Connect with us

National

എ ഐ എ ഡി എം കെയിലെ ലയനം അനിശ്ചിതാവസ്ഥയില്‍

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട്ടില്‍ എ ഐ എ ഡി എം കെ ഗ്രൂപ്പുകള്‍ തമ്മിലുള്ള ലയനം വീണ്ടും അനിശ്ചിതാവസ്ഥയില്‍. ഒ പനീര്‍ ശെല്‍വം ക്യാമ്പില്‍ കടുത്ത ഭിന്നതയാണെന്ന ആരോപണവുമായി മുഖ്യമന്ത്രി പളനി സ്വാമിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം രംഗത്തെത്തി. ഒ പി എസ് പക്ഷത്തെ നേതാക്കള്‍ പരസ്പരവിരുദ്ധമായ അഭിപ്രായപ്രകടനങ്ങളാണ് നടത്തുന്നതെന്ന് ധനമന്ത്രി ഡി ജയകുമാര്‍ ആരോപിച്ചു.

അവര്‍ ഓരോരുത്തരും ഓരോ വാദഗതികളാണ് മുന്നോട്ടു വെക്കുന്നത്. “പനീര്‍ ശെല്‍വം പറയുന്നു, സമവായത്തിനുള്ള സാധ്യത തെളിഞ്ഞുവെന്ന്. എന്നാല്‍, മുന്‍ മന്ത്രി എസ് സെമ്മലൈയും മാഫോയി കെ പാണ്ഡ്യരാജനും വ്യത്യസ്തമായ പ്രസ്താവനകളാണ് പുറപ്പെടുവിക്കുന്നത്. അവര്‍ക്കിടയില്‍ തന്നെ അഭിപ്രായൈക്യമില്ല. എന്നാല്‍, എല്ലാ തര്‍ക്കങ്ങളിലും ചര്‍ച്ചയാകാമെന്ന നിലപാടില്‍ ഞങ്ങള്‍ ഉറച്ച് നില്‍ക്കുകയാണ്”- ജയകുമാര്‍ പറഞ്ഞു.
അതേസമയം, തങ്ങള്‍ ഉന്നയിച്ചിട്ടുള്ള നിബന്ധനകള്‍ പാലിക്കാന്‍ പളനിസ്വാമി പക്ഷം തയ്യാറാകാത്തതാണ് പ്രശ്‌നമെന്ന് പനീര്‍ശെല്‍വത്തിന്റെ വലംകൈയും രാജ്യസഭാംഗവുമായ വി മൈത്രേയന്‍ പറഞ്ഞു. ജയലളിതയുടെ മരണത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. ശശികല കുടുംബത്തിലെ മുഴുവന്‍ പേരെയും പാര്‍ട്ടിയില്‍ പുറത്താക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതും വ്യക്തമായി നടപ്പാക്കിയിട്ടില്ലെന്ന് മൈത്രേയന്‍ പറഞ്ഞു.