Connect with us

Kerala

മെക്കാനിക്കല്‍ ജീവനക്കാരുടെ സമരം പിൻവലിച്ചു; കെഎസ്ആര്‍ടിസി ഒാടിത്തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം: ഡബിൾഡ്യൂട്ടി സംവിധാനം എടുത്തുകളഞ്ഞതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി മെക്കാനിക്കല്‍ ജീവനക്കാർ നടത്തിയ പണിമുടക്ക്  പിൻവലിച്ചു. ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് പണിമുടക്ക് പിൻവലിക്കാൻ ധാരണയായത്. ചർച്ചയിൽ ഡബിൾ ഡ്യൂട്ടി സംവിധാനം പിൻവലിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. എന്നാൽ രാത്രിയിൽ ഒരു അധിക ഷിഫ്റ്റ് കൂടി അനുവദിച്ച് പ്രശ്നപരിഹാരം കാണാമെന്ന് സർക്കാർ സമ്മതിച്ചതോടെയാണ് ജീവനക്കാർ സമരം പിൻവലിക്കാൻ തയ്യാറാതയ്.

സമരത്തെ തുടർന്ന് ഉച്ച വരെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പലയിടങ്ങളിലും തടസ്സപ്പെട്ടു. ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ മുടങ്ങിയത് യാത്രക്കാര്‍ക്ക് ദുരിതമായി. മലബാറിലും മധ്യ കേരളത്തിലും നിരവധി സര്‍വീസുകളാണ് മുടങ്ങിയത്. തിരുവനന്തപുരത്ത് 20 ഡിപ്പോകളില്‍ പല സര്‍വീസുകളും മുടങ്ങി. പത്തനംതിട്ടയില്‍ ഒരു സര്‍വീസ് പോലും നടത്താനായിട്ടില്ല. കൊച്ചി, കോട്ടയം എന്നിവിടങ്ങളിലും സര്‍വീസ് ഏറെക്കുറെ തടസ്സപ്പെട്ടിരിക്കുകയാണ്.

മെക്കാനിക്കല്‍ ജീവനക്കാരുടെ ഡ്യൂട്ടി സമയത്തില്‍ പുനക്രമീകരണം കൊണ്ടുവന്നതാണ് പണിമുടക്കിന് കരാണം. ഡബിള്‍ഡ്യൂട്ടി സംവിധാനം നിര്‍ത്തലാക്കി എല്ലാം സിംഗിള്‍ ഡ്യൂട്ടിയാക്കി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ഉത്തരവിറക്കുകയായിരുന്നു. ഇന്നലെ മുതല്‍ ഉത്തരവ് നിലവില്‍ വന്നതോടെയാണ് തൊഴിലാളികള്‍ പണിമുടക്ക് തുടങ്ങിയത്.

കെഎസ്ആര്‍ടിസിയുടെ പരിഷ്‌കാരത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഷിഫ്റ്റുകളില്‍ മാറ്റം വരുത്തിയത്. പുതിയ നിര്‍ദേശം അനുസരിച്ച് രാവിലെ ആറ് മുതല്‍ രണ്ട് വരെയും രണ്ട് മുതല്‍ രാത്രി പത്ത് വരെയും പത്ത് മുതല്‍ രാവിലെ ആറ് വരെയുമാണ് മെക്കാനിക്കല്‍ ജീവനക്കാരുടെ ഷിഫ്റ്റ്. ഇത് അംഗീകരിക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. എന്നാല്‍ യൂനിയനുകളുടെ എതിര്‍പ്പിനെ മറികടന്ന് തീരുമാനവുമായി മുന്നോട്ട് പോകുമെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്.