്ന് ഉടന്‍ മാറ്റണമെന്നു ആവശ്യപ്പെട്ടുവത്രേ. സൗജന്യ ആംബുലന്‍സ് സേവനം ആശുപത്രി അനുവദിച്ചതുമില്ല. ശ്വാസകോശ രോഗമുള്ള ഉദയവീര്‍ മകനെ കൊണ്ടുപോകാന്‍ വാഹനം കിട്ടാതെ മൃതദേഹവും തോളില്‍ ചുമന്ന് ആശുപത്രി പരിസരത്ത് കുറേ നേരം ചുറ്റി നടന്നു. ഒടുവില്‍ ഒരു ബൈക്കുകാരന്റെ കാരുണ്യത്തില്‍ അതിന്റെ പിറകില്‍ ഇരുന്നാണ് മൃതദേഹം ഉദയവീര്‍ വീട്ടിലെത്തിച്ചത്.
ബീഹാര്‍ മുസാഫര്‍പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 18ന് ഒരു പാവപ്പെട്ട കുടുംബത്തിലെ സ്ത്രീ മരണപ്പെട്ടപ്പോള്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് ഒരു കി. മീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് ബന്ധുക്കള്‍ മൃതദേഹം ചുമന്നു കൊണ്ടുപോവുകയായിരുന്നു. ഒഡീഷ്യയിലെ അന്‍ഗുല്‍ ജില്ലയില്‍ ഗട്ടി ദിബാര്‍ എന്ന ഹതഭാഗ്യന്‍ മകളുടെ മൃതദേഹം ചുമന്ന് പതിനഞ്ച് കിലോമീറ്റര്‍ നടന്ന ദുരന്തകഥ കേള്‍ക്കേണ്ടി വന്നത് ഇക്കഴിഞ്ഞ ജനുവരിയിലാണ്. കടുത്ത പനിയെ തുടര്‍ന്നാണ് ദിബാറിന്റെ മകള്‍ സുമിയെ അന്‍ഗുല്‍ ജില്ലയിലെ പല്ലഹാര കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചത്. പിറ്റേന്ന് കുട്ടി മരണപ്പെട്ടപ്പോള്‍ മൃതദേഹം കൊണ്ടുപോകാനുള്ള ഒരു സൗകര്യവും നല്‍കിയില്ല. അദ്ദേഹം മൃതദേഹം തോളിലേറ്റി വീട്ടിലെത്തിക്കുകയായിരുന്നു. ഒഡീഷയില്‍ തന്നെയാണ് ക്ഷയം ബാധിച്ച് മരിച്ചഭാര്യയുടെ മൃതദേഹം ചുമന്ന് ദാനാ മാഞ്ചിയെന്ന ഗ്രാമവാസി പത്ത് കിലോ മീറ്ററിലധികം നടന്ന സംഭവം ആഗോള ശ്രദ്ധനേടിയത്. സഹായിക്കണമെന്ന് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ കൈയൊഴിയുകയായിരുന്നു. ഈ ദാരുണ കഥ കേട്ട് ബഹ്‌റൈന്‍ ഖലീഫ ദാനാ മാഞ്ചിക്ക് സഹായം നല്‍കിയിരുന്നു. എന്നാല്‍ ഒഡീഷ സര്‍ക്കാറില്‍ നിന്നോ കേന്ദ്രത്തില്‍ നിന്നോ എന്തെങ്കിലും സഹായം അനുവദിച്ചതായി കേട്ടിട്ടില്ല. അവരെല്ലാം പശുക്കള്‍ക്ക് ആധാറും സുരക്ഷാ ഭവനങ്ങളും സജ്ജീകരിക്കുന്ന തിരക്കിലാണല്ലോ.
പണമുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ നിന്ന് മികച്ച ചികിത്സ ലഭ്യമാണ്. പാവങ്ങള്‍ക്ക് ആശ്രയം സര്‍ക്കാര്‍ ആശുപത്രികളാണ്. അവിടെ മതിയായ ചികിത്സാ സൗകര്യം അവരുടെ അവകാശവുമാണ്. ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് ചികിത്സ. ഭരണഘടന ഉറപ്പുനല്‍കുന്ന ഈ ബാധ്യതയില്‍ നിന്നും ഭരണകൂടങ്ങള്‍ മാറി നില്‍ക്കരുത്. ചികിത്സാ ചെലവിനു പണമില്ലാത്തവരെ മതിയായ ചികിത്സ നല്‍കാതെ മരണത്തിനു വിട്ടു കൊടുക്കുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍, സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്നവര്‍ക്ക് ആവശ്യമായ ചികിത്സയോ വേണ്ട സഹായങ്ങളോ അനുഭാവ പൂര്‍ണമായ സമീപനം പോലുമോ ലഭിക്കുന്നില്ല. മതിയായ ചികിത്സാ സൗകര്യമോ മരുന്നുകളോ ഇല്ലാത്തവയാണ് മിക്ക സര്‍ക്കാര്‍ ആശുപത്രികളും. ഉള്ള സൗകര്യം ഉപയോഗപ്പെടുത്തി രോഗിയെ പരിചരിക്കാനുള്ള സന്മനസ്സ് ആശുപത്രി അധികൃതര്‍ കാണിക്കാറുമില്ല. ഡോക്ടറുടെ അനാസ്ഥ കാരണം രോഗം മൂര്‍ച്ഛിക്കുകയോ മരണപ്പെടുകയോ ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്. രോഗാവസ്ഥ പോലുള്ള വിഷമഘട്ടത്തിലാണ് ഒരു വ്യക്തിക്ക് പരസഹായം ഏറ്റവും കൂടുതല്‍ ആവശ്യമാകുന്നത്. മരുന്നുകളെക്കാള്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സൗഹൃദപരമായ ഇടപെടലാണ് രോഗികള്‍ക്കാവശ്യം. സമാശ്വാസ വാക്കുകള്‍ പറഞ്ഞും യഥാസമയം ചികിത്സ ലഭ്യമാക്കിയും രോഗികളെ സമാധാനിപ്പിക്കുകയെന്നത് ആശുപത്രി അധികൃതരുടെ ജോലിയുടെ ഭാഗം മാത്രമല്ല, ധാര്‍മിക ബാധ്യതയുമാണ്. രോഗികളുടെയും കൂടെ എത്തുന്നവരുടെയും പ്രയാസങ്ങള്‍ കണ്ടറിയാനും തേങ്ങലുകള്‍ കേള്‍ക്കാനുമുള്ള നല്ല മനസ്സ് ഡോക്ടറുടെ അനിവാര്യ സ്വഭാവ ഗുണമാണ്. ചികിത്സക്കിടെ രോഗികള്‍ മരണപ്പെട്ടാല്‍ മൃതദേഹം വിട്ടിലെത്തിക്കുന്നതിനുള്ള സഹായ സഹകരണവും ആശുപത്രി അധികൃതര്‍ ചെയ്തുകൊടുക്കേണ്ടതുണ്ട്.
മരണപ്പെട്ട രോഗിയുടെ നിര്‍ധനരായ ബന്ധുക്കള്‍ ആംബുലന്‍സ് ലഭിക്കാതെയോ, വാഹനം വിളിക്കാന്‍ പണമില്ലാതെയോ മൃതദേഹം തോളിലേറ്റി നടന്നു പോകുന്നത് കണ്ടിട്ടും മനസ്സലിയാത്തവരും സഹായ ഹസ്തം നീട്ടാത്തവരും മനുഷ്യത്വത്തിന് തന്നെ അപമാനമാണ്. രാജ്യത്തെ നാണം കെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ അടിക്കടി ആവര്‍ത്തിച്ചിട്ടും നിസ്സംഗത കൈവെടിയാത്ത ഭരണകര്‍ത്താക്കളുടെ നിലപാടാണ് അതിനേക്കാളേറെ പ്രതിഷേധം.