ജമ്മു കശ്മീരില്‍ 24 മണിക്കൂറിനിടെ കൊള്ളയടിക്കപ്പെട്ടത് മൂന്ന് ബേങ്കുകള്‍

Posted on: May 3, 2017 8:15 pm | Last updated: May 4, 2017 at 12:05 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബേങ്കുകള്‍ കൊള്ളയടിക്കുന്നത് തുടര്‍ക്കഥയാകുന്നു. 24 മണിക്കൂറിനിടെ മൂന്ന് ബേങ്കുകളാണ് സംസ്ഥാനത്ത് കൊള്ളയടിക്കപ്പെട്ടത്. പുല്‍വാമ ജില്ലയിലെ ജമ്മു ആന്‍ഡ് കശ്മീര്‍ ബേങ്കിന്റെ നീഹമ ബ്രാഞ്ചിലെ കവര്‍ച്ചയാണ് ഒടുവിലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തോക്കുധാരികളായ ഭീകരരാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു. ഇവിടെ നിന്ന് നഷ്ടപ്പെട്ട തുകയുടെ കണക്കുകള്‍ ലഭ്യമായിട്ടില്ല.
നേരത്തെ പുല്‍വാമ ജില്ലയിലെ വാഹിബഗിലുള്ള ഇലക്വായി ദേഹതി ബേങ്കിന്റെ ശാഖയില്‍ നിന്ന് ഭീകരരെന്ന് സംശയിക്കുന്നവര്‍ അഞ്ച് ലക്ഷം രൂപ കവര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം യാരിപ്പോരയിലെ ബേങ്കില്‍ നിന്ന് 65,000 രൂപയും കവര്‍ച്ച ചെയ്യപ്പെട്ടു.

മെയ് ഒന്നിന് ജമ്മു ആന്‍ഡ് കശ്മീര്‍ ബേങ്കിന്റെ ശാഖകളില്‍ പണം കൈമാറാന്‍ പോയ വാഹനം ആക്രമിച്ച ഭീകരര്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെയും ബേങ്കിന്റെ രണ്ട് സുരക്ഷാ ജീവനക്കാരെയും വെടിവെച്ച് കൊന്നിരുന്നു. കുല്‍ഗാം ജില്ലയിലെ ദംഹാല്‍ ഹാന്‍ജിപോര ഏരിയയിലായിരുന്നു സംഭവം.