ഖത്വര്‍ എയര്‍വേയ്‌സ് സ്റ്റോപ്പ് ഓവറിന് ദോഹയില്‍ സൗജന്യ ഹോട്ടല്‍ വാസം

Posted on: May 3, 2017 7:53 pm | Last updated: May 3, 2017 at 7:53 pm
SHARE

ദോഹ: ഖത്വര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ദോഹ വഴി യാത്ര ചെയ്യുന്ന സ്റ്റോപ്പ് ഓവര്‍ യാത്രക്കാര്‍ക്ക് സൗജന്യ താമസ സൗകര്യം. ടൂറിസം അതോറിറ്റിയുമായി സഹകരിച്ച് ഒരു ദിവസത്തെ സൗജന്യ നക്ഷത്ര ഹോട്ടല്‍ വാസസൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് ഖത്വര്‍ എയര്‍വേയ്‌സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. നേരത്തേ നടപ്പിലാക്കിയ സൗജന്യ ട്രാന്‍സിറ്റ് വിസ പദ്ധതിക്ക് ലഭിച്ച സ്വീകാര്യത പരിഗണിച്ചാണ് ഹോട്ടല്‍ അനുവദിക്കുന്നതെന്ന് ടൂറിസം അതോറിറ്റി ചീഫ് ടൂറിസം ഓഫീസര്‍ ഹസന്‍ അല്‍ ഇബ്രാഹിം പറഞ്ഞു.

ആഗസ്റ്റ് 31നകം ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഹോട്ടല്‍ താമസം സപ്തംബര്‍ 30 വരെ ഉപയോഗപ്പെടുത്താം. ഈദുല്‍ ഫിത്വര്‍, ഇദുല്‍ അദ്ഹ അവധി ദിവസങ്ങളില്‍ ഈ ഓഫര്‍ ലഭിക്കില്ല. ഫസ്റ്റ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലിലും എക്കോണമി ക്ലാസ് യാത്രക്കാര്‍ക്ക് ഫോര്‍ സ്റ്റാര്‍ ഹോട്ടലിലുമാണ് താമസം ലഭിക്കുക. തുടര്‍ന്നുള്ള യാത്രക്ക് ചുരുങ്ങിയത് 12 മണിക്കൂറെങ്കിലും സമയമുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
ട്രാന്‍സിറ്റ് വിസ ഏര്‍പ്പെടുത്തിയതോടെ മാര്‍ച്ചില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 53 ശതമാനം സന്ദര്‍ശകരുടെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പ്ലസ് ഖത്വര്‍ ടുഡേ എന്ന പേരില്‍ സൗജന്യ സ്റ്റോപ്പ് ഓവര്‍ അവതരിപ്പിക്കുന്നതിലൂടെ സന്ദര്‍ശകര്‍ ഇനിയും ഉയരും. എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്ന 30 ദശലക്ഷം യാത്രക്കാരില്‍ നല്ലൊരു ശതമാനം പേരെയും ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഒരു ദിവസം ദോഹയില്‍ തങ്ങി ഖത്വറിന്റെ പ്രധാന കാഴ്ചകള്‍ കാണുന്നതിനുള്ള സൗകര്യമാണ് ഒരുക്കുക. ഒരു ദിവസം കൂടി അധികം തങ്ങണമെന്നുള്ളവര്‍ക്ക് 50 ഡോളര്‍ നല്‍കി ബുക്ക് ചെയ്യാം. ഫോര്‍ സീസണ്‍, മാരിയട്ട് മാര്‍ക്വിസ്, റാഡിസണ്‍ ബ്ലു, ഒറിക്‌സ് റൊട്ടാന എന്നീ ഹോട്ടലുകളിലാണ് യാത്രക്കാര്‍ക്ക് താമസ സൗകര്യം ലഭിക്കുക.
യാത്രക്കാര്‍ക്കായി സിറ്റി ടൂര്‍, മരുഭൂമി സവാരി, ബോട്ട് യാത്ര തുടങ്ങിയ സൗകര്യങ്ങളും ടൂറിസം അതോറിറ്റിയുടെ പാക്കേജ് നിരക്കുകളില്‍ ലഭിക്കും. ഖത്വര്‍ എയര്‍വെയ്‌സ് വെബ്‌സൈറ്റിലെ ഗ്ലോബല്‍ ഹോം പേജില്‍ മള്‍ട്ടി സിറ്റി സെലക്ട് ചെയ്ത് ദോഹ വഴിയുള്ള യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് സൗകര്യം ലഭിക്കുക. ഹോട്ടല്‍ കൂടി തിരഞ്ഞെടുക്കുന്നതോടെയാണ് ടിക്കറ്റ് കണ്‍ഫേം ചെയ്യപ്പെടുക.
ഖത്വര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് രാജ്യത്ത് അഞ്ചു മുതല്‍ 96 മണിക്കൂര്‍ വരെ തങ്ങാവുന്ന ഓണ്‍ലൈന്‍ ട്രാന്‍സിറ്റ് വിസയാണ് നേരത്തേ സൗജന്യമായി അനുവദിച്ചു തുടങ്ങിയത്. പ്രീമിയം ഇകോണമി യാത്രക്കാര്‍ക്ക് ലഭ്യമായ ഈ സൗകര്യം നിരവധി പേര്‍ ഉപയോഗപ്പെടുത്തുന്നു. ടൂറിസം അടിസ്ഥാനപ്പെടുത്തിയുള്ള പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ഖത്വര്‍ എയര്‍വേയ്‌സ് രൂപം നല്‍കിയ ഡിസ്‌കവര്‍ ഖത്വര്‍ ഡസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്പനിയാണ് ടൂറിസം അതോറ്റിയുമായി ചേര്‍ന്ന് പുതിയ സേവനങ്ങള്‍ കൊണ്ടു വരുന്നത്. രാജ്യത്തേക്ക് സഞ്ചാരികളെ എത്തിക്കുകയും അവര്‍ ഷോപിംഗിലൂടെയും മറ്റു സേവനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെയും രാജ്യത്തെ വാണിജ്യ വ്യവസായ മേഖലക്ക് ലഭിക്കുന്ന ഉണര്‍വിനൊപ്പം ഖത്വര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ലോകവ്യാപകമായുള്ള യാത്രക്കാരുടെ സഞ്ചാരം വര്‍ധിപ്പിക്കുക കൂടി ലക്ഷ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here