Connect with us

Kerala

ഉമര്‍ ഹാജിക്ക് കണ്ണീരോടെ വിട

Published

|

Last Updated

മര്‍കസില്‍ നടന്ന ജനാസ നിസ്‌കാരത്തിന് കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ നേതൃത്വം നല്‍കുന്നു

കോഴിക്കോട്: സുന്നി പ്രാസ്ഥാനിക രംഗത്തെ ആ പുഞ്ചിരിക്കുന്ന മുഖം മാഞ്ഞു. കോഴിക്കോട് നഗരത്തിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ശനിയാഴ്ച അര്‍ധരാത്രി അന്തരിച്ച എന്‍ പി ഉമര്‍ ഹാജിക്ക് കണ്ണീരോടെ വിട. പ്രായത്തിന് പോലും തളര്‍ത്താന്‍ കഴിയാത്ത ആവേശത്തോടെ സംഘടനാ പ്രവര്‍ത്തന രംഗത്ത് ഓടിനടക്കാന്‍, സഹൃദയര്‍ ഉമര്‍ സാഹിബെന്ന് സ്‌നേഹത്തോടെ വിളിച്ചിരുന്ന ഉമര്‍ ഹാജി ഇനി ഇല്ല.

മത-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നാനാതുറകളില്‍ നിന്ന് നൂറുകണക്കിന് ആളുകളാണ് വിയോഗവാര്‍ത്ത അറിഞ്ഞ് കണ്ണാടിക്കലിലെ വസതിയിലേക്ക് ഒഴുകിയെത്തിയത്. ആ ഒഴുക്ക് പറമ്പില്‍ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും വരെ തുടര്‍ന്നുകൊണ്ടിരുന്നു. ഇന്നലെ രാവിലെ ഒന്‍പതരയോടെ മേല്‍ നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളജ് മര്‍കസ് മസ്ജിദിലാണ് മയ്യിത്ത് ആദ്യം കൊണ്ടുവന്നത്. ഇവിടെ നിരവധി പേര്‍ പങ്കെടുത്ത മയ്യിത്ത് നിസ്‌കാരത്തിന് കുറ്റിക്കാട്ടൂര്‍ അബ്ദുല്‍ ലത്തീഫ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് മര്‍കസ് മസ്ജിദുല്‍ ഹാമിലിയിലേക്ക് കൊണ്ടുപോയി. ഇവിടെ ജനാസ നിസ്‌കാരത്തിന് കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ നേതൃത്വം നല്‍കി. ശേഷം കണ്ണാടിക്കലിലെ വീട്ടിലെത്തിച്ചപ്പോള്‍ നൂറുകണക്കിന് പേര്‍ യാത്രാമൊഴിയേകാന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

മൂന്നരയോടെ വീട്ടില്‍ നിന്ന് മയ്യിത്ത് അദ്ദേഹം ജനറല്‍ സെക്രട്ടറിയായ കണ്ണാടിക്കല്‍ ജുമുഅ മസ്ജിദിലേക്ക് കൊണ്ടുപോയി. ഇവിടെ രണ്ട് ഘട്ടങ്ങളിലായി നടന്ന മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, ശറഫുദ്ദീന്‍ അഹ്‌സനി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ഖബറടക്കത്തിനായി പറമ്പില്‍ പള്ളി മസ്ജിദിലേക്ക്. അവിടെ ബശീര്‍ ഫൈസിയുടെ നേതൃത്വത്തില്‍ മയ്യിത്ത് നിസ്‌കാരം നടന്നു. അഞ്ച് മണിയോടെ ഖബറടക്ക ചടങ്ങുകള്‍ പൂര്‍ത്തിയായി.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആശുപത്രിയില്‍ എത്തി ജനാസ സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തി. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, മജീദ് കക്കാട്, വി എം കോയ മാസ്റ്റര്‍, കെ ആലിക്കുട്ടി ഫൈസി, മുഹമ്മദ് പറവൂര്‍, സ്വാദിഖ് വെളിമുക്ക്, സിറാജ് മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല, എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടികെ അബ്ദുല്‍ ഗഫൂര്‍, റസിഡന്റ് എഡിറ്റര്‍ പി എ ലത്തീഫ് ഫൈസി, കോഴിക്കോട് പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സെക്രട്ടറി എന്‍ രാജേഷ്, ജോയിന്റ് സെക്രട്ടറി കെ സി റിയാസ്, ട്രഷറര്‍ വിപുല്‍ നാഥ്, കെ പി കുഞ്ഞിമൂസ, ടി പി ചെറൂപ്പ, കുഞ്ഞബ്ദുല്ല കടമേരി തുടങ്ങിയവര്‍ ജനാസ സന്ദര്‍ശിച്ചു.

ശനിയാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് മടങ്ങവേ കോഴിക്കോട് നഗരത്തില്‍വെച്ച് ബൈക്കിടിച്ച് പരുക്കേറ്റ അദ്ദേഹം അര്‍ധരാത്രി 12.45ഓടെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. സിറാജ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കൗണ്‍സിലര്‍, എസ് എം എ സംസ്ഥാന സമിതി അംഗം, കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് സിറ്റി നോര്‍ത്ത് സോണ്‍ സെക്രട്ടറി, കണ്ണാടിക്കല്‍ മഹല്ല് കമ്മിറ്റി ജനറല്‍ സെക്രട്ടറി, കോഴിക്കോട് സ്റ്റേഡിയം പള്ളി സെക്രട്ടറി, കയ്യടിത്തോട് മഹല്ല് പ്രസിഡന്റ്, പന്നിയങ്കര മസ്ജിദ് റൗള സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.