കേരള ഭരണത്തില്‍ ഇടതുപക്ഷ നയങ്ങള്‍ ലംഘിക്കപ്പെടുന്നു: സത്യന്‍ മൊകേരി

Posted on: April 30, 2017 8:10 pm | Last updated: April 30, 2017 at 7:41 pm
സത്യന്‍ മൊകേരി വാര്‍ത്താ സമ്മേളനത്തില്‍

ദോഹ: കേരള ഭരണത്തില്‍ ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയങ്ങള്‍ പലതും ലംഘിക്കപ്പെടുകയാണെന്നും സി പി എം ദേശീയ തലത്തില്‍ അംഗീകരിച്ച നയങ്ങളുടെ ലംഘനം വരെ ഉണ്ടാകുന്ന ഘട്ടത്തിലാണ് തുറന്നു പറയേണ്ടി വരുന്നതെന്നും സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി അഭിപ്രായപ്പെട്ടു. സി പി എം പരസ്യപ്രസ്താവന നടത്തുന്നതു കൊണ്ടാണ് സി പി ഐയും പരസ്യമായി പ്രതികരിക്കുന്നത്. ദോഹയിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
മൂന്നാറില്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. അവരെ ആര് ചീത്ത പറഞ്ഞാലും അത് അംഗീകരിക്കാനാകില്ല. ഇക്കാര്യത്തില്‍ മന്ത്രി എം എം മണിയുടെ നിലപാട് ശരിയല്ല. വന്‍കിടക്കാരുടെത് ഉള്‍പ്പെടെ കയ്യേങ്ങള്‍ ഒഴിപ്പിക്കണമെന്നാണ് ഇടതുമുന്നണി നയം. മുഖ്യമന്ത്രിയും ഇതു വ്യക്തമാക്കിയിട്ടുണ്ട്. ആതിരപ്പള്ളി പദ്ധതിയെക്കുറിച്ച് എല്‍ ഡി എഫ് പ്രകടന പത്രികയില്‍ പറഞ്ഞിട്ടില്ല. അതുകൊണ്ട് സ്വതന്ത്ര നിലപാട് സ്വീകരിക്കാന്‍ സി പി ഐക്ക് അവകാശമുണ്ട്. പോലിസ് തോന്നിയ പോലെ പ്രവര്‍ത്തിക്കുന്ന സാഹചര്യമുണ്ട്. ഇത് നിയന്ത്രിക്കപ്പെടേണ്ടതാണ്.

സഖാവ് വര്‍ഗീസിന്റെ കാര്യത്തില്‍ അഫിഡവിറ്റ് നല്‍കിയതും ഇടതുപക്ഷ നിലപാടിന് എതിരാണ്. ഇത്തരം വ്യതിചലനങ്ങള്‍ മുന്നണിയുടെ പ്രതിച്ഛായയെയാണ് ബാധിക്കുന്നത്. അത് തിരുത്തണമെന്നാണ് സിപിഐ പറയുന്നത്.
മലപ്പുറത്തിന്റെ മനസ്സ് വര്‍ഗീയമാണെന്ന അഭിപ്രായം സി പി ഐക്കില്ല. എന്നാല്‍, അവിടെ ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയത ഉയര്‍ത്തിക്കൊണ്ട് വന്ന് മുതലെടുക്കാന്‍ ശ്രമിച്ച ശക്തികള്‍ക്കെതിരായ വിജയമാണ് എല്‍ ഡി എഫിനുണ്ടായ വോട്ട് വര്‍ധന. അവിടെ മുസ്‌ലിം കൂട്ടുകെട്ടുണ്ടാക്കാന്‍ ലീഗ് ശ്രമിച്ചുവെന്നത് വാസ്തവമാണ്. ദേശീയ തലത്തില്‍ ബി ജെ പിക്കെതിരെ ഇടതു പാര്‍ട്ടികളും മതേതര ജനാധിപത്യ കക്ഷികളും വിശാലാടിസ്ഥാനത്തില്‍ യോജിച്ചു നില്‍ക്കണം. പാര്‍ട്ടി ദേശീയ സമിതിയുടെ ഇക്കാര്യത്തിലുള്ള അഭിപ്രായം സി പി എമ്മുമായും ചര്‍ച്ച ചെയ്യുന്നുണ്ട്. സി പി ഐയേക്കാള്‍ കോണ്‍ഗ്രസുമായി യോജിച്ചു പ്രവര്‍ത്തിച്ചിട്ടുള്ളത് സി പി എമ്മാണെന്ന് ആരോപണങ്ങളോട് പ്രതികരിച്ചു കൊണ്ട് സത്യന്‍ മൊകേരി പറഞ്ഞു. യു പി എ സര്‍ക്കാറിന് പിന്തുണ നല്‍കിയത്, ഇന്ധിരാ ഗാന്ധി മന്ത്രിസഭയെ പിന്തുണച്ചത്, വെസ്റ്റ് ബംഗാളിലെ സഖ്യം തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

വാര്‍ത്താ സമ്മേളനത്തില്‍ യുവ കലാസാഹിതി ഭാരവാഹികളായ കെ ഇ ലാലു, ഇബ്രു ഇബ്‌റാഹിം, അനില്‍, ഷാനവാസ് എന്നിവരും സംബന്ധിച്ചു.