ഉന്നുമായുള്ള കൂടിക്കാഴ്ച ബഹുമതിയായി കരുതുമെന്ന് ട്രംപ്

Posted on: May 3, 2017 7:20 am | Last updated: May 2, 2017 at 11:21 pm

വാഷിംഗ്ടണ്‍: ഉത്തര കൊറിയന്‍ ഭരണാധികാരിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും ഇങ്ങനെ ഒരു കൂടിക്കാഴ്ച നടന്നാല്‍ അത് ബഹുമതിയായി കരുതുമെന്നും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറിയന്‍ മേഖല യുദ്ധഭീതിയിലിരിക്കുമ്പോള്‍ ആകസ്മികമായാണ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നുമയുള്ള കൂടിക്കാഴ്ചക്കുള്ള സന്നദ്ധത അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് രംഗത്തെത്തിയത്. നേരത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ചൈനയുടെ ആവശ്യം അമേരിക്ക നിരസിച്ചിരുന്നു.

ഉത്തര കൊറിയയുടെ നിരന്തരമായ ആണവായുധ ആക്രമണ ഭീഷണി യു എസിനെ ഭയപ്പെടുത്തുന്നുണ്ടെന്നാണ് ട്രംപിന്റെ പുതിയ പ്രസ്താവന സൂചന നല്‍കുന്നത്. അതേസമയം, ഇങ്ങനെയൊരു കൂടിക്കാഴ്ച നടക്കുകയാണെങ്കില്‍ അമേരിക്ക ഉത്തര കൊറിയക്ക് മേല്‍ അണവപരീക്ഷണങ്ങള്‍ നിര്‍ത്തിവെക്കണമെന്നതടക്കമുള്ള നിബന്ധനകള്‍ വെക്കുമെന്ന് ട്രംപ് വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് കടുത്ത യു എസ് വിരുദ്ധനായ ഉത്തര കൊറിയന്‍ ഏകാധിപതിയെ പ്രകീര്‍ത്തിച്ചിരുന്നു. അമേരിക്കയുടെ ബദ്ധവൈരികളായി കണക്കാക്കപ്പെടുന്ന റഷ്യയോടും ചൈനയോടും നയതന്ത്രബന്ധം സ്ഥാപിച്ച നിലപാട് നിരന്തരമായി ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കെയാണ് ഉന്നിനെ പ്രകീര്‍ത്തിച്ചുള്ള ട്രംപിന്റെ പ്രസ്താവന.