കുടിവെള്ളമില്ല, കൊടും ചൂടും; ഛത്തിസ്ഗഢില്‍ സൈനികരുടെ സ്ഥിതി പരമ ദയനീയം

Posted on: April 30, 2017 8:39 pm | Last updated: May 1, 2017 at 12:16 pm

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ശക്തിപ്രദേശമായ ഛത്തിസ്ഗഢില്‍ സൈനികരുടെ ജീവിത സാഹചര്യം അതീവകഷ്ടം. സഹിക്കാനാകാത്ത ചൂടും ശുദ്ധജലത്തിന്റെ കുറവും മൂലം സൈനികരില്‍ പലരും രോഗികളായിക്കഴിഞ്ഞു. പോരാത്തതിന് മതിയായ മൊബൈല്‍ നെറ്റ് വര്‍ക്ക് കണക്റ്റിവിറ്റിയും ഇല്ല. 25 സൈനികരുടെ വീരമൃത്യവിന് ഇടയാക്കിയ മാവോയിസ്റ്റ് ഏറ്റുമുട്ടലിന് ശേഷം ഇവിടെ സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് ഈ ദയനീയസ്ഥിതി നേരിട്ട് കണ്ട് മനസ്സിലാക്കിയത്.

ബസ്താര്‍ മേഖലയിലെ സിആര്‍പിഎഫ് ക്യാമ്പുകളിലാണ് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയത്. ഇവിടെ സൈനികര്‍ക്ക് കുടിക്കാന്‍ ശുദ്ധജലം കിട്ടുന്നില്ല. കിട്ടുന്ന ജലം പല ഘട്ടങ്ങളിലായി ശുദ്ധീകരിച്ച് ഉപയോഗിക്കുകയാണ് അവര്‍ ചെയ്യുന്നത്. എന്നാല്‍ പട്രോളിംഗിന് പോകുന്ന സൈനികര്‍ക്ക് ഈ ശുദ്ധീകരിച്ച ജലം കിട്ടാക്കനിയാണ്. ഈ ഘട്ടത്തില്‍ തുറസ്സായ കേന്ദ്രങ്ങളില്‍ നിന്ന് ദാഹമകറ്റാന്‍ മലിനജലത്തെ ആശ്രയിക്കേണ്ടിവരികയാണെന്ന് സൈനികര്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഇത് പലരെയും രോഗത്തിന് അടിമകളാക്കിയതായും പരിശോധനയില്‍ വ്യക്തമായി.

കുടിവെള്ള ക്ഷാമത്തിന് പുറമെ കടുത്ത ചൂടാണ് മേഖലയില്‍ അനുഭവപ്പെടുന്നത്. 45 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇവിടെ ചൂട്. അതുകൊണ്ട് സുരക്ഷാ കമാന്‍ഡുകള്‍ ക്ഷീണിച്ചാണ് രാജ്യത്തിനായി പൊരുതുന്നത്. ഇതിന് പുറമെയാണ് മൊബൈല്‍ നെറ്റ് വര്‍ക്ക് ഇല്ലാത്തതിന്റെ കുഴപ്പം. ഇതുമൂലം സൈനികര്‍ക്ക് വീടുമായും കുടുംബങ്ങളുമായും ബന്ധപ്പെടാന്‍ കഴിയുന്നില്ല. സൈനികര്‍ക്ക് പരസ്പരമുള്ള ആശവിനിമയത്തിനും ഇത് തടസ്സമാകുന്നുണ്ട്.

അതേസമയം, സൈനികര്‍ക്ക് ഊര്‍ജം നല്‍കുന്നതിന് മാംസാഹാരങ്ങളും പോഷകാഹാരങ്ങളും ക്യാമ്പുകകളില്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ക്യാമ്പുകളില്‍ പശ്ചാത്തല സൗകര്യം കൂടുതല്‍ സുഗമാമാക്കണമെന്നാണ് മന്ത്രാലയത്തിന്റെ തീരുമാനമെന്ന് മുതിര്‍ന്ന സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.