Connect with us

National

ലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ നിതി ആയോഗ്

Published

|

Last Updated

ന്യൂഡല്‍ഹി: വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് രണ്ട് ഘട്ടങ്ങളിലായി നടത്തണമെന്ന് നിതി ആയോഗ്. ഇതിനായി സംസ്ഥാന നിയമസഭകളില്‍ ചിലതിന്റെ കാലാവധി വെട്ടിച്ചുരുക്കുകയോ ചിലതിന് നീട്ടിനല്‍കുകയോ വേണ്ടിവരും. 2024ല്‍ ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണ് നടക്കുന്നതെന്ന് നിതി ആയോഗുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

ഇക്കാര്യം വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിതി ആയോഗ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തയ്യാറാക്കാനും ഇതനുസരിച്ചുള്ള കരട് രൂപം അടുത്ത മാര്‍ച്ചോടെ തയ്യാറാക്കി മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാക്കാനുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് നിതി ആയോഗ് തയ്യാറാക്കിയ കരട് റിപ്പോര്‍ട്ട് ഈ മാസം 23ന് ചേര്‍ന്ന യോഗത്തില്‍ ഭരണ സമിതി അംഗങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു. സംസ്ഥാന മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടുന്നതാണ് നിതി ആയോഗ് ഭരണ സമിതി.
ലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന നിര്‍ദേശത്തെ അനുകൂലിക്കുന്നതായി കഴിഞ്ഞ റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സൂചിപ്പിച്ചിരുന്നു. ഇക്കാര്യം പ്രാവര്‍ത്തികമായാല്‍ ചില നഷ്ടങ്ങള്‍ ഉണ്ടാകുമെങ്കിലും രാഷ്ട്രീയത്തിന്റെ ഇടുങ്ങിയ കണ്ണിലൂടെ അതിനെ നോക്കിക്കാണരുതെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചിരുന്നു.

Latest