സ്വാശ്രയ കോളേജുകളെ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണം: എസ് എസ് എഫ്‌

Posted on: May 1, 2017 12:55 am | Last updated: April 30, 2017 at 11:12 pm
SHARE

കോഴിക്കോട്: വിദ്യാഭ്യാസം ലാഭം കൊയ്യുന്ന കച്ചവടമായി മാറുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യവസായ ശാലകളായി രൂപാന്തരപ്പെടുകയും ചെയ്തതിന്റെ തിക്തഫലമാണ് കേരളം ഇന്നഭിമുഖീകരിക്കുന്ന വിദ്യാഭ്യാസത്തകര്‍ച്ചയുടെ പ്രധാന കാരണമെന്ന് എസ് എസ് എഫ് കുറ്റപ്പെടുത്തി. വിദ്യാഭ്യാസ കച്ചവടക്കാര്‍ വിദ്യാര്‍ഥികളെ അടിമകളായി കാണുകയാണ്. വ്യവസായ ശാലകളില്‍ തൊഴിലാളി സംഘടനകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് പോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ സംഘടിക്കുന്നതും പ്രതിഷേധങ്ങള്‍ സംഘടപ്പിക്കുന്നതും മാനേജ്‌മെന്റ് വിലക്കുകയാണ്. അത്തരം ശ്രമങ്ങളെ മുളയിലേ നുള്ളിക്കളയാന്‍ ഏത് ഹീനമാര്‍ഗവും സ്വീകരിക്കാന്‍ മാനേജ്‌മെന്റ് മടിക്കില്ലെന്നാണ് ജിഷ്ണു പ്രണോയിയുടെ മരണത്തിലൂടെ വെളിപ്പെട്ടത്.

സ്വശ്രയ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളുടെ ജനാധിപത്യപരമായ മുഴുവന്‍ അവകാശങ്ങളും നിഷേധിക്കുന്ന വിചിത്രമായ രീതിയാണ് മാനേജ്‌മെന്റ് പിന്തുടരുന്നത്. ട്യൂഷന്‍ ഫീ, തലവരി എന്നിവയില്‍ മാത്രമായി ഒതുങ്ങിപ്പോകുന്ന സ്വശ്രയ ചര്‍ച്ചകള്‍ മാനേജ്‌മെന്റിനെ സഹായിക്കാനേ ഉപകരിക്കൂ. എസ് എസ് എഫ് സംസ്ഥാന ക്യാമ്പസ് സിന്‍ഡികേറ്റ് കോഴിക്കോട് യൂത്ത് സ്‌ക്വയറില്‍ സംഘടിപ്പിച്ച സ്വാശ്രയ വിദ്യഭ്യാസം, നിരാശ്രയ വിദ്യാര്‍ഥിത്വം: ഇടിമുറിക്കാലത്തെ ക്യാമ്പസ് സന്ദേഹങ്ങള്‍ വിഷയത്തിലുള്ള ചര്‍ച്ച കലാലയം സാംസ്‌കാരിക വേദി ചെയര്‍മാന്‍ മുഹമ്മദലി മമ്മു ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എം അബ്ദുര്‍ഹ്മാന്‍ ചര്‍ച്ച നിയന്ത്രിച്ചു. എം. മുഹമ്മദ് നിയാസ്, മുഹമ്മദ് ഖാസിം ഇ, എം അബ്ദുല്‍ കരീം, എം കെ മുഹമ്മദ് സ്വഫ്‌വാന്‍, സയ്യിദ് എ വഹാബ് ജിഫ്രി, ഡോ. എം എസ് മുഹമ്മദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here