Connect with us

Articles

വൈകുന്ന ലോക്പാലും കേരളത്തിലെ അഴിമതിയും

Published

|

Last Updated

അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് സുപ്രധാന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായി. ലോക്പാല്‍ നിയമനം വൈകിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാറിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചതാണ് ഇതിലൊന്ന്. അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളവും ഉള്‍പ്പെട്ടുവെന്ന സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിന്റെ കണ്ടെത്തല്‍ രണ്ടാമത്തേതും. രണ്ടു വാര്‍ത്തകളും വലിയ ചര്‍ച്ചയായില്ലെങ്കിലും മുന്‍പ് വന്‍വിവാദങ്ങളും വാര്‍ത്തകളുമായ സംഭവ വികാസങ്ങളുടെ ബാക്കി പത്രമാണ് ഈ രണ്ടു വാര്‍ത്തകളും.

രണ്ടാം യു പി എ സര്‍ക്കാറിന്റെ കാലത്ത് നടന്ന കൊടിയ അഴിമതിയും അതിന്റെ ഭാഗമായി രൂപപ്പെട്ട പ്രക്ഷോഭങ്ങളുടെയും ഉത്പന്നമായിരുന്നു ലോക്പാല്‍ നിയമം. കേന്ദ്രത്തില്‍ നരേന്ദ്രമോദിയെ അധികാരത്തിലെത്തിച്ചതില്‍ നിര്‍ണായക പങ്കുണ്ടായിരുന്നു അന്നാഹസാരെയും അരവിന്ദ് കെജ്‌രിവാളും നയിച്ച ലോക്പാല്‍ സമരത്തിന്. ഹസാരെയും കെജ്‌രിവാളും പിന്നീട് രണ്ടുവഴിക്കായെങ്കിലും ഇരുവരും ചേര്‍ന്ന് ഡല്‍ഹിയില്‍ നടത്തിയ പ്രക്ഷോഭം രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ചു. ഒത്തുതീര്‍പ്പ് ശ്രമങ്ങളോട് മുഖം തിരിച്ചാണ് ഹസാരെ അന്ന് സമരരംഗത്ത് ഉറച്ചുനിന്നത്. ഇതിന്റെ തുടര്‍ച്ചയായി നരേന്ദ്ര മോദി കേന്ദ്രത്തില്‍ അധികാരത്തിലേറുകയും 2013ല്‍ ലോക്പാല്‍ നിയമം പാര്‍ലിമെന്റ് പാസാക്കുകയും ചെയ്തു.
നിയമം നിലവില്‍ വന്ന് വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും അഴിമതിക്കാരെ കണ്ടെത്തി ശിക്ഷിക്കേണ്ട ലോക്പാലിനെ ഇനിയും കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിട്ടില്ല. നിയമിക്കാത്തതിന് പറയുന്ന കാരണമാണ് വിചിത്രം. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവില്ലത്രെ. പ്രധാനമന്ത്രി അധ്യക്ഷനും പ്രതിപക്ഷനേതാവ്, ലോക്‌സഭാസ്പീക്കര്‍, സുപ്രീം കോടതി ചീഫ്ജസ്റ്റിസ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ലോക്പാലിനെ നിയമിക്കേണ്ടതെന്നാണ് ലോക്പാല്‍ നിയമം പറയുന്നത്. പാര്‍ലിമെന്റില്‍ പ്രതിപക്ഷത്തിന്റെ അംഗസംഖ്യ കുറവായതിനാല്‍ പ്രതിപക്ഷനേതാവ് എന്ന പദവി നല്‍കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കോണ്‍ഗ്രസിന്റെ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയാണ് പ്രതിപക്ഷനേതൃപദവിയില്‍ കാണുന്നത്. ഇദ്ദേഹത്തെ പ്രതിപക്ഷനേതാവായി ഔദ്യോഗികമായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. അത് കൊണ്ടാണ് ലോക്പാല്‍ നിയമനം നടത്താത്തതെന്ന വിചിത്രവാദമാണ് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിക്കുന്നത്.
ലോക്പാല്‍ നിയമനം വൈകുന്നത് ചൂണ്ടിക്കാട്ടി ഒരു സന്നദ്ധ സംഘടന നല്‍കിയ ഹരജി സുപ്രീം കോടതി പരിഗണിച്ച ഘട്ടത്തിലാണ് ഈ മുടന്തന്‍ ന്യായം കേന്ദ്രം ഉന്നയിച്ചത്.

അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ആത്മാര്‍ഥത തന്നെ ഇല്ലാതാക്കുന്നതാണ് ഈ വാദം. മാത്രമല്ല, അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തിയ അന്നാ ഹസാരെ പോലും ഇപ്പോള്‍ മിണ്ടുന്നില്ല. അഴിമതിയുമായി ബന്ധപ്പെട്ട് ദി സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് നടത്തിയ റിപ്പോര്‍ട്ട് കൂടി ഇതോട് ചേര്‍ത്ത് വായിക്കണം. പഠനവിധേയമാക്കിയ 20 സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം ഇതുവരെ 6350 കോടി രൂപ കൈക്കൂലിയിനത്തില്‍ കൊടുത്തിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. 2005ല്‍ ഇത് 20500 കോടി രൂപയായിരുന്നു. പഠന വിധേയരായ 3000 ആളുകളില്‍ മൂന്നില്‍ ഒരാള്‍ ഒരിക്കലെങ്കിലും അഴിമതിക്ക് ഇരയാകുന്നു. കേരളവും ഹിമാചലുമാണ് അഴിമതി കുറഞ്ഞ സംസ്ഥാനങ്ങള്‍. അഴിമതി കൂടുതല്‍ കര്‍ണാടകയിലും.

കേരളത്തെ സംബന്ധിച്ച് അഭിമാനിക്കാവുന്ന കണ്ടെത്തലാണിത്. എന്നാല്‍, ഭരണതല അഴിമതി ആരോപണങ്ങളില്‍ കുറവുണ്ടായെങ്കിലും ഉദ്യോഗസ്ഥതല അഴിമതി കുറഞ്ഞെന്ന് കരുതാനാവില്ല. വിജിലന്‍സ് കഴിഞ്ഞ മാസം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ ഇത് വ്യക്തമാണ്. വിജിലന്‍സ് തയ്യാറാക്കിയ സൂചിക അനുസരിച്ച് സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും റവന്യൂ വകുപ്പിലുമാണ് ഏറ്റവും കൂടുതല്‍ അഴിമതി. അഴിമതിക്കെതിരെ ശക്തമായ നടപടികള്‍ തുടരുമ്പോഴും ഈ മാരക വിപത്ത് ഇല്ലാതാക്കാന്‍ കഴിയുന്നില്ലെന്നതിന്റെ സ്ഥിതി വിവര കണക്കാണിത്. ആരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം, പോലീസ്, ജലസേചനം, ഭക്ഷ്യം, എക്‌സൈസ്, മൈനിംഗ്, വാണിജ്യനികുതി, വകുപ്പുകളിലും അഴിമതിയുടെ തോത് മോശമല്ലെന്ന് വിജിലന്‍സ് പട്ടിക വ്യക്തമാക്കുന്നു.
വിജിലന്‍സ് വകുപ്പില്‍ ലഭിച്ച പരാതികളുടെയും ഓണ്‍ലൈന്‍ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു ഈ സര്‍വേ. കൂടുതല്‍ അഴിമതി നടക്കുന്നവ, ഇടത്തരം അഴിമതി, കുറഞ്ഞതോതില്‍ അഴിമതി, വളരെ കുറച്ച് അഴിമതി നടക്കുന്നവ എന്നിങ്ങിനെ തരംതിരിച്ചാണ് സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

61 സര്‍ക്കാര്‍ വകുപ്പുകളില്‍ നേരിട്ടും, ഓണ്‍ ലൈന്‍ വഴിയും നടത്തിയ അഭിപ്രായ സര്‍വേക്ക് ശേഷമാണ് പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിച്ചത്. കൈക്കൂലി, നിശ്ചിത സമയത്ത് സേവനം ലഭ്യമാക്കാതിരിക്കുക, അര്‍ഹമായ സേവനങ്ങള്‍ നിഷേധിക്കല്‍, അധികാര ദുര്‍വിനിയോഗത്തിലൂടെ പൊതുപണം നഷ്ടപ്പെടുത്തല്‍, നിലവാരമില്ലാത്ത സേവനം നല്‍കല്‍, ജനോപകാരപ്രദമല്ലാത്ത പദ്ധതികള്‍ നടപ്പാക്കല്‍ തുടങ്ങിയവ അഴിമതിയില്‍ ഉള്‍പ്പെടുത്തി രണ്ട് മാസത്തെ പരിശോധനയിലൂടെയാണ് അതിന്റെ തോത് കണക്കാക്കിയത്.

തദ്ദേശസ്വയംഭരണം, റവന്യൂവകുപ്പുകള്‍ക്ക് പുറമെ പൊതുമരാമത്ത്, ആരോഗ്യം, കൃഷി, ഗതാഗതം, ജലവിഭവം, എക്‌സൈസ്, ഭക്ഷ്യം, പൊതുവിദ്യാഭ്യാസം, വാണിജ്യനികുതി, ഖനനം വകുപ്പുകളിലാണ് കൊടിയ അഴിമതിയെന്നായിരുന്നു കണ്ടെത്തല്‍. തദ്ദേശവകുപ്പിലും റവന്യൂവകുപ്പിലും യഥാക്രമം 10.34 ഉം 9.24ഉം ശതമാനം അഴിമതി നിലനില്‍ക്കുന്നുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഇത് വകുപ്പില്‍ മാത്രമുള്ള അഴിമതിയായി കാണാനാകില്ല. തദ്ദേശവകുപ്പ് എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ്. വില്ലേജ് ഓഫീസ് മുതല്‍ തുടങ്ങുന്നതാണ് റവന്യൂവകുപ്പിന്റെ സംവിധാനം. അതായത് ജനങ്ങളുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന, അല്ലെങ്കില്‍ ബന്ധപ്പെട്ട് നില്‍ക്കുന്ന വകുപ്പുകളാണിത്. എന്തെങ്കിലും ഒരു ആവശ്യത്തിന് രണ്ട് മാസത്തിലൊരിക്കലെങ്കിലും പഞ്ചായത്ത് ഓഫീസിലോ വില്ലേജ് ഓഫീസിലോ പോകാത്തവര്‍ വളരെ കുറവായിരിക്കും. ജനനസര്‍ട്ടിഫിക്കറ്റ് മുതല്‍ കെട്ടിട നിര്‍മാണ അപേക്ഷകള്‍ വരെ നല്‍കുന്നത് പഞ്ചായത്ത്, മുനിസിപ്പല്‍ ഓഫീസുകളില്‍ നിന്നാണ്. ഈ സേവനങ്ങള്‍ക്ക് കൈക്കൂലി നല്‍കേണ്ടത് ഒരു അനിവാര്യതയാണെന്ന മട്ടിലാണ് കാര്യങ്ങള്‍.

തദ്ദേശ സ്ഥാപനങ്ങളില്‍ അഴിമതി കൂടുതലെങ്കിലും ഇത് പുറത്ത് പറയാന്‍ പൊതുജനങ്ങള്‍ വിമുഖത കാണിക്കുകയാണെന്ന വസ്തുതയും വിസ്മരിക്കാന്‍ കഴിയില്ല. കാര്യസാധ്യത്തിനായി ജനങ്ങള്‍ വളഞ്ഞ വഴി സ്വീകരിക്കുന്നത് അഴിമതിക്ക് വഴിയൊരുക്കുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതിയെക്കുറിച്ച് പരാതിപ്പെടാന്‍ മൂന്ന് മാസം മുമ്പ് തദ്ദേശവകുപ്പ് ഫോര്‍ ദി പീപ്പിള്‍ എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് തന്നെ ആരംഭിച്ചിരുന്നു. ഇതില്‍ ഇന്നലെ വരെ ലഭിച്ചത് 352 പരാതികളാണ്. സംസ്ഥാനത്തെ മൊത്തം അഴിമതിയുടെ 10.34 ശതമാനം അഴിമതിയും തദ്ദേശ വകുപ്പിലാണ് നടക്കുന്നതെന്ന് വിജിലന്‍സ് സര്‍വേ വ്യക്തമാക്കുമ്പോഴാണ് ഈ കണക്ക്. പരാതിപ്പെടാന്‍ സംവിധാനമുണ്ടായിട്ടും ജനം മടിക്കുന്നു.
വിജിലന്‍സ് റിപ്പോര്‍ട്ട് അനുസരിച്ചു സംസ്ഥാനത്തെ മൊത്തം ഉദ്യോഗസ്ഥ അഴിമതി അഞ്ച് ശതമാനത്തില്‍ താഴെയാണ്. അതേസമയം അന്താരാഷ്ട്ര അഴിമതിവിരുദ്ധ ഗ്രൂപ്പായ ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷനല്‍ അടുത്തിടെ കേരളത്തിലുള്‍പ്പെടെ രാജ്യവ്യാപകമായി നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത് ഉദ്യോഗസ്ഥരില്‍ 70 ശതമാനവും അഴിമതിക്കാരാണെന്നാണ്. ഉദ്യോഗസ്ഥ അഴിമതി അഞ്ച് ശതമാനത്തില്‍ ഒതുങ്ങുന്നതല്ലെന്ന് വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങുന്ന സാധാരണക്കാര്‍ക്ക് ബോധ്യപ്പെടും.
മുന്‍കാല സര്‍ക്കാര്‍ കാലത്തെ അഴിതി തുറന്നുകാട്ടി കേരളത്തെ അഴിമതിമുക്ത സംസ്ഥാനമാക്കുമെന്ന പ്രഖ്യാപനത്തോടെ അധികാരത്തിലേറിയ സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. അഴിമതി തുടച്ചു നീക്കണമെങ്കില്‍ ഇതുമായി ബന്ധപ്പെട്ടു ഉയരുന്ന പരാതികളില്‍ സത്യസന്ധമായ അന്വേഷണം നടക്കുകയും കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കേണ്ടതുമുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായ അന്വേഷണത്തിനുള്ള അധികാരവും സാഹചര്യവും ഇതിനാവശ്യമാണ്. എന്നാല്‍ അഴിമതിയെക്കുറിച്ചു അന്വേഷിച്ചില്ലെങ്കില്‍ വിമര്‍ശം, അന്വേഷിച്ചാലും വിമര്‍ശം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ സര്‍ക്കാറും വിജിലന്‍സും അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന പരാതി ഉയരും. അന്വേഷണം നടത്തുമ്പോള്‍ അതിന്റെ നടപടിക്രമങ്ങള്‍ നിയമകുരുക്കിലേക്ക് നീങ്ങുന്നു.

വിജിലന്‍സിനെതിരെ രൂക്ഷമായ വിമര്‍ശം ഹൈക്കോടതിയില്‍ നിന്ന് ഉയരുന്ന സാഹചര്യം ഇതോട് ചേര്‍ത്ത് വായിക്കണം. കോടതി ചൂണ്ടിക്കാണിക്കുന്ന വീഴ്ചകള്‍ പരിഹരിച്ച് മുന്നോട്ടുപോകുകയാണ് വേണ്ടത്. എന്തെങ്കിലും വിമര്‍ശനം നേരിടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്തും ഫയലുകള്‍ വെച്ചു താമസിപ്പിച്ചും ഗവേഷണം നടത്തിയുമല്ല ഇതിനോട് പ്രതികരിക്കേണ്ടത്.

ജനങ്ങള്‍ നേരിട്ടു ഇടപെടുന്ന വകുപ്പുകളില്‍ ഇ- ഗവേണിംഗ് സംവിധാനം പരമാവധി ഏര്‍പ്പെടുത്തുക, മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ആഭ്യന്തര വിജിലന്‍സ് ഉടന്‍ രൂപവത്കരിക്കുക തുടങ്ങി വിജിലന്‍സ് തന്നെ നേരത്തെ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കണം.
ഇതിലെല്ലാമുപരി കാര്യങ്ങള്‍ എളുപ്പത്തില്‍ സാധിക്കണമെന്ന മാനസികാവസ്ഥയില്‍ കൈക്കൂലിയും അഴിമതിയുമായി പൊരുത്തപ്പെട്ടു പോകുന്ന പൊതുജനത്തിന്റെ ചിന്താഗതിയിലും മാറ്റം വരണം. ഒരു കാരണവശാലും കൈക്കൂലി നല്‍കി കാര്യം സാധിക്കില്ലെന്ന് തീരുമാനിച്ചാല്‍ മാത്രമേ അഴിമതി പൂര്‍ണമായി തുടച്ച് നീക്കാന്‍ കഴിയൂ.

 

Latest