ഐ പി എല്‍: കര്‍ണാടകയില്‍ വാതുവെപ്പ് സംഘങ്ങള്‍ സജീവം; വലവിരിച്ച് പോലീസ്‌

Posted on: May 3, 2017 8:04 am | Last updated: May 2, 2017 at 11:05 pm

ബെംഗളൂരു: ഐ പി എല്‍ സീസണ്‍ പുരോഗമിക്കുന്നതിനിടെ കര്‍ണാടകയില്‍ വാതുവെപ്പ് സംഘങ്ങള്‍ സജീവമായി. പോലീസിന് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കാത്ത ഇടങ്ങളിലാണ് വാതുവെപ്പ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി വാതുവെപ്പ് സംഘങ്ങളുടെ ഏജന്റുമാര്‍ ബെംഗളൂരു, മൈസൂരു മേഖലകളിലായി നിലയുറപ്പിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വാതുവെപ്പ് സംഘടിപ്പിച്ചതിന്റെ പേരില്‍ ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ദിവസം കഴിയുന്തോറും വര്‍ധിക്കുകയാണ്.
കഴിഞ്ഞ ഒരുമാസമായി മൂന്ന് ഡസനോളം ആളുകളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയും മൂന്ന് പേര്‍ അറസ്റ്റിലായി. ദേവനഹള്ളി മഹാന്‍താര മുട്ട് കുമുദ് നിലയത്തിലെ രവീന്ദ്ര (38), ശാന്തിനഗര്‍ സെക്കന്‍ഡ് ക്രോസിലെ നാഗേഷ് (42), പ്രശാന്ത് നഗറിലെ ഉദയ ഷെട്ടി (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 1,25,000 രൂപയും നാല് മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. സെന്‍ട്രല്‍ ക്രൈം റിസര്‍ച്ച് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനും മുംബൈ ഇന്ത്യന്‍ ടീമിനും വേണ്ടിയാണ് ഇവര്‍ വാതുവെപ്പ് നടത്തിയത്.

വാതുവെപ്പ് നടത്തിയ 13 പേരെ ഏപ്രില്‍ 21ന് മൈസൂരുവില്‍ നിന്ന് സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍നിന്ന് 60,900 രൂപയും മറ്റു വസ്തുക്കളും പിടിച്ചെടുത്തു. രണ്ടിടങ്ങളിലായി നടന്ന പരിശോധനകളിലാണ് വാതുവെപ്പ് സംഘം പിടിയിലായത്.
മംഗളൂരു, ഹുബ്ബള്ളി എന്നിവിടങ്ങളിലും ക്രിക്കറ്റ് വാതുവെപ്പ് സംഘങ്ങള്‍ സജീവമായിട്ടുണ്ട്. ഐ പി എല്‍ സീസണ്‍ ആരംഭിച്ചതോടെ നഗരത്തില്‍ വാതുവെപ്പുകേന്ദ്രങ്ങള്‍ സജീവമായതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇത്തരക്കാരെ പിടികൂടാന്‍ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പ്രവീണ്‍ സൂഡ് പറഞ്ഞു.

കഴിഞ്ഞയാഴ്ച ഇന്ദിരാനഗറിലെ ഫഌറ്റില്‍ നിന്ന് പുനിത്, വിഞ്ജനേഷ്, നാഗരാജ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് പോലീസ് ഫഌറ്റ് പരിശോധിച്ചപ്പോഴാണ് സംഘം പിടിയിലായത്. 1.6 ലക്ഷം രൂപ, മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പ്, കമ്പ്യൂട്ടര്‍ എന്നിവ ഇവരില്‍ നിന്ന് കണ്ടെടുത്തു. ഇതിന് രണ്ട് ദിവസം മുമ്പാണ് ക്രിക്കറ്റ് വാതുവെപ്പുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഹൊങ്ങസാന്ദ്രയിലെ ഫഌറ്റില്‍ നടത്തിയ റെയ്ഡില്‍ മഞ്ജുനാഥ്, സുരേഷ്, നരസിംഹ റെഡ്ഡി എന്നിവരാണ് പിടിയിലായത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് ഫഌറ്റ് പരിശോധിച്ചപ്പോഴാണ് സംഘം കുടുങ്ങിയത്. രണ്ട് ലക്ഷം രൂപ, മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പ്, കമ്പ്യൂട്ടര്‍ എന്നിവ കണ്ടെത്തു. വാതുവെപ്പില്‍ ഏര്‍പ്പെട്ടവരുടെ ലിസ്റ്റ് സൂക്ഷിക്കുന്ന ബുക്കും ഇവരില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. കഴിഞ്ഞയാഴ്ച മല്ലേശ്വരം ഗായത്രി നഗറില്‍ താമസിക്കുന്ന നിര്‍മല്‍കുമാറിനെ വാതുവെപ്പുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വാതുവെപ്പില്‍ പങ്കെടുത്തവരുടെ പേരുകളും മറ്റും ഇയാളുടെ ഡയറിയില്‍ നിന്ന് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളുടെ വീട് കേന്ദ്രീകരിച്ചാണ് വാതുവെപ്പ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ കുതിരപ്പന്തയത്തില്‍ ഒഴികെ മറ്റെല്ലാ മത്സരങ്ങളിലും വാതുവെപ്പ് നിയമവിരുദ്ധമാണെന്നാണ് ചട്ടം അനുശാസിക്കുന്നത്.