ഫ്രഞ്ച് ജനവിധിയുടെ പാഠം

ഫ്രാന്‍സില്‍ ഇപ്പോള്‍ സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകള്‍ പോലും മധ്യവലതുപക്ഷ സ്ഥാനാര്‍ഥിയെ പിന്തുണക്കുന്നു. ഈ ഗതികേട് ഫാസിസ്റ്റ് ഭയത്തിന്റെ ഉപോത്പന്നമാണ്. പക്ഷേ, പ്രത്യയശാസ്ത്ര ശാഠ്യങ്ങളെ പുറത്ത് നിര്‍ത്തിയ ഐക്യപ്പെടല്‍ അനിവാര്യമായിരുന്നു. യോഗി ആദിത്യനാഥിനെപ്പോലെ ഒരാളെ യു പി മുഖ്യമന്ത്രിയാക്കി ഹിന്ദുത്വത്തിന്റെ ഏറ്റവും അപകടകരമായ ആവിഷ്‌കാരങ്ങളിലേക്ക് സഞ്ചരിക്കുന്ന ബി ജെ പിയെ തടയാന്‍ ഇന്ത്യയില്‍ രൂപപ്പെടേണ്ട വിശാല സഖ്യത്തിന് ഇതിനേക്കാള്‍ നല്ല മാതൃകയുണ്ടോ?
Posted on: April 30, 2017 10:40 am | Last updated: April 30, 2017 at 10:40 am

ഫ്രാന്‍സില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മെയ് ഏഴിന് നടക്കാനിരിക്കുകയാണ്. യൂറോപ്പില്‍ ലിബറല്‍ ജനാധിപത്യ മൂല്യങ്ങളുടെ വിളനിലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്രാന്‍സിലെ ജനവിധി പ്രാതിനിധ്യ ജനാധിപത്യത്തിന് ലോകത്താകെ സംഭവിക്കുന്ന പരിണാമങ്ങളെയും പരിമിതികളെയും പ്രവണതകളെയും അടയാളപ്പെടുത്തുന്നുണ്ട്. ആ നിലക്ക് ഒന്നാം ഘട്ടത്തില്‍ ഫ്രഞ്ച് ജനത നടത്തിയ വിധിയെഴുത്ത് ജനാധിപത്യത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരെ ഒരേ സമയം ആവേശം കൊള്ളിക്കുന്നതും ആശങ്കയുണര്‍ത്തുന്നതുമാണ്. മധ്യവലതുപക്ഷ, മിതവാദ ബോധ്യങ്ങള്‍ വെച്ച് പുലര്‍ത്തുന്ന ഇമ്മാനുവേല്‍ മാക്രോണ്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി ഒന്നാമതെത്തിയെന്നതാണ് ആശ്വാസകരമായ കാര്യം. അദ്ദേഹത്തിന്റെ എന്‍ മാര്‍ഷെ (മുന്നോട്ട്) എന്ന കക്ഷി രൂപവത്കരിച്ചിട്ട് ഒരു വര്‍ഷമായിട്ടേയുള്ളൂ. ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് ചാടിയാണ് മാക്രോണ്‍, എന്‍ മാര്‍ഷെ രൂപവത്കരിച്ചത്. ഈ പുതുമുഖ പാര്‍ട്ടിയുടെ നേതാവിനെ ജനം സ്വീകരിച്ചിരിക്കുന്നത് തീവ്രവലതുപക്ഷ നേതാവും ധ്രുവീകരണ രാഷ്ട്രീയത്തില്‍ അഗ്രഗണ്യയുമായ മാരിനെ ലീപെന്നിനെ പിന്നിലാക്കിയാണ്. ലോകത്താകെ ഇന്ത്യയിലെ ആര്‍ എസ് എസ് മാതൃകയിലുള്ള അതിദേശീയതാ സംഘങ്ങള്‍ വെന്നിക്കൊടി പാറിക്കുമ്പോഴാണ് ഫ്രഞ്ച് ജനത ഈ തീരുമാനമെടുത്തിരിക്കുന്നത്. 23.7 ശതമാനം വോട്ടാണ് മാക്രോണ്‍ സ്വന്തമാക്കിയത്.
എന്നാല്‍ ഫ്രന്റ് നാഷനലെ (നാഷനല്‍ ഫ്രന്റ്) എന്ന തീവ്രവലതുപക്ഷ സംഘടനയുടെ തീപ്പൊരി നേതാവ് മാരിനെ ലീപെന്‍ രണ്ടാം റൗണ്ടില്‍ എത്തിയെന്നതാണ് ഈ ജനവിധിയിലെ അപകടം. 21. 53 ശതമാനം വോട്ടാണ് അവര്‍ നേടിയത്. അങ്ങനെ ആദ്യ ഘട്ടത്തില്‍ ആരും അമ്പത് ശതമാനത്തില്‍ കൂടുതല്‍ വോട്ട് നേടാത്തതിനാല്‍ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുന്ന തിരഞ്ഞെടുപ്പില്‍ ഫ്രഞ്ച് ജനത മാക്രോണിനെയോ ലി പെന്നിനെയോ തിരഞ്ഞെടുക്കേണ്ട സ്ഥിതിയിലെത്തി. ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെ ആരാധനാ ഭാവത്തോടെ പിന്തുണക്കുന്നയാളാണ് ഈ മാരിനെ ലീ പെന്‍. തീവ്ര ദേശീയത കത്തിച്ച് നിര്‍ത്തുക മാത്രമാണ് അവരുടെ തന്ത്രം. ഒരു ജനകീയ പ്രശ്‌നവും അവര്‍ ഉയര്‍ത്തുന്നില്ല. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ഫ്രാന്‍സ് പുറത്ത് കടക്കണമെന്ന് അവര്‍ ശക്തമായി വാദിക്കുന്നു. കുടിയേറ്റം പൂര്‍ണമായി അവസാനിക്കണം. മുസ്‌ലിംകളെ സുരക്ഷാ പ്രശ്‌നമായി കണ്ട് സദാ നിരീക്ഷണത്തില്‍ വെക്കണം. സൈനിക ചെലവ് കൂട്ടണം. രാഷ്ട്ര സുരക്ഷയാണ് എല്ലാത്തിനും മീതെ. എല്ലാ സ്വതന്ത്ര വ്യാപാര കരാറുകളും റദ്ദാക്കണം. അതിര്‍ത്തി അടയ്ക്കണം. ഇങ്ങനെ പോകുന്നു മാരിനെ ലീ പെന്നിന്റെ ആശയഗതികള്‍. ട്രംപിനെപ്പോലെ ഈ ആശയങ്ങള്‍ തുറന്ന് പറഞ്ഞാണ് അവര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അവരുടെ പിതാവ് ഴെന്‍മാരിനെ 2002ല്‍ സ്ഥാപിച്ച നാഷനല്‍ ഫ്രന്റ് പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ സ്വപ്‌നങ്ങളെ പൂവണിയിക്കാന്‍ ഇറങ്ങിത്തിരിച്ച മാരിനെ ലീ പെന്‍ കാട്ടിയ വഴിയേ ആണ് പ്രചാരണം നീങ്ങിയിരുന്നത്. അവര്‍ ബുര്‍ഖയെക്കുറിച്ച് പറയും. ചര്‍ച്ച മുഴുവന്‍ അതിന്റെ പിറകേ പോകും. അവര്‍ യൂറോപ്യന്‍ യൂനിയന്‍ വിടുന്നതിനെ കുറിച്ച് പറയും. മറ്റെല്ലാ സ്ഥാനാര്‍ഥികളും ഇക്കാര്യത്തില്‍ അവരുടെ അഭിപ്രായം പറയും. ഇതായിരുന്നു സ്ഥിതി. ട്രംപ്, പുടിന്‍, നെതന്യാഹു തുടങ്ങിയ പ്രമുഖരാണ് അവര്‍ക്കായി രംഗത്ത് വന്നത്.
യൂറോപ്പിലാകെ സജീവമാകുന്ന തീവ്രവലതുപക്ഷ തരംഗത്തിന്റെ ഫ്രഞ്ച് പതിപ്പാണ് മാരിനെ ലീ പെന്‍. അത്‌കൊണ്ട് അവര്‍ രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടിയെന്നത് ആപല്‍കരം തന്നെയാണ്. ബ്രിട്ടനിലെ ബ്രെക്‌സിറ്റ് വിജയം തീവ്രവലതുപക്ഷ മുന്നേറ്റത്തിന്റെ നിദര്‍ശനമായിരുന്നു. നെതര്‍ലാന്‍ഡ്‌സില്‍ പാര്‍ട്ടി ഫോര്‍ ഫ്രീഡം, ഡെന്‍മാര്‍ക്കില്‍ ഡാനിഷ് പീപ്പിള്‍സ് പാര്‍ട്ടി, ബെല്‍ജിയത്തില്‍ ഫഌമിഷ് ഇന്ററസ്റ്റ് പാര്‍ട്ടി, ആസ്ട്രിയയില്‍ ഫ്രീഡം പാര്‍ട്ടി ഓഫ് ആസ്ട്രിയ, ഇറ്റലിയില്‍ ദി നോര്‍തേണ്‍ ലീഗ് തുടങ്ങിയവക്കെല്ലാം പാര്‍ലിമെന്റില്‍ നിര്‍ണായക സ്ഥാനമുണ്ട്. എന്നാല്‍ ഈ പാര്‍ട്ടികളൊന്നും തത്കാലം അധികാരത്തിന്റെ ഉത്തുംഗത്തില്‍ എത്തിച്ചേര്‍ന്നിട്ടില്ല. പടിപടിയായി വളരുന്നുണ്ട് താനും. ഈ പാറ്റേണ്‍ കൃത്യമായി ഫ്രാന്‍സിലും സംഭവിക്കുന്നു. നാഷനല്‍ ഫ്രന്റ് അതിന്റെ വോട്ട് വിഹിതം കൂട്ടിക്കൂട്ടി വരികയാണ്. എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ ഫ്രഞ്ച് ജനത ആ പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു. ഇത്തവണയും ഇതു തന്നെ സംഭവിക്കുമെന്നാണ് മാക്രോണിന് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന പിന്തുണ വ്യക്തമാക്കുന്നത്.
മാറി മാറി അധികാരം കൈയാളിയ യഥാസ്ഥിതിക കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെയും ഇടതു ജനാധിപത്യ കക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടിയെയും ജനം പാഠം പഠിപ്പിച്ചുവെന്നതാണ് ഈ ജനവിധിയുടെ മറ്റൊരു സവിശേഷത. അഞ്ച് പതിറ്റാണ്ടിനിടെ ഈ കക്ഷികള്‍ ഇല്ലാത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇതാദ്യമാണ്. ഇപ്പോഴത്തെ ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ബെനോയിറ്റ് ഹാമ്മണ്‍ ആയിരുന്നു. അദ്ദേഹം നേടിയത് വെറും 6.3 ശതമാനം വോട്ട് മാത്രം. മോശമല്ലാത്ത പ്രതിച്ഛായയുള്ള ഹാമ്മണ്‍ മത്സരിച്ചിട്ടും പ്രസിഡന്റ് ഫ്രാന്‍ഷ്യസ് ഹോളണ്ടെയുടെ ഭരണപരാജയത്തിന്റെ ചുഴിയില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി മുങ്ങിപ്പോയി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഫ്രാന്‍സ്വ ഫിലണ്‍ 20.1 ശതമാനം വോട്ട് നേടി മൂന്നാമതെത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ വോട്ട് വിഹിതം വര്‍ധിപ്പിച്ചുവെന്നതും ശ്രദ്ധേയമാണ്. കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥി ഴാംഗ് മെലന്‍ഷണ്‍ 19 ശതമാനം വോട്ട് നേടി.
ഈ മൂന്ന് കക്ഷികളും റണ്‍ ഓഫ് മത്സരത്തില്‍ മാക്രോണിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. തീവ്രവലതുപക്ഷ കക്ഷിയെ നേരിടാനുള്ള മഹാസഖ്യമായി ഇതിനെ കാണാം. എന്നാല്‍ അങ്ങനെ എല്ലാവരും പിന്തുണച്ച് ആനയിക്കുന്ന മാക്രോണ്‍ 2014 മുതല്‍ 2016വരെ ഹോളണ്ടെ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നുവെന്ന് മറക്കരുത്. അന്നാണ് ഫ്രാന്‍സ് അതിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ തൊഴിലാളി പ്രക്ഷോഭങ്ങള്‍ കണ്ടത്. ഉദാരവത്കരണത്തിന്റെ അങ്ങേയറ്റമായിരുന്നു മാക്രോണിന്റെ സാമ്പത്തിക നയം. അത്‌കൊണ്ട് തന്നെ അത്രമേല്‍ ജനവിരുദ്ധവും. ആ ജനവിരുദ്ധതയുടെ പാപഭാരം പേറിയാണ് അദ്ദേഹം രാജിവെച്ചത്. പിന്നീട് നടത്തിയ വേഷപ്പകര്‍ച്ചയായിരുന്നു എന്‍ മാര്‍ഷേ പാര്‍ട്ടി. മാരിനെ ലീ പെന്നിന്റെ നേര്‍ വിപരീതം നിന്നു ഈ പാര്‍ട്ടി. ഫ്രക്‌സിറ്റ് അനുവദിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മാത്രമല്ല, വലതുപക്ഷത്തിന്റെ എല്ലാ സൂചകങ്ങളും അദ്ദേഹം എടുത്തണിഞ്ഞു. ഒടുവില്‍ ഭരണവിരുദ്ധ വികാരത്തിന്റെ വോട്ടും വലതുപക്ഷക്കാരുടെ വോട്ടും ഫാസിസ്റ്റ്‌വിരുദ്ധ വോട്ടും അദ്ദേഹത്തിന് ലഭിച്ചു.
ഇപ്പോള്‍ സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകള്‍ പോലും ഈ മധ്യവലതുപക്ഷക്കാരനെ പിന്തുണക്കുന്നു. ഈ ഗതികേട് ഫാസിസ്റ്റ് ഭയത്തിന്റെ ഉപോത്പന്നമാണ്. പക്ഷേ, പ്രത്യയശാസ്ത്ര ശാഠ്യങ്ങളെ പുറത്ത് നിര്‍ത്തിയ ഐക്യപ്പെടല്‍ അനിവാര്യമായിരുന്നു. യോഗി ആദിത്യനാഥിനെപ്പോലെ ഒരാളെ യു പി മുഖ്യമന്ത്രിയാക്കി ഹിന്ദുത്വത്തിന്റെ ഏറ്റവും അപകടകരമായ ആവിഷ്‌കാരങ്ങളിലേക്ക് സഞ്ചരിക്കുന്ന ബി ജെ പിയെ തടയാന്‍ ഇന്ത്യയില്‍ രൂപപ്പെടേണ്ട വിശാല സഖ്യത്തിന് ഇതിനേക്കാള്‍ നല്ല മാതൃകയുണ്ടോ? ഈ മഹാസഖ്യ പരീക്ഷണത്തെയും തീവ്രവലതുപക്ഷത്തിന്റെ അതിവൈകാരിക പ്രചാരണങ്ങള്‍ തകര്‍ത്തെറിയുമോ എന്ന ചോദ്യത്തിനാണ് ഫ്രഞ്ച് ജനത ഉത്തരമെഴുതാന്‍ പോകുന്നത്. ‘ഇത് ഫ്രാന്‍സ് വേണോ വേണ്ടയോ എന്ന ഹിതപരിശോധനയാണ്. ഇത് ആത്മാഭിമാനത്തിന്റെ ചോദ്യമാണ്. നിങ്ങള്‍ ഫ്രാന്‍സിനെ തിരഞ്ഞെടുക്കുക. മാക്രോണിനെ തോല്‍പ്പിക്കുക’ മാരിനെ ലി പെന്നിന്റെ പ്രസംഗങ്ങള്‍ ഈ ശൈലിയിലാണ് മുഴങ്ങുന്നത്.