പുനര്‍നിയമനം: വിധി നടപ്പാക്കാന്‍ വൈകുന്നതിനെതിരെ സെന്‍കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചു

>>നഷ്ടപ്പെട്ട കാലാവധി നീട്ടി നല്‍കണമെന്നും ആവശ്യം >>സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയ കര്‍ണാടകയിലെ ചീഫ് സെക്രട്ടറിക്ക് ഒരു മാസത്തെ തടവ് ശിക്ഷ വിധിച്ച കാര്യവും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു
Posted on: April 29, 2017 12:25 pm | Last updated: April 29, 2017 at 5:07 pm

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിയമിക്കണമെന്ന വിധി നടപ്പാക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ ടി പി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹരജി സമര്‍പ്പിച്ചു. നളിനി നെറ്റോയെ എതിര്‍കക്ഷിയാക്കിയാണ് ഹരജി സമര്‍പ്പിച്ചത്. ചീഫ് സെക്രട്ടറി നളിനി നെറ്റൊഇടപെട്ടാണ് തന്നെ ഡി ജി പി സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് സെന്‍കുമാര്‍ ഹരജിയില്‍ ആരോപിച്ചു. പുനര്‍നിയമനം വൈകിപ്പിക്കാന്‍ അവര്‍ ശ്രമിക്കുമെന്നും നഷ്ടപ്പെട്ട കാലാവധി നീട്ടി നില്‍കണമെന്നും ഹരജിയില്‍ പറയുന്നു. സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയ കര്‍ണാടകയിലെ ചീഫ് സെക്രട്ടറിക്ക് ഒരു മാസത്തെ തടവ് ശിക്ഷ വിധിച്ച കാര്യം സെന്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡി ജി പിയായി പുനര്‍നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാറില്‍ ആശയക്കുഴപ്പം നിലനില്‍ക്കെയാണ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.
ഇടത് സര്‍ക്കാര്‍ അധികാരത്തിലേറി ദിവസങ്ങള്‍ക്കുള്ളില്‍ 2016 ജൂണ്‍ ഒന്നിനാണ് സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. അതേ ഉത്തരവില്‍ തന്നെയാണ് ലോക്‌നാഥ് ബെഹ്‌റയെ പോലീസ് മേധാവിയായും ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായും നിയമിച്ചത്. എന്‍ ശങ്കര്‍ റെഡ്ഢിയെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയതും അതേ ഉത്തരവിലായിരുന്നു. ഈ ഉത്തരവ് റദ്ദാക്കിയാല്‍ മറ്റ് മൂന്ന് പേരുടെ നിയമനകാര്യത്തില്‍ നിയമപരമായി എന്തെങ്കിലും വീഴ്ചയുണ്ടാകുമോ എന്ന സംശയമാണ് സര്‍ക്കാറില്‍ നിന്ന് ഉയര്‍ന്നത്.
സെന്‍കുമാറിന് നിയമനം നല്‍കാതെ മറ്റ് വഴികളില്ലെന്ന് നിയമ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.